കനത്ത മഴയിൽ വ്യാപക നാശനഷ്ടം; 11 ജില്ലകളിൽ തീവ്രമഴ മുന്നറിയിപ്പ്
|ഇടുക്കി ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു
സംസ്ഥാനത്ത് കനത്ത മഴയിൽ വ്യാപക നാശനഷ്ടം. ഇടുക്കി ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. 11 ജില്ലകളിൽ തീവ്രമഴക്കുള്ള മുന്നറിയിപ്പും നൽകി. പത്തനംതിട്ടയിലും എറണാകുളം കണ്ണമാലിയിലും പലയിടത്തും വെള്ളം കയറി. കണ്ണൂർ സെൻട്രൽ ജയിലിന്റെ മതിൽ തകർന്നു. കുട്ടനാട്ടിലും അപ്പ ർകുട്ടനാട്ടിലും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. നിരവധി സ്ഥലങ്ങളിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു.
ശക്തമായ മഴ നദീതീരങ്ങളിലും, താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരെ ദുരിതത്തിലാക്കി. മഴ ഈ നിലയിൽ തുടർന്നാൽ കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങേണ്ടിവരും.
ആലപ്പുഴ തോട്ടപ്പള്ളി പൊഴിമുഖത്ത് കാണാതായ ബിഹാർ സ്വദേശി രാജ്കുമാറിന്റെ മൃതദേഹം കണ്ടെത്തി. കള്ളിക്കാട് റോഡിലെ വെള്ളക്കെട്ടിൽ വീണ് ബൈക്ക് യാത്രികനായ കള്ളിക്കാട് സ്വദേശി രാമചന്ദ്രൻ നായർക്ക് പരിക്കേറ്റു. തിരുവല്ല നിരണത്തെ 135 വർഷം പഴക്കമുള്ള സിഎസ്ഐ പള്ളി തകർന്നുവീണു. പാറശാലയിൽ വീടിന് മുകളിൽ മരം വീണ് മേൽക്കൂര തകർന്നു.
കനത്ത മഴയിൽ ഇടുക്കിയിൽ അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് കൂടി. പാംമ്പ്ല അണക്കെട്ടിന്റെ രണ്ടു ഷട്ടറുകൾ ഇന്നു രാവിലെ 30 സെന്റീമീറ്റർ ഉയർത്തി. 105 ഘനമീറ്റർ വെള്ളമാണ് പുറത്തേക്കൊഴുക്കുന്നത്. പലയിടത്തും മണ്ണിടിച്ചിൽ ഉണ്ട്. യാത്രികരോട് ജാഗ്രത പാലിക്കാൻ നിർദേശമുണ്ട്.
ഇന്നലെ മുതൽ പെയ്ത കനത്ത മഴയിൽ ജില്ലയിൽ വെള്ളക്കെട്ട് രൂക്ഷമാണ്. എറണാകുളം കരയാംപറമ്പിൽ മൂക്കന്നൂർ റോഡിലെ ഭരണിപ്പറമ്പ് പാലം തകർന്നു. പലയിടത്തും കടലാക്രമണവും രൂക്ഷമാണ്.
തൃശൂർ ജില്ലയിലും മഴ ശക്തമാണ്. പീച്ചി ഡാം റോഡിലും പറപ്പൂരിലും റോഡിലേക്ക് മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. പുതുക്കാട് ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിന്റെ മതിലും കനത്ത മഴയിൽ തകർന്നു.
മഴയോടൊപ്പമുണ്ടായ കാറ്റാണ് മലബാർ ജില്ലകളിൽ നാശം വിതച്ചത്. കോഴിക്കോട് നിരവധി സ്ഥലങ്ങളിൽ മരം വീണു. സ്റ്റേഡിയം ജംഗ്ഷനിൽ വെള്ളം കയറി. നാലു വീടുകൾ തകർന്നു. കണ്ണൂർ സെൻട്രൽ ജയിലിന്റെ മതിൽ മുപ്പതു മീറ്ററോളം നീളത്തിലാണ് ഇടിഞ്ഞു വീണത്. പഴശ്ശി അണകെട്ടിന്റെ 16 ഷട്ടറുകളും തുറന്നു. ജില്ലയിൽ അഞ്ചു വീടുകളും തകർന്നിട്ടുണ്ട്. കണ്ണൂർ സിറ്റി നാലുവയലിൽ വെള്ളക്കെട്ടിൽ വീണ് ഒരാൾ മരിച്ചു.. താഴത്ത് ഹൗസിൽ ബഷീറാണ് മരിച്ചത്. വീടിന് മുന്നിലെ വെള്ളക്കെട്ടിൽ കാൽ വഴുതി വീണാണ് അപകടം.
മലപ്പുറത്ത് പൊന്നാനിയിൽ കടലാക്രമണം രൂക്ഷമാണ്. പൊന്നാനിയിൽ 30 ഓളം വീടുകളിൽ ഇന്നലെ വെള്ളം കയറി. കാളികാവ് ചാഴിയോട് മണ്ണിടിഞ്ഞു വീണ് ആനവാരിയിലെ കോഴിപ്പാടൻ ശറഫുദ്ദിന്റെ വീട് തകർന്നു. അതിനിടെ ക്വാറി പ്രവർത്തനം നിർത്തിവെക്കാൻ ജില്ലാ കലക്ടർ ഉത്തരവിട്ടു.
പെരിന്തൽമണ്ണ പട്ടാമ്പി റോഡിൽ നിർത്തിയിട്ട വാഹനങ്ങൾക്ക് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു. കാസർകോട് തൃക്കണ്ണാട് കടൽക്ഷോഭം രൂക്ഷമായതിനെ തുടർന്ന് നിരവധി കുടുംബങ്ങൾ മാറി താമസിച്ചു. ഉദുമ കൊപ്പൽ, കാപ്പിൽ തീരദേശ പ്രദേശങ്ങളിