''ഇന്ന് ഇങ്ങനെ, അന്ന് അങ്ങനെ; ഇത് എന്തുതരം സിൻഡ്രോം!?'' കോടിയേരിക്ക് മറുപടിയുമായി വിടി ബൽറാം
|കേരളത്തിൽ കോൺഗ്രസിനെ നയിക്കുന്നവരിൽ ന്യൂനപക്ഷത്തുനിന്നുള്ള ആരുമില്ലെന്ന കോടിയേരിയുടെ വിമർശനത്തോടാണ് വിടി ബൽറാമിന്റെ പ്രതികരണം
കേരളത്തിൽ കോൺഗ്രസിനെ നയിക്കുന്നവരിൽ ന്യൂനപക്ഷത്തുനിന്നുള്ള ആരുമില്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വിമർശനത്തിനു മറുപടിയുമായി വിടി ബൽറാം. കഴിഞ്ഞ തെരഞ്ഞെടുപ്പിന്റെ സമയത്ത് യുഡിഎഫ് നേതൃത്വം എംഎം ഹസൻ-കുഞ്ഞാലിക്കുട്ടി-അമീർ എന്നിവർക്ക് കൈമാറിയെന്നുള്ള കോടിയേരിയുടെ പ്രസ്താവന ചൂണ്ടിക്കാട്ടിയാണ് ബൽറാമിന്റെ വിമർശനം.
ഇന്ന് ഇങ്ങനെ പറയുന്നത് കോടിയേരി ബാലകൃഷ്ണൻ. അന്ന് അങ്ങനെ പറഞ്ഞതും കോടിയേരി ബാലകൃഷ്ണൻ. ഇത് എന്തുതരം സിൻഡ്രോം ആണോ ആവോ!-ഫേസ്ബുക്ക് കുറിപ്പിൽ ബൽറാം കുറ്റപ്പെടുത്തി.
ഇന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലെ സമാപനച്ചടങ്ങിൽ സംസാരിക്കവെയാണ് കോൺഗ്രസിനെതിരെ കോടിയേരി പുതിയ വിമർശനമുയർത്തിയത്. കെപിസിസി പ്രസിഡന്റ്, പ്രതിപക്ഷ നേതാവ് എന്നിവർ ന്യൂനപക്ഷ പ്രതിനിധികളല്ല. രാജ്യം ഹിന്ദുക്കൾ ഭരിക്കണമെന്ന രാഹുൽ ഗാന്ധിയുടെ നിലപാടാണോ ഇതിന് കാരണം? ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായപ്പോൾ മുല്ലപ്പള്ളി രാമചന്ദ്രനായിരുന്നു കെപിസിസി പ്രസിഡന്റെന്നും കോടിയേരി ചൂണ്ടിക്കാട്ടി.