Kerala
ആരാണീ അശ്വത്ഥാമാവ്? എവിടെ നിന്നു വന്നു ആന? കഥയിങ്ങനെ
Kerala

ആരാണീ അശ്വത്ഥാമാവ്? എവിടെ നിന്നു വന്നു ആന? കഥയിങ്ങനെ

Web Desk
|
5 Feb 2022 7:27 AM GMT

എം ശിവശങ്കറിന്റെ ആത്മകഥ, അശ്വത്ഥാമാവിനെയും ആനയെയും വീണ്ടും ചർച്ചയിൽ കൊണ്ടുവരുന്നു

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ ആത്മകഥ 'അശ്വത്ഥാമാവ് വെറും ആന' രാഷ്ട്രീയ കേരളത്തിൽ സജീവ ചർച്ചയായിരിക്കുകയാണ്. വിവാദമായ സ്വർണക്കടത്തു കേസിലെ വിവരങ്ങളാണ് പുസ്തകത്തിലെ പ്രധാന ആകർഷണം. പുസ്തകത്തോടൊപ്പം മഹാഭാരത കഥാപാത്രത്തെ ഉപജീവിച്ചെഴുതിയ അശ്വാത്ഥാമാവ് വെറും ആന എന്ന തലക്കെട്ടും ചർച്ചയാകുന്നുണ്ട്. ആരാണ് അശ്വത്ഥാമാവ്? ആനയുമായി അശ്വത്ഥാമാവിന് എന്താണ് ബന്ധം? പരിശോധിക്കുന്നു.

ദ്രോണരുടെ പുത്രൻ

മഹാഭാരതത്തിൽ പാണ്ഡവരുടെയും കൗരവരുടെയും ഗുരുനാഥനായ ദ്രോണാചാര്യർക്ക്, ശരദ്വാന മഹർഷിയുടെ പുത്രി കൃപിയിലുണ്ടായ പുത്രനാണ് അശ്വത്ഥാമാവ്. അശ്വത്തെ പോലെ ബലമുള്ളവൻ എന്നാണ് അശ്വത്ഥാമാവ് എന്ന വാക്കിനർത്ഥം. ജനിച്ചപ്പോൾ അവൻ കുതിരയെപ്പോലെ ചിനച്ചു, അതുകൊണ്ട് അശ്വം (കുതിര) എന്ന പേരുവന്നു എന്നാണ് ഐതിഹ്യം. സപ്തചിരഞ്ജീവികളിലൊരാളായി അശ്വത്ഥാമാവ് ഗണിക്കപ്പെടുന്നു.

കുരുക്ഷേത്ര യുദ്ധത്തിൽ ദ്രോണരും കൃപരും കൗരവ പക്ഷത്തുനിന്ന് യുദ്ധം ചെയ്തതിന്റെ പ്രധാന കാരണം അശ്വത്ഥാമാവ് ആയിരുന്നു. ദ്രൗപദീ പുത്രന്മാരെയടക്കം പാണ്ഡവപക്ഷത്തെ പല പ്രമുഖരെയും യുദ്ധത്തിൽ അദ്ദേഹം വധിച്ചിട്ടുണ്ട്.

കുരുക്ഷേത്ര യുദ്ധത്തിൽ

മഹാഭാരതയുദ്ധത്തിൽ പാണ്ഡവർക്ക് ഏറ്റവും കൊടിയ നാശനഷ്ടമുണ്ടാക്കിയതിലൊരാൾ അശ്വത്ഥാമാവാണ്. യുദ്ധത്തിലെ പതിനെട്ടാം നാളിലെ രാത്രിയിൽ അശ്വത്ഥാമാവായിരുന്നു കൗരവ സർവ്വസൈന്യാധിപൻ. പാണ്ഡവ ശിബിരത്തിൽ കടന്നുകയറി പാണ്ഡവരുടെ അവശേഷിച്ച സൈന്യങ്ങളെയും പാണ്ഡവർക്ക് ദ്രൗപദിയിൽ ജനിച്ച സന്താനങ്ങളെയും സേനാനായകനായ ധൃഷ്ടദ്യുമ്‌നനെയും ശിഖണ്ഡിയേയും കൊന്നൊടുക്കി. തുടർന്ന് പാണ്ഡവർക്ക് ഇനി മക്കളാരും ജീവിച്ചിരിപ്പില്ലെന്നും അനന്തരാവകാശികളായി ആരുമില്ലെന്നും ഉറപ്പു വരുത്തിയിട്ടാണ് അദ്ദേഹം ശിബിരം വിട്ടത്.

