'നടന്നത് വെറും അപകടം'; ഡി.വൈ.എഫ്.ഐക്കാർ തന്നെ ആക്രമിച്ചിട്ടില്ലെന്ന് എസ്. എഫ് .ഐ നേതാവ് ചിന്നു
|ഡി.വൈ.എഫ്.ഐ ബ്ലോക്ക് ജോ.സെക്രട്ടറി അമ്പാടി ഉണ്ണിയെ പുറത്താക്കിയത് വ്യക്തമായ വിവരത്തിന്റെ അടിസ്ഥാനത്തിലെന്ന് നേതൃത്വം വ്യക്തമാക്കി
ആലപ്പുഴ: ഹരിപ്പാട്ട് എസ്.എഫ്. ഐ വനിതാ നേതാവിനെതിരെയുള്ള അക്രമം നിഷേധിച്ച് അക്രമത്തിനിരയായ ചിന്നു. ഇന്നലെ നടന്നത് ഒരു അപകടം മാത്രമെന്ന് ഫേസ് ബുക്ക് പോസ്റ്റിലൂടെ ചിന്നു പറഞ്ഞു. ഇതിന്റെ പേരില്‍ എസ്എഫ്ഐയേയും ഡിവഐഎഫ്ഐയേയും ബോധപൂര്‍വം വലിച്ചിഴക്കുകയാണെന്നും ചിലരുടെ വ്യക്തി താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടിയാണ് ഇത്തരം പ്രചാരണങ്ങളെന്നും ചിന്നു കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് പോസ്റ്റിനെക്കുറിച്ച് പ്രതികരിക്കാതെ ഡിവഐഎഫ് ജില്ലാ നേതൃത്വം. ഡിവൈഎഫ്ഐ ബ്ലോക്ക് ജോ.സെക്രട്ടറി അമ്പാടി ഉണ്ണിയെ പുറത്താക്കിയത് വ്യക്തമായ വിവരത്തിന്റെ അടിസ്ഥാനത്തിലെന്ന് നേതൃത്വം വ്യക്തമാക്കി. അമ്പാടി അക്രമം നടത്തിയതിനെകുറിച്ചുള്ള തെളിവുകളും മൊഴികളും ശേഖരിച്ചിട്ടുണ്ടെന്നും അമ്പാടിക്കെതിരെയുള്ള പാര്‍ട്ടി കമീഷൻ നടപടികളുമായി മുന്നോട്ട് പോകുമെന്നും അറിയിച്ചു.
എന്നാൽ ചിന്നുവിനെ അമ്പാടി ഉണ്ണി ആക്രമിച്ചുവെന്നും അപസ്മാരം വന്നതിന് ശേഷവും ആക്രമണം തുടർന്നെന്നും സംഭവ സമയത്ത് കൂടെയുണ്ടായിരുന്ന സുഹ്യത്തുക്കള്‍ പറഞ്ഞിരുന്നു. പൊലീസ് മൊഴിയെടുക്കാനായി ആശുപത്രിയിൽ എത്തിയപ്പോള്‍ പരാതി ഇല്ലെന്നായിരുന്നു ചിന്നു പറഞ്ഞത്.
യുവതി പരാതി പിൻവലിച്ചതിന് പിന്നാലെ ആരോപണം വ്യാജമെന്ന് ചൂണ്ടിക്കാട്ടി ഡിവൈഎഫ്ഐ ഹരിപ്പാട് ബ്ലോക്ക് കമ്മിറ്റി രംഗത്തെത്തി. വനിതാ നേതാവിനെ മർദിച്ചതിൽ പരാതി ഇല്ലാത്തത്തിനാൽ ഡി.വൈ.എഫ്.ഐ നേതാവ് അമ്പാടി ഉണ്ണിയ്ക്കെതിരെ പോലീസ് കേസെടുത്തിരുന്നില്ല.
കേരള സർവകലാശാല യൂണിയൻ ഭാരവാഹി കൂടിയായ യുവതി ആദ്യം ഡിവൈഎഫ്ഐ ബ്ലോക്ക് ഭാരവാഹിയും ബ്രാഞ്ച് സെക്രട്ടറിയുമായ അമ്പാടി ഉണ്ണിക്കെതിരെ പരാതി നൽകിയിരുന്നു. എന്നാൽ പാർട്ടി സമ്മർദത്തെ തുടർന്ന് പരാതി പിൻവലിക്കുകയായിരുന്നു.
പരാതിയില്ലാത്തതിനാൽ കേസെടുക്കാൻ സാധിക്കില്ലെന്ന് പോലീസും അറിയിച്ചു. ഇതിന് പിന്നാലെയാണ് ഇന്ന് രാവിലെ ചേർന്ന് ഡിവൈഎഫ്ഐ ഹരിപ്പാട് ബ്ലോക്ക് കമ്മിറ്റി യോഗത്തിൽ പെൺകുട്ടിക്കെതിരെ രൂക്ഷ വിമർശനം ഉയർന്നത്. ആദ്യം പ്രശ്നമുണ്ടാക്കിയത് പെൺകുട്ടിയാണെന്നും,ഒരാൾക്കെതിരെ മാത്രമല്ല പെൺകുട്ടിക്കെതിരെ നടപടി വേണമെന്നും ബ്ലോക്ക് കമ്മിറ്റിയിലെ ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെട്ടു.