കെ. ഗോപാലകൃഷ്ണൻ ഐഎസിന്‍റെ വാട്സ്ആപ്പ് ഗ്രൂപ്പുകൾ; വ്യവസായ മന്ത്രി വിശദീകരണം തേടും
|ഹിന്ദു ഐഎഎസ് ഓഫീസേഴ്സ് വാട്സ്ആപ്പ് ഗ്രൂപ്പിന് പിന്നാലെ മുസ്‍ലിം ഓഫീസേഴ്സ് ഗ്രൂപ്പും ആരംഭിച്ചെന്ന സ്ക്രീൻ ഷോട്ടുകളും പുറത്തുവന്നിരുന്നു
തിരുവനന്തപുരം: വ്യവസായ ഡയറക്ടർ കെ. ഗോപാലകൃഷ്ണന്‍റെ പേരിൽ തുടങ്ങിയ വാട്സ് ആപ്പ് ഗ്രൂപ്പുകൾ വിവാദമായ പശ്ചാത്തലത്തിൽ വ്യവസായ മന്ത്രി വിശദീകരണം തേടും. ഹിന്ദു ഐഎഎസ് ഓഫീസേഴ്സ് വാട്സ്ആപ്പ് ഗ്രൂപ്പിന് പിന്നാലെ മുസ്‍ലിം ഓഫീസേഴ്സ് ഗ്രൂപ്പും ആരംഭിച്ചെന്ന സ്ക്രീൻ ഷോട്ടുകളും പുറത്തുവന്നിരുന്നു. ഫോൺ ഹാക്ക് ചെയ്തതാണെന്നും പൊലീസിൽ പരാതി നൽകിയെന്നും ഗോപാലകൃഷ്ണൻ അറിയിച്ചു. 11 ഗ്രൂപ്പുകൾ തന്‍റെ പേരിൽ തുടങ്ങിയതായും അദ്ദേഹം മീഡിയവണിനോട് പറഞ്ഞു.
ഹിന്ദു ഉദ്യോഗസ്ഥരെ ചേർത്ത് വാട്‌സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ച വിവരം പുറത്തായതിന് ഏതാനും മണിക്കൂറുകൾക്കു പിന്നാലെയാണ് പുതിയ പരാതി. മലയാളികളായ ഹിന്ദു ഐഎഎസ് ഉദ്യോഗസ്ഥരുടെ പേരിൽ വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചത് വലിയ വിവാദമായിരുന്നു. 'Mallu Hindu off' എന്ന പേരിലായിരുന്നു ഗ്രൂപ്പ് ഉണ്ടായിരുന്നത്. ഉദ്യോഗസ്ഥർക്കിടയിൽനിന്നു വിമിർശനം ഉയർന്നതിനു പിന്നാലെ മണിക്കൂറുകൾക്കകം ഗ്രൂപ്പ് ഡിലീറ്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് ഹിന്ദു ഉദ്യോഗസ്ഥരുടെ പേരിൽ ഗ്രൂപ്പ് പ്രത്യക്ഷപ്പെട്ടത്.
ഫോൺ ഹാക്ക് ചെയ്യപ്പെട്ടതാണെന്നും കോണ്ടാക്ട് ലിസ്റ്റിലുള്ളവരെ ഉൾപ്പെടുത്തി ആരോ ഗ്രൂപ്പ് ഉണ്ടാക്കിയതാണെന്നും വിശദീകരിച്ച് ഉദ്യോഗസ്ഥർക്ക് ഗോപാലകൃഷ്ണൻ ഉദ്യോഗസ്ഥർക്ക് ഓഡിയോ സന്ദേശം അയച്ചിരുന്നു. ഫോൺ ഹാക്ക് ചെയ്തെന്ന് കാണിച്ച് അദ്ദേഹം സൈബർ പൊലീസിന് പരാതി നൽകുകയും ചെയ്തു.