പ്രതിപക്ഷ നേതാവ് ആരാണെന്ന് സ്പീക്കർ, പക്വതയില്ലെന്ന് കുറ്റപ്പെടുത്തി പ്രതിപക്ഷം; ബഹളത്തിൽ മുങ്ങി നിയമസഭ
|സ്പീക്കർ ഒരിക്കലും ചോദിക്കാൻ പാടില്ലാത്ത ചോദ്യമാണിതെന്നും വി.ഡി സതീശൻ പറഞ്ഞു
തിരുവനന്തപുരം: നിയമസഭയിൽ സ്പീക്കർക്കെതിരെ പ്രതിപക്ഷം. പ്രതിപക്ഷ നേതാവ് ആരാണെന്ന സ്പീക്കറുടെ ചോദ്യത്തിന് പിന്നാലെയാണ് പ്രതിപക്ഷം പ്രതിഷേധവുമായെത്തിയത്. ഒന്നിലധികം പ്രതിപക്ഷനേതാവ് ഉണ്ടോ എന്ന സ്പീക്കറുടെ ചോദ്യവും പ്രതിഷേധത്തിനിടയാക്കി.
കുറ്റബോധം കൊണ്ടാണ് ആരാണ് പ്രതിപക്ഷ നേതാവ് എന്ന് സ്പീക്കർ ചോദിച്ചതെന്ന് പ്രതിപക്ഷ നേതാവ് മറപുടി നൽകി. സ്പീക്കർക്ക് പക്വതയില്ലെന്നും സതീശൻ കുറ്റപ്പെടുത്തി. സ്പീക്കർ ഒരിക്കലും ചോദിക്കാൻ പാടില്ലാത്ത ചോദ്യമാണിതെന്നും സ്പീക്കർ പദവിക്ക് അപമാനകരമായ ചോദ്യങ്ങളാണിതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സർക്കാറിന്റെ എല്ലാ വൃത്തികേടുകൾക്കും സ്പീക്കർ കൂട്ടുനിൽക്കുകയാണെന്നും വി.ഡി സതീശൻ ആരോപിച്ചു.
ചോദ്യോത്തരവേള പ്രതിപക്ഷം ബഹിഷ്കരിച്ചതോടെയാണ് സ്പീക്കർ ശബ്ദം കടുപ്പിച്ചത്. ചോദ്യോത്തര വേള നടത്താൻ അനുവദിക്കാത്തത് ശരിയല്ലെന്നും കാര്യം കൃത്യമായി ചെയർ പറഞ്ഞതാണെന്നും സ്പീക്കർ വിശദീകരണം നൽകി.
വി.ഡി സതീശന് നിലവാരമില്ലെന്ന് മുഖ്യമന്ത്രിയും കുറ്റപ്പെടുത്തി. നിലവാരമില്ലാത്ത പ്രതിപക്ഷ നേതാവാണെന്നും ഇത്രയും അധപ്പതിക്കാമെന്ന്അ ദ്ദേഹം പല ഘട്ടത്തിൽ തെളിയിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവിൻ്റെ നിലപാട് സഭ അവജ്ഞയോടെ തള്ളിക്കളയുകയാണെന്നും അദ്ദേഹം സഭയിൽ പറഞ്ഞു. ചെയർനെതിരെ പ്രതിപക്ഷ നേതാവ് തുടർച്ചയായി അധിക്ഷേപം നടത്തുന്നകയാണെന്ന് മന്ത്രി എം.ബി രാജേഷും കുറ്റപ്പെടുത്തി. കേരള ചരിത്രത്തിലെ ഏറ്റവും അപക്വനായ പ്രതിപക്ഷ നേതാവാണ് സതീശനെന്നും അദ്ദേഹം ആരോപിച്ചു.