'സുപ്രിം കോടതി വിധികളെക്കാൾ ബിബിസി അഭിപ്രായങ്ങളെ മാനിക്കുന്നവർക്ക് അതാവാം'; ബിബിസി ഡോക്യുമെന്ററിക്കെതിരെ ഗവർണർ
|സർവകലാശാല നിയമഭേദഗതി ബിൽ രാഷ്ട്രപതിക്ക് അയക്കുമെന്നും ഗവർണർ അറിയിച്ചിട്ടുണ്ട്
തിരുവനന്തപുരം: ബിബിസി ഡോക്യുമെന്ററിക്കെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സുപ്രിം കോടതി വിധികളെക്കാൾ ബിബിസി അഭിപ്രായങ്ങളെ മാനിക്കുന്നവർക്ക് അതാവാമെന്നും ജി 20 അധ്യക്ഷസ്ഥാനം ഇന്ത്യ ഏറ്റെടുത്തതിൽ ഉള്ള രോഷമാണ് ഡോക്യുമെന്ററിക്ക് പിന്നിലെന്നും ഗവർണർ പറഞ്ഞു. ഭിന്നിപ്പ് ഉണ്ടാക്കാനുള്ള നീക്കമാണ് ഡോക്യുമെന്ററിക്ക് പിന്നിലെന്നും ഗവർണർ . ലോക നേതാവായി ഇന്ത്യ മാറുമ്പോൾ നിരാശ ഉണ്ടാകാമെന്നും ഗവർണർ പറഞ്ഞു.
ആവിഷ്കാര സ്വാതന്ത്ര്യത്തിന് വില ഉണ്ടെന്നും പക്ഷെ ഡോക്യുമെന്ററി ഇറങ്ങിയ സമയം പരിശോധിക്കണമെന്നും പറഞ്ഞ ഗവർണർ എന്ത് കൊണ്ടാണ് ഈ സമയത്ത് ഡോക്യുമെന്ററി പുറത്തു വിടുന്നത് എന്നാലോചിക്കണമെന്നും പറഞ്ഞു.
തനിക്ക് മുന്നിൽ മറ്റു വഴികൾ ഇല്ലെന്നും സർവകലാശാല നിയമഭേദഗതി ബിൽ രാഷ്ട്രപതിക്ക് അയക്കുമെന്നും ഗവർണർ അറിയിച്ചിട്ടുണ്ട്. സർക്കാരുമായി പോരിനില്ലെന്ന് പറഞ്ഞ ഗവർണർ തെറ്റുകൾ ആരും ചോദ്യം ചെയ്യുന്നതായി കാണുന്നില്ലെന്നും തെറ്റുകൾ ചോദ്യം ചെയ്യാൻ താൻ പ്രതിപക്ഷ നേതാവ് അല്ലെന്നും പറഞ്ഞു.