Kerala
മുല്ലപ്പെരിയാര്‍: മേല്‍നോട്ട സമിതിയില്‍ കേരളം ഇനി എന്തു നീക്കം നടത്തും?
Kerala

മുല്ലപ്പെരിയാര്‍: മേല്‍നോട്ട സമിതിയില്‍ കേരളം ഇനി എന്തു നീക്കം നടത്തും?

Web Desk
|
15 Dec 2021 1:32 PM GMT

കാര്യമായൊന്നും ചെയ്യുന്നില്ലെന്ന് കുറ്റപ്പെടുത്തിയ സമിതിക്ക് മുന്നില്‍ ആവശ്യങ്ങള്‍ വീണ്ടും ആവര്‍ത്തിക്കേണ്ട അവസ്ഥയിലാണ് കേരളം എത്തിയിരിക്കുന്നത്.

മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്ന് ജലം തുറന്നു വിടുന്ന കാര്യത്തില്‍ കേരളത്തിന് ഇനി കാര്യമായ പ്രതീക്ഷകളില്ല. മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിയെ തള്ളി കേരളം നടത്തിയ നീക്കത്തിന് കൂടിയാണ് സുപ്രീംകോടതിയില്‍ തിരിച്ചടി നേരിട്ടത്. കാര്യമായൊന്നും ചെയ്യുന്നില്ലെന്ന് കുറ്റപ്പെടുത്തിയ സമിതിക്ക് മുന്നില്‍ ഇതേ ആവശ്യങ്ങള്‍ വീണ്ടും ആവര്‍ത്തിക്കേണ്ട അവസ്ഥയിലാണ് കേരളം എത്തിയിരിക്കുന്നത്.

കേന്ദ്ര ജലകമ്മീഷന്‍ അംഗം ചെയര്‍മാനായ മൂന്നംഗ മേല്‍നോട്ട സമിതിയില്‍ കേരളത്തിനും തമിഴ്നാടിനും ഓരോ അംഗങ്ങളുണ്ട്. അഡീഷണല്‍ ചീഫ് സെക്രട്ടറി ടി കെ ജോസ് കേരളത്തെ പ്രതിനിധീകരിക്കുന്നു. ഈ സമിതിയുടെ തീരുമാനങ്ങളില്‍ വിയോജന കുറിപ്പ് എഴുതിയാണ് കേരളം സുപ്രീംകോടതിയിലേക്ക് നീങ്ങിയത്. അതിനിടെയാണ് വേണ്ടത്ര മുന്നറിയിപ്പില്ലാതെ രാത്രി കാലങ്ങളിലും തമിഴ്നാട് ജലം തുറന്നുവിട്ടത്. ഇത് ചൂണ്ടിക്കാട്ടി മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിക്ക് സുപ്രീംകോടതിയെ കൊണ്ട് നിര്‍ദേശം നല്‍കിപ്പിക്കാനായിരുന്നു സര്‍ക്കാര്‍ നീക്കം. ഇതാണ് ഇന്ന് കോടതിയില്‍ വിജയിക്കാതെ പോയത്.

കേരളത്തിന്‍റെ താല്‍പര്യങ്ങള്‍ക്കെതിരായ നിലപാട് കേന്ദ്ര ജലകമ്മീഷന്‍ സ്വീകരിക്കുന്നുവെന്ന പരാതി നേരത്തെ തന്നെ കേരളത്തിനുണ്ട്. റൂള്‍ കര്‍വ് നിശ്ചയിക്കുന്നതിലും കേരളത്തിന്‍റെ ആവശ്യം വേണ്ട രീതിയില്‍ അംഗീകരിക്കപ്പെട്ടിരുന്നില്ല. അണക്കെട്ടിന്‍റെ ദൈനംദിന കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ കോടതിക്ക് കഴിയില്ലെന്ന പരാമര്‍ശത്തോടെ ഇനി മുഴുവന്‍ തീരുമാനങ്ങളും മേല്‍നോട്ട സമിതിയില്‍ നിഷിപ്തമാവും. സമിതിയിലെ കേരളത്തിന്‍റെ അംഗത്തിനെതിരെ കൂടി കോടതി പരോക്ഷമായി കുറ്റപ്പെടുത്തുന്നുണ്ട്. സംസ്ഥാനത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥനെതിരെയുള്ള കുറ്റപ്പെടുത്തല്‍ സര്‍ക്കാരിന് തിരിച്ചടിയായി.

തുടര്‍ച്ചയായി അപേക്ഷകളുമായി വരുന്നതിലെ അതൃപ്തി സുപ്രീംകോടതി പ്രകടിപ്പിച്ചതോടെ മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിയില്‍ ഇനി നടത്തുന്ന നീക്കം കേരളത്തിന് ഏറെ നിര്‍ണായകമാവും. കൃത്യമായ റൂള്‍ കര്‍വ് പാലിച്ചുവെന്ന തമിഴ്നാടിന്‍റെ വാദത്തിന് മേല്‍നോട്ട സമിതിയില്‍ മുന്‍തൂക്കം ലഭിക്കാനാണ് സാധ്യത. സുപ്രീംകോടതിയിലെ തിരിച്ചടി പ്രതിപക്ഷവും ആയുധമാക്കും.

Related Tags :
Similar Posts