ആനയും അശ്വത്ഥാമാവും

യുദ്ധത്തിന്റെ പതിനഞ്ചാം നാളിലാണ് ദ്രോണർ കൊല്ലപ്പെടുന്നത്. പാണ്ഡവപ്പടയെ കൊന്നൊടുക്കി അസാമാന്യ വീര്യത്തോടെ മുന്നേറുകയായിരുന്ന ദ്രോണരെ വകവരുത്താൻ കൃഷ്ണനാണ് രാജാവായ യുധിഷ്ഠിരനോട് ആ ഉപായം പറഞ്ഞു കൊടുത്തത്. ആചാര്യനെ വീഴ്ത്താൻ മകന്റെ (അശ്വത്ഥാമാവ്) ജീവൻ പോയ കാര്യം പറയുക മാത്രമേ രക്ഷയുള്ളൂ എന്നായിരുന്നു കൃഷ്ണന്റെ ഉപദേശം. കൃഷ്ണൻ പറഞ്ഞതിപ്രകാരം;

'യുധിഷ്ഠിരാ, നീ കേൾക്കുക. ഈ ദ്രോണർ ഇനി പകുതി ദിവസം കൂടി പോരാടിയാൽ നിന്റെ പടയെല്ലാം മുടിഞ്ഞു പോകും. തീർച്ചയാണത്. അതുകൊണ്ടു രാജാവേ, ദ്രോണരിൽ നിന്നും നീ ഞങ്ങളെ രക്ഷിക്കുക. ജീവരക്ഷയ്ക്കായി പറയുന്ന അസത്യം ജീവഹാനിപ്രദമാകുന്ന സത്യത്തേക്കാൾ ശ്രേഷ്ഠമാണ്. സത്യത്തേക്കാൾ നന്മ വരുത്തുന്ന അസത്യങ്ങളുണ്ട്. ജീവനെ രക്ഷിക്കാനായി കള്ളം പറയുന്നതിൽ പാപമില്ല രാജാവേ'

ഒരു ആനയ്ക്ക് അശ്വത്ഥാമാവ് എന്നു പേരിട്ട് അതിനെ കൊന്ന്, അശ്വത്ഥാമാവ് കൊല്ലപ്പെട്ടു എന്നു ദ്രോണരോട് പറയുക എന്നതായിരുന്നു ഉപായം. സത്യം മാത്രം പറയുന്ന ധർമ്മ പുത്രൻ യുധിഷ്ഠിരൻ അശ്വത്ഥമാവ് കൊല്ലപ്പെട്ടുവെന്ന് ദ്രോണരോട് പറഞ്ഞു. അതിൽ ആനയെന്ന് പറഞ്ഞത് മാത്രം പതുക്കെയാക്കി. ഈ വേളയിൽ ദ്രോണർ ആയുധം വെടിച്ച് യോഗധ്യാന നിരതനായി തേർത്തട്ടിലിരുന്നു. ഈ വേളയിൽ മിന്നൽപ്പിണർ വേഗത്തിൽ ധൃഷ്ടദ്യുമ്‌നൻ ദ്രോണരുടെ തലമുടിക്ക് ചുറ്റിപ്പിടിച്ച് തല വെട്ടാനായി വാളോങ്ങി. ആചാര്യനെ കൊല്ലരുതേ എന്ന് മുറവിളി കൂടി അർജ്ജുനൻ കുതിച്ചു പാഞ്ഞെത്തിയെങ്കിലും ധൃഷ്ടദ്യുമ്‌നൻ തല ശരീരത്തിൽ നിന്ന് വേർപ്പെടുത്തിയിരുന്നു.

