Kerala
കല്ലിടാനുള്ള തീരുമാനം ആരുടേത്?; കെ റെയിൽ വാദം തള്ളി റവന്യൂ മന്ത്രി
Kerala

കല്ലിടാനുള്ള തീരുമാനം ആരുടേത്?; കെ റെയിൽ വാദം തള്ളി റവന്യൂ മന്ത്രി

Web Desk
|
26 March 2022 4:50 AM GMT

കല്ലിടാൻ തീരുമാനിച്ചത് റവന്യൂ വകുപ്പെന്ന വാദം തെറ്റാണ്

കെ റെയില്‍ കല്ലിടലില്‍ കൈയൊഴിഞ്ഞ് റവന്യു വകുപ്പ്. കല്ലിടുന്നതിന് റവന്യൂ വകുപ്പ് അനുമതി നൽകിയിട്ടില്ലെന്ന് മന്ത്രി കെ രാജൻ. കല്ലിടാൻ വകുപ്പ് നിർദേശിച്ചിട്ടില്ല. കെ. റെയിൽ ആവശ്യപ്രകാരമാണ് കല്ലിടുന്നത്. കല്ലിടാൻ തീരുമാനിച്ചത് റവന്യൂ വകുപ്പെന്ന വാദം തെറ്റാണെന്നും മന്ത്രി പറഞ്ഞു.

സാമൂഹ്യ ആഘാത പഠനത്തിന് വേണ്ടിയാണ് കല്ലിടുന്നത്. സാമൂഹ്യ ആഘാത പഠനം എതിരായാൽ കല്ല് എടുത്ത് മാറ്റും. അങ്ങനെ മുൻപ് ചെയ്തിട്ടുണ്ട്. ഭൂമി ഏറ്റെടുക്കുന്നത് കെ.റെയിൽ ആവശ്യപ്രകാരമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. കല്ലിടൽ റവന്യു വകുപ്പിന്റെ നടപടി ക്രമമാണെന്നായിരുന്നു കെ റെയിലിന്റെ വിശദീകരണം.

അതേസമയം സംസ്ഥാനത്ത് പലയിങ്ങളിൽ കല്ലിടൽ ആരംഭിച്ചു. ഇന്നലെ ജനകീയ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ കെ റെയിൽ സർവേ താത്കാലികമായി നിർത്തിവച്ചിരുന്നു. സാമൂഹിക ആഘാത പഠനത്തിന് കല്ലിടുന്നതിനെതിരായ പ്രതിഷേധം സംസ്ഥാനമാകെ ദിവസങ്ങളായി തുടരുകയാണ്. പലയിടത്തും കല്ല് സ്ഥാപിക്കുന്നു പ്രതിഷേധക്കാർ എടുത്തു കളയുന്നു എന്നതാണ് രീതി. ഇതിനിടയിലാണ് സംസ്ഥാനത്ത് ഒരിടത്തും ഇന്നലെ സർവേ നടക്കാതിരുന്നത്. സർവേ ഉള്ളതായി അറിയിച്ച ജില്ലകളിലെല്ലാം രാവിലെയോടെ തീരുമാനം മാറ്റുകയായിരുന്നു.

ഔദ്യോഗികമായി സർവേ നിർത്തിവയ്ക്കാൻ നിർദേശം നൽകിയിട്ടില്ലെന്നാണ് കെ റെയിൽ വിശദീകരണം. ഓരോ ജില്ലയിലെയും സാഹചര്യം പരിഗണിച്ച് തീരുമാനിക്കുമെന്നും കെ റെയിൽ വ്യക്തമാക്കിയിരുന്നു.

Similar Posts