Kerala
ബാലചന്ദ്രകുമാർ എന്തുകൊണ്ട് നേരത്തെ പരാതി ഉന്നയിച്ചില്ല? വധഗൂഢാലോചന കേസിൽ ചോദ്യങ്ങളുമായി ഹൈക്കോടതി
Kerala

ബാലചന്ദ്രകുമാർ എന്തുകൊണ്ട് നേരത്തെ പരാതി ഉന്നയിച്ചില്ല? വധഗൂഢാലോചന കേസിൽ ചോദ്യങ്ങളുമായി ഹൈക്കോടതി

Web Desk
|
31 March 2022 6:51 AM GMT

തെളിവുണ്ടായിട്ടും പരാതിപ്പെടാത്തത്, ദുരുദ്ദേശമുണ്ടെന്ന സംശയത്തിന് ഇടവരുത്തില്ലേയെന്നും കോടതി ചോദിച്ചു

കൊച്ചി: വധഗൂഢാലോചനാക്കേസിലെ എഫ്.ഐ.ആർ റദ്ദാക്കണമെന്ന ദിലീപിന്റെ ഹരജിയില്‍ ചോദ്യങ്ങളുമായി ഹൈക്കോടതി. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ എന്തുകൊണ്ട് നേരത്തെ പരാതി ഉന്നയിച്ചില്ലെന്ന് കോടതി ചോദിച്ചു. തെളിവുകളുണ്ടെങ്കില്‍ നേരത്തെ പരാതി ഉന്നയിക്കാത്തത് എന്തുകൊണ്ടാണ്. ഇത് ബാലചന്ദ്രകുമാറിന് ദുരുദ്ദേശമുണ്ടെന്ന് സംശയമുണ്ടാക്കില്ലേയെന്നും കോടതി ചോദിച്ചു. ഹരജിയിൽ വാദം തുടരുകയാണ്.

കേസില്‍ പ്രോസിക്യൂഷന്റെ വാദമാണ് ഇന്ന് നടക്കുന്നത്. ദിലീപ് ഫോണുകള്‍ മുബൈയിലേക്കയച്ചത് തെളിവ് നശിപ്പിക്കാനാണെന്നും ഗൂഢാലോചനയുടെ ഭാഗമായാണ് ഫോണിലെ വിവരങ്ങള്‍ ഡിലീറ്റ് ചെയ്തതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി. ഒന്നും മറയ്ക്കാനില്ലെങ്കില്‍ കോടതി ഉത്തരവിട്ട ശേഷം എന്തിന് തെളിവുകള്‍ നശിപ്പിച്ചെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.

ദിലീപിനെതിരെയുള്ള എഫ്.ഐ.ആര്‍ റദ്ദാക്കാനാവില്ലെന്നാണ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചത്. തുടരന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി മറ്റൊരു ബഞ്ച് തള്ളിയതാണെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ദിലീപിന്റെ വാദം കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു.

നടിയെ ആക്രമിച്ച കേസിൽ കാവ്യാ മാധവനെ ചോദ്യം ചെയ്യും. ഇതിനായി സർക്കാർ അനുമതി തേടിയിരിക്കുകയാണ് ക്രൈംബ്രാഞ്ച്. അടുത്തയാഴ്ച കാവ്യയെ ചോദ്യം ചെയ്യാനാണ് നീക്കം. സാക്ഷികളെ സ്വാധീനിക്കാനാണോ ദിലീപ് വിദേശയാത്ര നടത്തിയതെന്നും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. ഇതിന് ഇറാൻ സ്വദേശിയുടെ സഹായം ലഭിച്ചിരുന്നോ എന്നതും അന്വേഷണ വിധേയമാണ്.

വധഗൂഢാലോചന കേസ് എഫ്.ഐ.ആർ റദ്ദാക്കണം എന്ന ദിലീപിന്റെ ഹരജി തീർപ്പായ ശേഷം കൂടുതൽ പേരെ ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ സഹോദരൻ അനൂപിനെയും സഹോദരി ഭർത്താവ് സുരാജിനെയുമാണ് അടുത്തതായി ചോദ്യം ചെയ്യാൻ ഒരുങ്ങുന്നത്. ദിലീപിന് മുൻപിൽ ക്രൈംബ്രാഞ്ച് ഹാജരാക്കിയ പല തെളിവുകളിലും ഇവരുടെ സാന്നിധ്യം ഉണ്ടായിരുന്നതിനാലാണ് ചോദ്യം ചെയ്യൽ. ഇവർക്ക് ശേഷമാകും കാവ്യാ മാധവനെ ചോദ്യം ചെയ്യുക.

Similar Posts