Kerala
20 ലക്ഷം കുടുംബങ്ങൾക്ക്‌ സൗജന്യ ഇന്റർനെറ്റ് തരുമെന്ന് പ്രഖ്യാപിച്ച കെ-ഫോൺ എവിടെ ?
Kerala

20 ലക്ഷം കുടുംബങ്ങൾക്ക്‌ സൗജന്യ ഇന്റർനെറ്റ് തരുമെന്ന് പ്രഖ്യാപിച്ച കെ-ഫോൺ എവിടെ ?

Web Desk
|
12 Jan 2022 1:14 AM GMT

കേരളത്തിൻറെ മുക്കിലും മൂലയിലും അതിവേഗ ഇന്റർനെറ്റ് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കെ ഫോൺ പദ്ധതി സർക്കാർ പ്രഖ്യാപിച്ചത്.

കെ-റെയിലിൽ പ്രതിഷേധങ്ങളും വെല്ലുവിളികളും കൊഴുക്കുമ്പോൾ ഡിജിറ്റൽ വേർതിരിവുകൾ ഇല്ലാതാക്കുക എന്ന ലക്ഷ്യവുമായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച കെ ഫോൺ പദ്ധതി എങ്ങുമെത്താതെ ഇഴഞ്ഞുനീങ്ങുന്നു. കഴിഞ്ഞ വർഷം അവസാനത്തോടെ പദ്ധതി പൂർത്തികരിക്കുമെന്നായിരുന്നു സർക്കാർ പ്രഖ്യാപനം. കോവിഡും, കേബിൾ ഇടുന്നതിന് വിവിധ വകുപ്പുകളിൽ നിന്ന് അനുമതി വൈകുന്നതുമാണ് പദ്ധതിക്ക് വില്ലനാകുന്നതെന്നാണ് സർക്കാർ ഭാഷ്യം.

കേരളത്തിൻറെ മുക്കിലും മൂലയിലും അതിവേഗ ഇന്റർനെറ്റ് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കെ ഫോൺ പദ്ധതി സർക്കാർ പ്രഖ്യാപിച്ചത്. അതിവിപുലമായ ഫൈബർ ശൃംഖലയൊരുക്കി ഇതിലൂടെ സേവനദാതാക്കളായ കമ്പനികൾ വഴി ഇന്റർനെറ്റ് നൽകുകയായിരിന്നു ലക്ഷ്യം. ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ് നേതൃത്വം നൽകുന്ന കൺസോർഷ്യവുമായിട്ടാണ് ഇതിനായി സർക്കാർ കരാർ ഒപ്പുവച്ചത്. 35,000 കിലോമീറ്റർ ഒപ്റ്റിക്കൽ ഫൈബർ കേബിൾ സ്ഥാപിക്കുന്നതിനുള്ള സർവേയും, 8 ലക്ഷം കെഎസ്ഇബി തൂണുകളുടേയും സർവേയും പൂർത്തീകരിച്ചു. കെഎസ്ഇബി തൂണുകൾ വഴി കേബിൾ ഇടുന്നതിനുള്ള വാടകയിൽ നിന്ന് 20 ലക്ഷം പാവപ്പെട്ട കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ് നൽകാനായിരുന്നു സർക്കാർ പദ്ധതി

മുപ്പതിനായിരത്തോളം സർക്കാർ സ്ഥാപനങ്ങൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്റർനെറ്റ് സേവനം നൽകുമെന്നായിരുന്നു സർക്കാരിൻറെ പ്രഖ്യാപനം. എന്നാൽ ലക്ഷ്യമിട്ട 30,000 സർക്കാർ ഓഫീസുകളിൽ 7,696 ഓഫീസുകളിൽ മാത്രമാണ് കെ-ഫോൺ എത്തിയത്. ഇതിൽ 1,549 എണ്ണത്തിൽ മാത്രമാണ് ഇന്റർനെറ്റ് സൗകര്യം ഒരുക്കിയത്. 26,410 കിലോ മീറ്റർ കേബിൾ സ്ഥാപിക്കേണ്ട സ്ഥാനത്ത് 7,932 കിലേ്ാമീറ്റർ മാത്രമാണ് പൂർത്തിയായത്. കേബിൾ സ്ഥാപിക്കുന്നതിനുള്ള അനുമതിയായ റൈറ്റ് ഓഫ് വേ, റെയിൽവേ, വനം വകുപ്പ്, നാഷണൽ ഹൈവേ, ഉൾപ്പെടെയുള്ള വകുപ്പുകളിൽ നിന്ന് വൈകുന്നതാണ് പദ്ധതിക്ക് തടസമായത്. റെയിൽവേ ലൈനുകളിൽ ക്രോസ് ചെയ്തുള്ള കേബിളിങ് ഉൾപ്പെടെ കാര്യങ്ങളിൽ അനുമതി ലഭിക്കാത്തതു പലയിടത്തും തടസമായി. കോവിഡ് രണ്ടാം വ്യാപനവും വെല്ലുവിളിയായി. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ പ്രചാരണത്തിൽ പ്രധാന പേരായിരുന്നു കെ-റെയിൽ.

20 ലക്ഷം പാവപ്പെട്ട കുടുംബങ്ങൾക്ക് സൗജന്യ ഇൻറർനെറ്റ് നൽകുന്നതോടെ സംസ്ഥാനത്ത് ഡിജിറ്റൽ ഡിവൈഡ് ഇല്ലാതാകാമെന്ന് പ്രഖ്യാപിച്ചു ആരംഭിച്ച വൻകിടപദ്ധതിയാണ് എങ്ങുമെത്താതെ നിൽക്കുന്നത്. യുദ്ധകാലാടിസ്ഥാനത്തിൽ പദ്ധതി പൂർത്തിയാക്കുമെന്നാണ് സർക്കാർ പ്രഖ്യാപനമെങ്കിലും കാത്തിരിപ്പ്് ഇനിയും നീളുമെന്നുറപ്പാണ്.

Similar Posts