ഞങ്ങള്‍ വിവാഹിതരായിട്ടില്ല, അതു ഫോട്ടോഷൂട്ട്; വിശദീകരണവുമായി ആദിലയും നൂറയും
|ഫോട്ടോഷൂട്ടിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്
കൊച്ചി: തങ്ങളുടെ വിവാഹവുമായി ബന്ധപ്പെട്ട് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന ചിത്രങ്ങളില്‍ വിശദീകരണവുമായി ആദില നസ്‍റിനും ഫാത്തിമ നൂറയും. വിവാഹിതരായിട്ടില്ലെന്നും അതും വെറുമൊരു ഫോട്ടോഷൂട്ട് മാത്രമായിരുന്നെന്നും ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ അറിയിച്ചു.
ഫോട്ടോഷൂട്ടിന്‍റെ ചിത്രങ്ങള്‍ ഇരുവരും ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നു. 'എന്നെന്നേക്കുമായുള്ള നേട്ടം സ്വന്തമാക്കി' എന്ന അടിക്കുറിപ്പോടെയാണ് മനോഹരമായ ചിത്രങ്ങൾ ഇവർ പങ്കുവെച്ചത്. പരസ്പരം വിവാഹമാലയണിഞ്ഞും മോതിരം കൈമാറിയും കേക്ക് മുറിച്ചുമുള്ള ചിത്രങ്ങൾ കണ്ടതോടെ ഇവര്‍ വിവാഹിതരായി എന്നു തെറ്റിദ്ധരിച്ച് നിരവധി പേരാണ് ആശംസകളുമായി എത്തിയത്.
സ്വവര്‍ഗാനുരാഗികളായ പെണ്‍കുട്ടികള്‍ക്ക് ഒന്നിച്ചു ജീവിക്കാന്‍ കഴിഞ്ഞ മെയില്‍ ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. ആലുവ സ്വദേശിനിയാണ് ആദില. കോഴിക്കോട് താമരശ്ശേരിക്കാരിയാണ് നൂറ. ആദിലയുടെ ആലുവയിലെ വീട്ടിൽ നിന്ന് നൂറയെ ബന്ധുക്കൾ ബലമായി പിടിച്ചുകൊണ്ടുപോയിരുന്നു. ഇതിനെതിരെ ആദില ഹേബിയസ് കോർപസ് ഹരജി നൽകിയതോടെ നൂറയെ ഹാജരാക്കാൻ ഹൈകോടതി ഉത്തരവിട്ടു.
വീട്ടുകാർ തടഞ്ഞുവെച്ചിരിക്കുന്ന പങ്കാളിയെ മോചിപ്പിച്ച് ഒന്നിച്ച് ജീവിക്കാൻ അനുവദിക്കണമെന്നും ആദില നസ്റിൻ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. തനിക്കൊപ്പം താമസിക്കാൻ താൽപര്യപ്പെട്ട് വീടുവിട്ടിറങ്ങിയ പങ്കാളിയെ വീട്ടുകാർ തടവിൽ വെച്ചിരിക്കുകയാണെന്നായിരുന്നു ആദിലയുടെ പരാതി.
സൗദി അറേബ്യയിലെ സ്കൂൾ പഠനത്തിനിടെയാണ് ആലുവ സ്വദേശിയായ ആദില നൂറയുമായി പ്രണയത്തിലാകുന്നത്. ഇരുവരുടെയും പ്രണയം വീട്ടുകാര്‍ അറിഞ്ഞതോടെ എതിര്‍പ്പായി. തുടര്‍ന്ന് കേരളത്തില്‍ എത്തിയതിന് ശേഷവും പ്രണയം തുടര്‍ന്നു. പിന്നീട് ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിച്ച ഇരുവരും കോഴിക്കോട് ഒരു സംരക്ഷണ കേന്ദ്രത്തിൽ താമസിക്കുകയായിരുന്നു.