Kerala
പോലീസ് ആര്‍ക്കൊക്കെ സല്യൂട്ട് ചെയ്യണം? തൃശ്ശൂര്‍ മേയറുടെ ആവശ്യം ന്യായമോ?
Kerala

പോലീസ് ആര്‍ക്കൊക്കെ സല്യൂട്ട് ചെയ്യണം? തൃശ്ശൂര്‍ മേയറുടെ ആവശ്യം ന്യായമോ?

ijas
|
2 July 2021 3:30 PM GMT

കേരള പൊലീസിലെ സ്റ്റാന്‍ഡിങ് ഓര്‍ഡര്‍ പ്രകാരം സല്യൂട്ട് നല്‍കാനുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമാണ്? ആര്‍ക്കൊക്കെയാണ് പൊലീസ് ബഹുമാന സൂചകമായി സല്യൂട്ട് അടിക്കേണ്ടത്. പരിശോധിക്കാം.

പൊലീസുകാര്‍ സല്യൂട്ടടിക്കുന്നില്ല എന്ന തൃശ്ശൂര്‍ മേയറുടെ പരാതിക്ക് പിന്നാലെ പൊലീസിന്‍റെ സല്യൂട്ട് ആര്‍ക്കൊക്കെ നല്‍കാം എന്നതില്‍ വലിയ ചര്‍ച്ചകള്‍ നടക്കുകയാണല്ലോ. പൊലീസ് നിയമ പ്രകാരം തൃശ്ശൂരിലെ മേയര്‍ക്ക് പൊലീസിന്‍റെ സല്യൂട്ട് ശരിക്കും ലഭിക്കുമോ? കേരള പൊലീസിലെ സ്റ്റാന്‍ഡിങ് ഓര്‍ഡര്‍ പ്രകാരം സല്യൂട്ട് നല്‍കാനുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമാണ്? ആര്‍ക്കൊക്കെയാണ് പൊലീസ് ബഹുമാന സൂചകമായി സല്യൂട്ട് അടിക്കേണ്ടത്. പരിശോധിക്കാം.

' ആന്തരികമായ ബഹുമാനത്തിന്‍റെ ബാഹ്യമായ പ്രകടനം'- എന്നാണ് സല്യൂട്ട് പദത്തിന്‍റെ അര്‍ത്ഥം. 19ആം നൂറ്റാണ്ടിലാണ് ഇന്നത്തെ സല്യൂട്ട് ശരിക്കും പിറവി കൊള്ളുന്നത്. ബ്രിട്ടീഷ് സൈന്യത്തില്‍ തലയിലെ തൊപ്പി അല്‍പ്പമൊന്നുയര്‍ത്തിയായിരുന്നു ആദരവ്, ഇത് പരിഷ്കരിച്ചാണ് പിന്നീട് ഇന്നത്തെ സല്യൂട്ടില്‍ എത്തിചേര്‍ന്നത്. കേരള പൊലീസ് സ്റ്റാന്‍റിങ് ഓര്‍ഡറില്‍ 18ആം അധ്യായത്തില്‍ കേരള പൊലീസ് ആര്‍ക്കൊക്കെ സല്യൂട്ട് നല്‍കണമെന്ന കാര്യം വിശദമായി തന്നെ പറയുന്നുണ്ട്. ഈ സ്റ്റാന്‍റിങ് ഓര്‍ഡര്‍ പ്രകാരം എം.എല്‍.എ, മേയര്‍, ചീഫ് സെക്രട്ടറി എന്നിവര്‍ ആരും തന്നെ പൊലീസിന്‍റെ സല്യൂട്ടിന് അര്‍ഹരല്ല എന്ന് വ്യക്തമാണ്.

എന്നാല്‍ ആരൊക്കെയാണ് ഈ പറഞ്ഞ പട്ടിക പ്രകാരം സല്യൂട്ടിന് അര്‍ഹരെന്നല്ലേ, അക്കാര്യം പട്ടികയാക്കി തിരിച്ച് തന്നെ കേരള പൊലീസ് വിശദമാക്കുന്നുണ്ട്.

  • രാഷ്ട്രപതി, ഉപരാഷ്ട്രപതി, ഗവർണർമാർ, കേന്ദ്ര, സംസ്ഥാന മന്ത്രിമാര്‍.
  • ഡി.ജി.പി, എ.ഡി.ജി.പി, ഐ.ജി
  • ഡി.ഐ.ജി
  • ദേശീയ പതാക, വിവിധ വിഭാഗങ്ങളുടെ പതാക
  • യൂണിഫോമിലുള്ള ജനറല്‍ ഓഫീസര്‍മാര്‍
  • സുപ്രീം കോടതി, ഹൈക്കോടതി ജഡ്ജിമാര്‍
  • ജില്ലാ പൊലീസ് മേധാവികള്‍, എസ്.പി റാങ്കിലുള്ള മറ്റ് ഉദ്യോഗസ്ഥര്‍
  • യൂണിറ്റ് കമാണ്ടന്‍റ്
  • ജില്ലാ കലക്ടര്‍
  • സെഷന്‍സ് ജഡ്ജിമാര്‍
  • ജില്ലാ മജിസ്ട്രേറ്റുമാര്‍
  • സേനകളിലെ കമ്മിഷന്‍റ് ഓഫീസര്‍മാര്‍, എസ്.ഐ മുതല്‍ ഉയര്‍ന്ന റാങ്ക് ഉദ്യോഗസ്ഥര്‍
  • സൈന്യത്തിലെ ഫീല്‍ഡ് റാങ് ഉദ്യോഗസ്ഥര്‍
  • മൃതദേഹങ്ങള്‍

ഇതിന് പുറമേ സാക്ഷിക്കൂട്ടില്‍ കയറുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ജഡ്ജിയെയും മഫ്തിയിലുള്ള ഉന്നത ഉദ്യോഗസ്ഥരെ അറ്റന്‍ഷനിലൂടെയും സല്യൂട്ട് അടിച്ച് പൊലീസ് ആദരവ് പ്രകടിപ്പിക്കാറുണ്ട്.

Similar Posts