'നരേന്ദ്രമോദി ഒരു മിനിറ്റ് സംസാരിച്ചാൽ മതി, വേറെ ആരും വന്നിട്ട് കാര്യമില്ല'; അനിൽ ആന്റണി
|കോൺഗ്രസിന്റെ പ്രചാരണത്തിന് എ.കെ ആന്റണി ഇറങ്ങുന്നത് ബാധിക്കില്ലെന്നും അനിൽ ആന്റണി
പത്തനംതിട്ട: പ്രധാനമന്ത്രി നരേന്ദ്ര മോദി വന്ന് സംസാരിക്കുമ്പോൾ പത്തനംതിട്ടയിൽ മറ്റാരും വന്ന് പ്രചാരണം നടത്തിയിട്ട് കാര്യമില്ലെന്ന് എൻ.ഡി.എ സ്ഥാനാർഥി അനിൽ ആന്റണി. പിതാവ് എ.കെ ആന്റണി പ്രചാരണത്തിന് ഇറങ്ങുന്നത് ബാധിക്കുമോ എന്ന ചോദ്യത്തിനാണ് അനിൽ ആന്റണിയുടെ മറുപടി. 84 വയസ്സായ ആന്റണി സജീവ രാഷ്ട്രീയത്തിൽ നിന്ന് മാറിനിൽക്കുകയാണ്. രാഹുൽഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസിലെ സജീവ നേതാക്കൾ 40 ദിവസം വന്നാലും കാര്യമുണ്ടാകില്ല. നരേന്ദ്രമോദി ഒരു മിനിറ്റ് സംസാരിച്ചാൽ മതി, വേറെ ആരും വന്നിട്ട് കാര്യമില്ല'.. അദ്ദേഹം പറഞ്ഞു. മീഡിയവൺ ദേശീയപാതയിലാണ് അനിൽ ആന്റണിയുടെ പ്രതികരണം.
ക്രൈസ്തവർക്കെതിരെ രാജ്യത്ത് നടക്കുന്ന ആക്രമണങ്ങൾക്ക് ഭരണകൂടത്തിന്റെ മൗനാനുവാദം ഉണ്ടെന്ന സീറോ മലബാർ സഭ വക്താവിന്റെ പ്രസ്താവനയും അനിൽ തള്ളിക്കളഞ്ഞു. 'മണിപ്പൂരിലുള്ളത് രണ്ട് ഗോത്രങ്ങൾ തമ്മിലുള്ള പ്രശ്‌നമാണ്. അതിനെ വർഗീയവത്കരിക്കാൻ ശ്രമിക്കുന്നത് ശരിയല്ലാണ് കത്തോലിക്ക സഭയുടെ ഏറ്റവും ഉന്നതനായ വക്താവ് പറഞ്ഞത്. സഭയുടെ എല്ലാവരുമായി ഞാൻ സംസാരിച്ചിട്ടുണ്ട്. അവർക്കെല്ലാം യാഥാർഥ്യം അറിയാം. അവർക്കെല്ലാം നരേന്ദ്രമോദി ഭരിക്കുന്ന ഭാരതീയ ജനതാപാർട്ടിയിൽ വിശ്വാസമുണ്ട്. ഇന്ത്യയിൽ ക്രിസ്ത്യൻ ഭൂരിപക്ഷമുള്ള സംസ്ഥാനങ്ങളിലെല്ലാം ബി.ജെ.പിയോ സഖ്യകക്ഷികളോ ആണ് ഭരിക്കുന്നത്. അത് നമ്മളിലുള്ള വിശ്വാസം കൊണ്ടാണ്. '. അനില്‍ ആന്‍റണി പറഞ്ഞു.
പിതാവിന്‍റെ അനുഗ്രഹമുണ്ടോ എന്ന ചോദ്യത്തിന് ഒരു മകനെന്ന നിലയിൽ മാതാപിതാക്കളുടെ എല്ലാവിധ അനുഗ്രഹവും തനിക്കുണ്ടെന്നാണ് വിശ്വാസമെന്ന് അനില്‍ പറഞ്ഞു. രാഷ്ട്രീയപരമായി രണ്ട് അഭിപ്രായമുള്ളവരാണ്ഞങ്ങള്‍. എന്നാൽ വ്യക്തിപരമായി രാഷ്ട്രീയം ചർച്ച ചെയ്യാറില്ലെന്നും അനില്‍ പറഞ്ഞു.