Kerala
jaik c thomas
Kerala

ജെയ്കിന് ലീഡ് ഒറ്റ ബൂത്തിൽ മാത്രം, മണർകാട് പോലും അടി പതറി- എൽഡിഎഫിന് സംഭവിച്ചത്

Web Desk
|
8 Sep 2023 9:42 AM GMT

വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിൽ പോലും എൽഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന്റെ അടുത്തെത്തിയില്ല

'ഇത്ര വലിയൊരു പരാജയം ഉണ്ടാകേണ്ടിയിരുന്നില്ല എന്നാണെന്റെ അഭിപ്രായം. തെരഞ്ഞെടുപ്പ് സമയത്തോ വോട്ടിങ്ങിന് ശേഷമോ അമിതമായ ഒരു കാര്യവും ഞങ്ങൾ പറഞ്ഞിട്ടില്ല. രാഷ്ട്രീയമായി തെരഞ്ഞെടുപ്പിനെ നേരിടും എന്നാണ് ഞങ്ങൾ പറഞ്ഞത്. മറുഭാഗത്ത് വൈകാരികതയും സഹതാപവുമായിരുന്നു'- പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷം വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞ വാക്കുകളാണിത്. ഈ വാക്കിലുണ്ട് സിപിഎം പുതുപ്പള്ളിയിൽ അനുഭവിച്ച ആഘാതത്തിന്റെ ആഴം. പരാജയം സർക്കാറിനുള്ള താക്കീതായി കാണുന്നില്ല എന്ന് സിപിഎം ആവർത്തിക്കുമ്പോഴും ഭരണവിരുദ്ധവികാരം ഒരു യാഥാർത്ഥ്യമായി ഭരണകക്ഷിയെ വേട്ടയാടുമെന്ന് തീർച്ച.

പുതുപ്പള്ളിയിലെ 182 ബൂത്തിൽ ഒരിടത്ത് മാത്രമാണ് (ബൂത്ത് 153) എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസിന് മേൽക്കൈ നേടാനായത്. മീനടം പഞ്ചായത്തിലെ പുതുവയലിൽ 15 വോട്ടുകളുടെ ലീഡാണ് ജെയ്കിന് കിട്ടിയത്. ഇവിടെ ജെയ്കിന് 340 വോട്ടു കിട്ടിയപ്പോൾ ചാണ്ടി ഉമ്മന് 325 വോട്ടാണ് ലഭിച്ചത്. മറ്റിടത്തെല്ലാം യുഡിഎഫ് സ്ഥാനാർത്ഥി വ്യക്തമായ മേധാവിത്വം നിലനിർത്തി. സ്വന്തം തട്ടകമായ മണർകാട് പോലും കൂടെ നിർത്താൻ ജയ്കിനായില്ല. ഉമ്മൻചാണ്ടി മത്സരിച്ചപ്പോൾ 1213 വോട്ടിന്റെ ലീഡാണ് ജെയ്കിനുണ്ടായിരുന്നത്. യാക്കോബായ സഭയ്ക്ക് നിർണായക സ്വാധീനമുള്ള മേഖല ഇടതിനെ കൈവിട്ടു എന്ന് തെളിയിക്കുന്നതാണ് ജനവിധി.

വോട്ടെണ്ണിയ ആദ്യ പഞ്ചായത്തായ അയർകുന്നത്ത് ലഭിച്ച മേധാവിത്വം ഫലത്തിന്റെ സൂചനയായിരുന്നു. ഇവിടെ അയ്യായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം യുഡിഎഫിന് ലഭിച്ചതോടെ ഇടതു കേന്ദ്രങ്ങളുടെ പ്രതീക്ഷ മങ്ങുകയും യുഡിഎഫ് പ്രവർത്തകർ ആഹ്ലാദാരവങ്ങളുമായി തെരുവിലിറങ്ങുകയും ചെയ്തു. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിൽ പോലും എൽഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന്റെ അടുത്തെത്തിയില്ല എന്നത് കോൺഗ്രസിന്റെ ആത്മവിശ്വാസം വാനോളം ഉയർത്തി.

പുതുപ്പള്ളിയിൽ 37719 വോട്ടിന്റെ റെക്കോഡ് ഭൂരിപക്ഷത്തിനാണ് ചാണ്ടി ഉമ്മന്റെ ജയം. 2011ൽ ഉമ്മൻ ചാണ്ടി നേടിയ 33225 വോട്ടിന്റെ ഭൂരിപക്ഷമാണ് മകൻ മറികടന്നത്. ചാണ്ടി ഉമ്മന് ആകെ ലഭിച്ചത് 80,144 വോട്ടാണ്. എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസിന് 42425 വോട്ടും ബിജെപി സ്ഥാനാർത്ഥി ലിജിൻ ലാലിന് 6558 വോട്ടും ലഭിച്ചു. മണ്ഡലത്തിൽ ജെയ്കിന്റേത് ഹാട്രിക് തോൽവിയാണ്.

Similar Posts