ധൃഷ്ടദ്യുമ്‌നനെ വകവരുത്തിയ ദ്രൗണി

അച്ഛന്റെ ജീവനെടുത്ത ധൃഷ്ടദ്യുമ്‌നനെ വകവരുത്തുന്നതും അശ്വത്ഥാമാവാണ്. ഇതേക്കുറിച്ച് കുട്ടികൃഷ്ണ മാരാർ ഭാരതപര്യടനത്തിൽ എഴുതുന്നതിങ്ങനെ;

'യുദ്ധക്രാന്തനായ ധൃഷ്ടദ്യുമ്‌നൻ, മാലകൾ വിതാനിച്ചു നറുമണം പുകച്ച അറയിൽ വെള്ള വിരിപ്പു വിരിച്ച വലിയ മെത്തയിൽ, ഒരു ഭയവുമില്ലാതെ സ്വൈര്യമായി കിടന്നുറങ്ങുകയാണ്. ദ്രൗണി അയാളെ ചവുട്ടിയുണർത്തി. ധൃഷ്ടദ്യുമ്‌നൻ ഉണർന്നുനോക്കി. ദ്രൗണിയെ കണ്ടറിഞ്ഞു ചാടിയെഴുന്നേൽക്കാൻ ഭാവിക്കുമ്പോഴേക്കു ദ്രൗണി അയാളുടെ തലമുടിക്കു പടിച്ചുവലിച്ചു താഴെയിട്ടു ചവുട്ടി. മയക്കം പോകാതെ പരിഭ്രമിച്ചിരുന്ന ധൃഷ്ടദ്യുമ്‌നന് അനങ്ങാൻ കഴിഞ്ഞില്ല.' മർമ്മങ്ങളിൽ പെരുവിരൽ ഊന്നിയമർത്തിയാണ് ധൃഷ്ടദ്യുമ്‌നന്റെ കഥ കഴിച്ചത്.

അസ്ത്രപ്രയോഗം

പാണ്ഡവ ശിബിരത്തിലെ കൂട്ടക്കൊലയ്ക്ക് അറിഞ്ഞ ദ്രൗപദിയാണ് അശ്വത്ഥാമാവിനെ ഇല്ലാതാക്കാൻ ശപഥമെടുത്തത്. എന്നാൽ ദ്രോണരിൽ നിന്ന് ബ്രഹ്‌മാസ്ത്രം (ബ്രഹ്‌മശിരസ്സ്) നേടിയ മകനെ ഇല്ലാതാക്കുക എളുപ്പമായിരുന്നില്ല. 'ദ്രൗണിയുടെ ശിരസ്സിലുള്ളതായി കേൾക്കുന്ന ചൂഡാമണി കൊണ്ടുവന്ന് അങ്ങയുടെ ശിരസ്സിലണിഞ്ഞു കാണണം, ഞാൻ ജീവിക്കണമെങ്കിൽ' എന്നാണ് ദ്രൗപദി പറഞ്ഞത്. ഭീമനെ അശ്വത്ഥാമാവിനെ വകവരുത്താനായി പ്രേരിപ്പിക്കുകയും ചെയ്തു.

