"മരുമോനെ മന്ത്രിയാക്കിയതും കേരളം കണ്ടതാണ്, പിന്നെ എന്താണ് കുടുംബരാഷ്ട്രീയം?": ഷിബു ബേബി ജോൺ
|പുതുപ്പള്ളിയിൽ സ്ഥാനാർഥി ആരെന്ന വിഷയം ഇപ്പോഴേ എടുത്തിടേണ്ടതില്ലെന്നും ഷിബു ബേബി ജോൺ പറഞ്ഞു
ആസന്നമായ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിൽ നിന്നാകുമെന്ന കോൺഗ്രസിന്റെ പ്രസ്താവനക്ക് പിന്നാലെ കുടുംബാരാഷ്ട്രീയമെന്ന വിമർശനം ഉയർന്നിരുന്നു. ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ. മരുമകനെ മന്ത്രിയാക്കിയാൽ അത് കുടുംബരാഷ്ട്രീയമല്ലേയെന്ന് ഷിബു ബേബി ജോൺ ചോദിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ മരുമകനും പൊതുമരാമത്ത് മന്ത്രിയുമായ മുഹമ്മദ് റിയാസിനെയും ലക്ഷ്യമിട്ടായിരുന്നു ബേബി ജോണിന്റെ ചോദ്യം.
"എത്രയോ സീനിയേഴ്സ് ഉണ്ടായിരുന്നു. അവരെയെല്ലാം അവഗണിച്ചുകൊണ്ട് മരുമകനെ മന്ത്രിയാക്കിയതും കേരളം കണ്ടതാണ്. പിന്നെ എന്ത് കുടുംബരാഷ്ട്രീയമാണ്? പുതുപ്പള്ളിയിൽ സ്ഥാനാർഥി ആരെന്ന വിഷയം ഇപ്പോഴേ എടുത്തിടേണ്ടതില്ലെന്നും ഷിബു ബേബി ജോൺ പറഞ്ഞു. സ്ഥാനാർത്ഥിയുടെ പേര് വലിച്ചിഴക്കുന്നത് ഉമ്മന്‍ചാണ്ടിയോടുള്ള സ്നേഹം കൊണ്ടല്ല, മറ്റ് താത്പര്യങ്ങള്‍ മാത്രമാണെന്ന് അനുമാനിക്കേണ്ടി വരുമെന്നും ഷിബു ബേബി ജോണ്‍ മീഡിയവണിനോട് പറഞ്ഞു.
മക്കള്‍ തമ്മിലുള്ള പേര് എടുത്തിടുന്നത് നല്ല പ്രവർത്തനമല്ല. സ്ഥാനാർത്ഥിയെ തീരുമാനിക്കേണ്ടത് കോണ്‍ഗ്രസാണെന്നും ഷിബു ബേബി ജോൺ പറഞ്ഞു. അഭിപ്രായ വ്യത്യാസം കൊണ്ട് വരാനുള്ള ശ്രമം നിർഭാഗ്യകരമാണ്. കോണ്‍ഗ്രസ് തീരുമാനിക്കുന്ന സ്ഥാനാർത്ഥിയെ ആർഎസ് പി അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.