Kerala
Welfare pension,blind, kerala
Kerala

ക്ഷേമപെൻഷൻ മുടങ്ങി: പ്രതിസന്ധിയിലായി കാഴ്ച പരിമിതർ

Web Desk
|
14 Feb 2024 2:41 AM GMT

പണം കിട്ടാതായതോടെ മരുന്നിനും ആഹാരത്തിനും പോലും വകയില്ലാതെ കഷ്ടപ്പെടുകയാണ് ഈ ജീവനുകൾ

തിരുവനന്തപുരം: ക്ഷേമപെൻഷൻ മുടങ്ങിയതോടെ പ്രതിസന്ധിയിലായി കാഴ്ച പരിമിതരായ മനുഷ്യർ. ആറ് മാസത്തെ കുടിശികയാണ് പെൻഷൻ ഇനത്തിൽ ഇവർക്ക് ലഭിക്കാനുള്ളത്. പണം കിട്ടാതായതോടെ മരുന്നിനും ആഹാരത്തിനും പോലും വകയില്ലാതെ കഷ്ടപ്പെടുകയാണ് ഈ ജീവനുകൾ.

പരിചരിക്കാൻ ആരോരുമില്ലാത്തവർ, മരുന്നിന് കാശില്ലാത്തവർ, പണമില്ലാത്തതിനാൽ പഠനം വഴിമുട്ടിയവർ.അങ്ങനെ ദുരിതം മാത്രം പേറി നടക്കുന്ന ഒരുപാടധികം മനുഷ്യർ.ഇവരുടെയൊക്കെയും ആകെയുള്ള പ്രതീക്ഷ മാസാമാസം കിട്ടിവന്ന 1600 രൂപ ക്ഷേമ പെൻഷൻ ആയിരുന്നു. പക്ഷേ ആ വരവ് നിന്നിട്ട് ഈ ഫെബ്രുവരിയിൽ ആറുമാസം ആകുന്നു.

കേന്ദ്ര ഭിന്നശേഷി അവകാശ നിയമത്തിൽ സാധാരണ പെൻഷനേക്കാൾ 25% എങ്കിലും വർദ്ധനവ് ഭിന്നശേഷിക്കാർക്ക് നൽകണമെന്ന് നിർദ്ദേശിച്ചിരിക്കുന്നു. ഇത്തവണത്തെ ബജറ്റിലെങ്കിലും തുക കൂട്ടുമെന്ന് പ്രതീക്ഷിച്ചു. പക്ഷെ അതുണ്ടായില്ല..

എല്ലാ വഴികളും അടഞ്ഞതോടെ അവശതയിലും തെരുവിലിറങ്ങാൻ ഈ മനുഷ്യർ നിർബന്ധിതരായി. ഇന്ന് നിയമസഭയിലേക്ക് നടത്തിയ മാർച്ച് ഒരു സൂചന മാത്രമെന്ന് ഇവർ പറയുന്നു. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ശക്തമായ തുടർ സമരം സംഘടിപ്പിക്കാനാണ് കേരള ഫെഡറേഷൻ ഓഫ് ദ ബ്ലൈൻഡിൻ്റെ തീരുമാനം.

Related Tags :
Similar Posts