ഭാഗീരഥീകച്ഛത്തിൽ ഭീമൻ അശ്വത്ഥാമാവിനെ കണ്ടെത്തി. ഭീമന് പിന്നാലെ അര്ജുനനും മറ്റുള്ള പാണ്ഡവരുമെത്തിച്ചേർന്നു. ഇത് കണ്ടു ഭയന്നുപോയ അശ്വത്ഥാമാവ് ഭയാനകമായ ബ്രഹ്‌മശിരസ്സിനെ ഒരു ഐഷീകപ്പുല്ലിൽ ആവാഹിച്ചു 'അപാണ്ഡവായ' എന്നുച്ചരിച്ചു പാണ്ഡവർക്ക് നേരെ തൊടുത്തു വിട്ടു. അപ്പോൾ ലോകത്തെ മുഴുവനും കത്തിക്കുവാൻ പോന്ന അഗ്‌നി ആകാശത്തു പ്രകടമായി. ആ സമയം കൃഷ്ണന്റെ നിർദ്ദേശപ്രകാരം അതേ അസ്ത്രം തന്നെ അർജുനൻ അശ്വത്ഥാമാവിന്റെ അസ്ത്രത്തിനെതിരായി തൊടുത്തു വിട്ടു. 'അസ്ത്രം അസ്ത്രം കൊണ്ട് അടങ്ങട്ടെ. ആചാര്യപുത്രനും തങ്ങൾക്കും സ്വസ്തി ' എന്നുച്ചരിച്ചാണ് അർജുനൻ അസ്ത്രം പ്രയോഗിച്ചത്. ആ അസ്ത്രവും അശ്വത്ഥാമാവിന്റെ അസ്ത്രം പോലെ കത്തി ജ്വലിക്കാൻ തുടങ്ങി. അപ്പോൾ പ്രകൃതിയിൽ അനേകം ദുർനിമിത്തങ്ങൾ കാണപ്പെട്ടു. നക്ഷത്രങ്ങൾ പോലും കുലുങ്ങി. കൃഷ്ണനുമായുള്ള സന്ധിസംഭാഷണങ്ങൾക്ക് ശേഷം ചൂഡാമണി പാണ്ഡവർക്കു കൊടുത്ത് അശ്വത്ഥാമാവ് കാടുകയറി എന്നാണ് ഐതിഹ്യം.

ശപിക്കപ്പെട്ടവൻ എന്ന വാക്ക് മുഴുവൻ അർത്ഥത്തിൽ പറയാമെങ്കിൽ അത് അശ്വത്ഥാമാവിനെ കുറിച്ചാണ്, എന്നാൽ അയാൾ നമ്മുടെ ചിരഞ്ജീവികളിൽ പ്രമുഖനുമാണ് എന്ന് കുട്ടികൃഷ്ണ മാരാർ എഴുതിയിട്ടുണ്ട്.

അശ്വത്ഥാമാവിന്റെ പ്രവൃത്തികൾ കൃഷ്ണനെ വല്ലാതെ കോപിപ്പിച്ചിരുന്നു. കൃഷ്ണശാപമിങ്ങനെ;

'നീ ബാലഘാതകിയും ദുഷ്ടനുമാണെന്നു ലോകം മനസ്സിലാക്കിയിരിക്കുന്നു. ബുദ്ധിമാന്മാർ നിന്നെ പാപിയെന്നു വിളിക്കും. നിനക്ക് ജനങ്ങൾക്കിടയിൽ ഇരിപ്പിടം കിട്ടുകയില്ല. നിന്റെ ശരീരത്തിൽ സകല വ്യാധികളും പടര്ന്നു പിടിക്കും. ഇത്തരത്തിൽ അശരണനായി നീ മൂവായിരത്താണ്ട് കൊല്ലം ഭൂമിയിൽ അലഞ്ഞു തിരിയും. നിന്നാൽ വധിക്കപ്പെട്ട ഗർഭസ്ഥ ശിശുവിനെ (പരീക്ഷിത്ത്) ഞാൻ ജീവിപ്പിക്കും. നീ നോക്കി നില്‌ക്കെ, അവൻ അടുത്ത കുരുരാജാവെന്നു പ്രസിദ്ധനാകും' - ഇതു കേട്ടുകൊണ്ട് ഖിന്നനായാണ് അശ്വത്ഥാമാവ് വ്യാസനൊപ്പം ഉൾവനത്തിലേക്ക് പോയത്.

Similar Posts