Kerala
അപ്പൊ ആ കത്തെഴുതിയത് ആരാണ്?
Kerala

അപ്പൊ ആ കത്തെഴുതിയത് ആരാണ്?

Web Desk
|
6 Nov 2022 12:44 PM GMT

പാർട്ടിയുടെ പ്രതിച്ഛായയെ ഗുരുതരമയി ബാധിക്കുന്ന ഒരു കത്ത് വ്യാജമാണെന്ന് പറയുമ്പോഴും അത് സംബന്ധിച്ച് ഗൗരവമായ അന്വേഷണത്തിന് പാർട്ടി നേതൃത്വം എന്തുകൊണ്ട് തയ്യാറാവുന്നില്ല എന്നതും സംശയമുണ്ടാക്കുന്നു.

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രന്റെ പേരിൽ പുറത്തുവന്ന കത്ത് ആര് എഴുതിയെന്ന കത്തിന് ഉത്തരമില്ലാതെ സി.പി.എം നേതൃത്വം. മേയർ ആര്യാ രാജേന്ദ്രൻ സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് എഴുതിയ കത്താണ് കഴിഞ്ഞ ദിവസം മാധ്യമങ്ങൾ പുറത്തുവിട്ടത്. കോർപ്പറേഷനിലെ 295 താൽക്കാലിക തസ്തികകളിലേക്ക് നിയമിക്കാൻ പാർട്ടിക്കാരുടെ മുൻഗണനാ പട്ടിക ആവശ്യപ്പെട്ടാണ് ആര്യാ രാജേന്ദ്രൻ സി.പി.എം ജില്ലാ സെക്രട്ടറിക്ക് കത്ത് നൽകിയത്.

താൻ ഇങ്ങനെയൊരു കത്തെഴുതിയിട്ടില്ലെന്ന ഉറച്ച നിലപാടിലാണ് മേയർ. കത്ത് ലഭിച്ചിട്ടില്ലെന്ന് ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും പറഞ്ഞു. നവംബർ ഒന്നിന് അയച്ച കത്ത് സി.പി.എം ജില്ലാ നേതാക്കൻമാർ അതത് വാർഡുകളിലെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിച്ചതോടെയാണ് പുറത്തായത്. സഖാവേ എന്ന് അഭിസംബോധന ചെയ്തുള്ള കത്തിൽ ഒഴിവുകൾ സംബന്ധിച്ചുള്ള കൃത്യമായ വിവരങ്ങൾ തരംതിരിച്ച് പറയുന്നുണ്ട്. ഓൺലൈനായാണ് അപേക്ഷിക്കേണ്ടതെന്നും അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി സംബന്ധിച്ച കാര്യങ്ങളും കത്തിൽ വിശദീകരിക്കുന്നുണ്ട്.

തന്റെ പേരിൽ പുറത്തുവന്നത് വ്യാജ കത്താണെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ടെന്നാണ് മേയർ പറയുന്നത്. ഓഫീസിലുള്ള ആരെയും തനിക്ക് സംശയമില്ലെന്നും അവർ പറയുന്നു. പിന്നെ ആരാണ് ഇത്തരത്തിലൊരു കത്തെഴുതിയതെന്ന കാര്യം പാർട്ടിയും മേയറും എത്രത്തോളം ഗൗരവമായി പരിഗണിക്കുന്നുണ്ടെന്ന ചോദ്യം ബാക്കിയാവുകയാണ്. പാർട്ടിയുടെ പ്രതിച്ഛായയെ ഗുരുതരമയി ബാധിക്കുന്ന ഒരു കത്ത് വ്യാജമാണെന്ന് പറയുമ്പോഴും അത് സംബന്ധിച്ച് ഗൗരവമായ അന്വേഷണത്തിന് പാർട്ടി നേതൃത്വം എന്തുകൊണ്ട് തയ്യാറാവുന്നില്ല എന്നതും സംശയമുണ്ടാക്കുന്നു.




Similar Posts