'കേരളത്തിൽ നിന്നുമുള്ള കുട്ടികൾക്ക് എന്തുകൊണ്ട് സൗകര്യമൊരുക്കിയില്ല?'; നിദ ഫാത്തിമയുടെ മരണത്തില്‍ ഹൈക്കോടതി
|2022 ഡിസംബര്‍ 22നാണ് ആലപ്പുഴ അമ്പലപ്പുഴ കക്കഴം സ്വദേശിനി നിദ ഫാത്തിമ നാഗ്പൂരിൽ മരിച്ചത്
കൊച്ചി: നാഗ്പുരിൽ വെച്ച് സൈക്കിൾ പോളോ താരം നിദ ഫാത്തിമ മരിച്ച സംഭവത്തിൽ സത്യവാങ്മൂലം സമർപ്പിക്കാൻ സൈക്കിൾ പോളോ ഫെഡറേഷൻ ഓഫ് ഇന്ത്യക്ക് നിർദേശം. സംഘാടകർക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് കേരള സൈക്കിൾ പോളോ അസോസിയേഷൻ നൽകിയ ഹരജി പരിഗണിക്കവെയാണ് നിര്‍ദേശം. ജസ്റ്റിസ് വിജി അരുണാണ് ഹരജി പരിഗണിച്ചത്.
സൈക്കിൾ പോളോ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പ്രതിനിധികൾ നേരിട്ട് ഹാജരാകണമെന്ന് കഴിഞ്ഞ തവണ ഹരജി പരിഗണിച്ച ഹൈകോടതി ആവശ്യപ്പെട്ടിരുന്നു. കോടതി ഉത്തരവോടെ എത്തിയ കേരള ടീമിന് സംഘാടകർ ആവശ്യത്തിന് സൗകര്യം ഒരുക്കിയില്ലെന്നും ഇതാണ് നിദയുടെ മരണത്തിലേക്ക് നയിച്ചതെന്നുമാണ് ഹരജിക്കാരുടെ ആരോപണം. മറ്റ് സംസ്ഥാനങ്ങളിൽ നിന്നു വരുന്ന കുട്ടികൾക്ക് ഭക്ഷണവും താമസ സൗകര്യവും ഒരുക്കിയെങ്കിൽ എന്തുകൊണ്ട് കേരളത്തിൽ നിന്നും വന്ന കുട്ടികൾക്ക് സൗകര്യമൊരുക്കിയില്ലെന്ന് കോടതി ചോദിച്ചു. എന്നാല്‍ കോടതി നിർദേശം പാലിക്കാതിരുന്നിട്ടില്ലെന്നും ഭക്ഷണവും വെള്ളവും ഒരുക്കിയിരുന്നുവെന്നും നിദ ഫാത്തിമയടക്കമുള്ള സംഘം അത് നിരസിച്ചതായും ഫെഡറേഷൻ സെക്രട്ടറി കോടതിയെ അറിയിച്ചു. ഹരജി വരുന്ന ജനുവരി 23ലേക്ക് പരിഗണിക്കുന്നതിന് വേണ്ടി മാറ്റി വെച്ചു.
2022 ഡിസംബര്‍ 22നാണ് ആലപ്പുഴ അമ്പലപ്പുഴ കക്കഴം സ്വദേശിനി നിദ ഫാത്തിമ (10) നാഗ്പൂരിൽ മരിച്ചത്. ദേശീയ സബ് ജൂനിയർ സൈക്കിൾ പോളോയിൽ പങ്കെടുക്കാൻ ഡിസംബർ 20നാണ് നിദയടങ്ങിയ സംഘം നാഗ്പൂരിലെത്തിയത്. ബുധനാഴ്ച രാത്രി ഛർദിച്ച് കുഴഞ്ഞുവീണ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വ്യാഴാഴ്ച രാവിലെയായിരുന്നു മരണം.
നാഷനൽ സബ് ജൂനിയർ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ കേരളത്തിൽനിന്ന് രണ്ട് അസോസിയേഷനുകളുടെ ടീമുകളാണ് പോയത്. ഇതിൽ കേരള സൈക്കിൾ പോളോ അസോസിയേഷന്‍റെ ടീം അംഗമായിരുന്നു നിദ.
സ്പോർട്സ് കൗൺസിലിൽ രജിസ്റ്റർ ചെയ്ത സംഘടനയാണെങ്കിലും കോടതി ഉത്തരവിലൂടെയാണ് നിദ ഫാത്തിമ ഉൾപ്പെട്ട സംഘം മത്സരത്തിനെത്തിയത്. എന്നാൽ, ഇവർക്ക് താമസ, ഭക്ഷണ സൗകര്യങ്ങൾ ദേശീയ ഫെഡറേഷൻ നൽകിയില്ലെന്ന് ആരോപണമുണ്ട്. മത്സരിക്കാൻ മാത്രമാണ് കോടതി ഉത്തരവെന്നും മറ്റു സൗകര്യങ്ങൾ നൽകില്ലെന്നുമായിരുന്നു ഫെഡറേഷന്‍റെ നിലപാടെന്നും ആരോപണമുണ്ടായിരുന്നു.