Kerala
ദിലീപിന്‍റെ വീടിന്‍റെ ഗേറ്റ് ചാടിക്കടന്ന് പൊലീസ്; റെയ്ഡിന് എത്തിയത് 20 അംഗ സംഘം
Kerala

ദിലീപിന്‍റെ വീടിന്‍റെ ഗേറ്റ് ചാടിക്കടന്ന് പൊലീസ്; റെയ്ഡിന് എത്തിയത് 20 അംഗ സംഘം

Web Desk
|
13 Jan 2022 8:45 AM GMT

ദിലീപിന്റെ ആലുവയിലെ വീട്ടിലും നിർമാണ കമ്പനിയായ ഗ്രാൻഡ് പ്രൊഡക്ഷൻസ് ഓഫിസിലും സഹോദരൻ അനൂപിന്റെ വീട്ടിലുമാണ് റെയ്ഡ്

നടന്‍ ദിലീപിന്‍റെ ആലുവയിലെ വീട്ടില്‍ പൊലീസ് സംഘം റെയ്ഡിനെത്തിയപ്പോള്‍ വീട് പൂട്ടിക്കിടക്കുന്ന നിലയിലായിരുന്നു. തുടര്‍ന്ന് പൊലീസ് ഗേറ്റ് ചാടിക്കടന്നു. ദിലീപിന്‍റെ സഹോദരിയെ വിളിച്ചുവരുത്തി വീട് തുറക്കുകയായിരുന്നു. 20 അംഗ സംഘമാണ് റെയ്ഡിനെത്തിയത്.

നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്ന വെളിപ്പെടുത്തലിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് റെയ്ഡ്. നാലു പൊലീസ് വാഹനങ്ങളിലായി റവന്യൂ, ക്രൈംബ്രാഞ്ച് സംയുക്ത സംഘമാണ് പത്മസരോവരം എന്ന വീട്ടില്‍ പരിശോധനയ്ക്ക് എത്തിയത്. ദിലീപിന്റെ ആലുവയിലെ വീട്ടിലും നിർമാണ കമ്പനിയായ ഗ്രാൻഡ് പ്രൊഡക്ഷൻസ് ഓഫിസിലും സഹോദരൻ അനൂപിന്റെ വീട്ടിലുമാണ് റെയ്ഡ്. ക്രൈംബ്രാഞ്ച് എസ്.പി മോഹനചന്ദ്രന്‍റെ നേതൃത്വത്തിലാണ് പരിശോധന. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ആലുവയില്‍ നിന്നുള്ള കൂടുതല്‍ പൊലീസിനെയും വീടിന് മുന്നില്‍ വിന്യസിച്ചിട്ടുണ്ട്. ഉച്ചയോടെ ദിലീപിന്‍റെ അഭിഭാഷകനും വീട്ടിലെത്തി.

നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ഗൂഢാലോചന നടത്തിയത് ദിലീപിന്റെ ആലുവയിലെ വീട്ടില്‍വെച്ചാണെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിലാണ് ദിലീപിന് ക്രൈംബ്രാഞ്ച് സംഘം പുതിയ കേസ് രജിസ്റ്റര്‍ ചെയ്തത്. വീട്ടില്‍ പരിശോധന നടത്താനുള്ള കോടതി ഉത്തരവുമായാണ് ക്രൈംബ്രാഞ്ച് സംഘം എത്തിയത്. ഡി.വൈ.എസ്.പി ബൈജു പൗലോസിന്റെ നേതൃത്വതിലുള്ള സംഘമാണ് പ്രൊഡക്ഷന്‍ ഹൌസിലെത്തിയത്. ഓഫീസ് പൂട്ടി കിടക്കുന്നതിനാൽ ജീവനക്കാരെ വിളിച്ചു വരുത്തിയാണ് പരിശോധന.

നിര്‍ണായകമായത് സംവിധായകന്‍റെ മൊഴി

വിചാരണ അന്തിമ ഘട്ടത്തിലെത്തി നില്‍ക്കേ ദിലീപിന്‍റെ സുഹൃത്തായിരുന്ന സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ചില നിര്‍ണായക വെളിപ്പെടുത്തലുകള്‍ നടത്തി- പള്‍സര്‍ സുനിയെ ദിലീപിന്‍റെ വീട്ടില്‍ കണ്ടിരുന്നു, നടിയെ ആക്രമിച്ചതിന്‍റെ ദൃശ്യങ്ങള്‍ ദിലീപ് ജാമ്യത്തിലിറങ്ങിയ ശേഷം ഒരു വിഐപി വീട്ടിലെത്തിച്ചു നല്‍കി, ദിലീപ് ഈ ദൃശ്യങ്ങള്‍ 2017 നവംബര്‍ 15ന് സഹോദരനും സഹോദരീ ഭര്‍ത്താവിനുമൊപ്പം കണ്ടതിന് താന്‍ സാക്ഷിയാണ് എന്നെല്ലാമാണ് ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തല്‍. ഇതേദിവസം അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. പിന്നാലെയാണ് ദിലീപിനെതിരെ പുതിയ കേസ് ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്തത്. തന്‍റെ ദേഹത്ത് കൈവെച്ച സുദര്‍ശന്‍റെ കൈവെട്ടണം, സന്ധ്യയും സോജനും സുദര്‍ശനും ബൈജു പൌലോസും ജോര്‍ജും അനുഭവിക്കാന്‍ പോവുകയാണ് എന്നെല്ലാം ദിലീപ് പറഞ്ഞെന്ന് എഫ്ഐആറിലുണ്ട്. ബൈജു പൌലോസിനെ നാളെ ഏതെങ്കിലും ട്രക്കോ ലോറിയോ ഇടിച്ചാല്‍ ഒന്നരക്കോടി കൂടി കരുതേണ്ടിവരുമല്ലോ എന്ന് ദിലീപിന്‍റെ സഹോദരീ ഭര്‍ത്താവ് പറഞ്ഞെന്നും ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തി. ശബ്ദരേഖകളും ഫോണ്‍രേഖകളും സഹിതമാണ് ബാലചന്ദ്രകുമാര്‍ മൊഴി നല്‍കിയത്. കഴിഞ്ഞ ദിവസം ബാലചന്ദ്രകുമാറിന്‍റെ രഹസ്യമൊഴി രേഖപ്പെടുത്തി.

'അത്രത്തോളം പേടിക്കേണ്ട ആളാണ് ദിലീപ്'

ദിലീപിന്‍റെ വീട്ടില്‍ പൊലീസ് സംഘം റെയ്ഡ് നടത്തുന്നതിനെ കുറിച്ച് സംവിധായകന്‍ പറഞ്ഞതിങ്ങനെ- "ഞാന്‍ രഹസ്യമൊഴിയില്‍ പറഞ്ഞ വിവരങ്ങളുടെ പിന്നാലെയാണ് പൊലീസ് പോകുന്നതെന്ന് ഞാന്‍ കരുതുന്നു. വിശദമായിത്തന്നെ ഞാന്‍ മൊഴി കൊടുത്തിട്ടുണ്ട്. റെയ്ഡ് നടക്കുന്ന കാര്യം ചാനലിലൂടെയാണ് അറിഞ്ഞത്. രഹസ്യമൊഴി രഹസ്യമായിത്തന്നെ ഇരിക്കണമെന്നതിനാല്‍ എനിക്ക് കൂടുതല്‍ പറയാനാവില്ല. തെളിവുകള്‍ ഞാന്‍ വ്യാജമായുണ്ടാക്കിയതാണെന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പോലും ദിലീപിന് പറയാന്‍ കഴിഞ്ഞിട്ടില്ല".

നടിയോട് മുതലക്കണ്ണീരാണ് പലരും കാണിക്കുന്നതെന്നും ബാലചന്ദ്രകുമാര്‍ ആരോപിച്ചു- "ആരും അവരെ പിന്തുണച്ചില്ലെന്നാണ് ഞാന്‍ മനസിലാക്കുന്നത്. ഇപ്പോള്‍ ഒരാള്‍ പിടിക്കപ്പെടുമെന്ന് വന്നപ്പോള്‍ ഞങ്ങളും നിങ്ങളുടെ കൂടെയുണ്ടെന്ന് പറഞ്ഞ് ഓരോരുത്തര്‍ വരികയാണ്. അത് സൂപ്പര്‍താരങ്ങളായാലും ശരി, ടെക്നീഷ്യന്‍സായാലും ശരി, മറ്റുള്ളവരായാലും ശരി. മാധ്യമശ്രദ്ധ കിട്ടാനായി മാത്രം വരികയാണ്. സത്യത്തില്‍ അവരുടെ കൂടെ ആരുമില്ല, ഇപ്പോള്‍ ഞാന്‍ മാത്രമേയുള്ളൂവെന്നാണ് എന്‍റെ തോന്നല്‍. എനിക്കു തോന്നുന്നത് സിംഹത്തിന്‍റെ പല്ലുകൊഴിയുമ്പോ ആണല്ലോ മറ്റു ജന്തുക്കള്‍ക്ക് ആക്രമിക്കാന്‍ തോന്നുന്നത്. ഇപ്പോള്‍ ദിലീപ് എന്ന സിംഹത്തിന്‍റെ പല്ലുകൊഴിഞ്ഞു തുടങ്ങിയിരിക്കുന്നു. ഇപ്പോള്‍ അവനോടൊപ്പമില്ല എന്ന് കൂടെയുള്ളവര്‍ പറയുന്നതും അതുകൊണ്ടാവും".

Similar Posts