കെ.എം ബഷീറിന്റെ കൊലപാതകം സഭയിൽ; ഉദ്യോഗസ്ഥ ഗ്യാലറിയിൽ ശ്രീറാം വെങ്കിട്ടരാമൻ
|കെ.എം ബഷീറിന്റെ മരണത്തിന് രണ്ടുവർഷം തികയുന്ന ദിവസം ഓർമ്മിപ്പിച്ചാണ് പി.സി വിഷ്ണുനാഥ് ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട ധനാഭ്യർത്ഥന ചർച്ചയ്ക്കിടെ വിഷയം സഭയിൽ ചൂണ്ടിക്കാട്ടിയത്.
മാധ്യമ പ്രവർത്തകൻ കെ.എം ബഷീറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവവും ബഷീറിന്റെ കുടുംബത്തിന് നീതി ലഭിക്കാത്തതിലെ പ്രതിഷേധവും ചൂണ്ടിക്കാട്ടി നിയമസഭയിൽ കോൺഗ്രസ് അംഗം പി.സി വിഷ്ണുനാഥ് സംസാരിക്കുമ്പോൾ ഉദ്യോഗസ്ഥ ഗ്യാലറിയിൽ കേസിലെ ഒന്നാംപ്രതിയും ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറിയുമായ ശ്രീറാം വെങ്കിട്ടരാമന്റെ സജീവ സാന്നിധ്യം. കെ.എം ബഷീറിന്റെ മരണത്തിന് രണ്ടുവർഷം തികയുന്ന ദിവസം ഓർമ്മിപ്പിച്ചാണ് പി.സി വിഷ്ണുനാഥ് ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട ധനാഭ്യർത്ഥന ചർച്ചയ്ക്കിടെ വിഷയം സഭയിൽ ചൂണ്ടിക്കാട്ടിയത്.
ആരോഗ്യമന്ത്രി വീണാ ജോർജിന് ജന്മദിനാശംസകൾ നേർന്ന് കെ.ടി ജലീൽ സംസാരിച്ചതിന് പിന്നാലെയാണ് വിഷയം സഭയിലെത്തിയത്. ആരോഗ്യമന്ത്രിക്ക് ജന്മദിനാശംസകൾ നേരുന്നവർ ബഷീറിന്റെ മരണത്തിന് രണ്ടുവർഷമായെന്നത് കൂടി ഓർക്കണമെന്ന് ആമുഖമായി പറഞ്ഞായിരുന്നു വിഷ്ണുനാഥിന്റെ പരാമർശം. ഈ സഭയുടെ പ്രസ് ഗ്യാലറിയിൽ സുസ്മേര വദനനായി ഇരിക്കേണ്ടയാളായിരുന്നു കെ.എം ബഷീറെന്ന മാധ്യമപ്രവർത്തകൻ. ബഷീർ ഇന്ന് ഗ്യാലറിയിൽ ഇല്ലെങ്കിലും അദ്ദേഹത്തെ കാറിടിച്ച് കൊന്ന കേസിലെ പ്രതിക്ക് ആരോഗ്യവകുപ്പിൽ ഉന്നത സ്ഥാനം നൽകിയതിനാൽ അദ്ദേഹം ഇപ്പോഴും സർവീസിലുണ്ട്. ഇവിടെ റിപ്പോർട്ടിങിന് എത്തുന്ന ബഷീറിനെ ചിരിച്ച മുഖത്തോടെയല്ലാതെ ഞങ്ങളാരും കണ്ടിട്ടില്ല. അതേസമയം, മരിച്ച് രണ്ടുവർഷം കഴിഞ്ഞിട്ടും ബഷീറിന്റെ കുടുംബത്തിന് നീതി ലഭിച്ചിട്ടില്ലെന്ന കാര്യം ഓർമ്മിപ്പിക്കുകയാണെന്നും വിഷ്ണുനാഥ് പറഞ്ഞു. അതേസമയം, മന്ത്രിയുടെ മറുപടി പ്രസംഗത്തിൽ ഇതേക്കുറിച്ച് യാതൊരു പരാമർശവും ഉണ്ടായില്ലെന്നതും ശ്രദ്ധേയമായി.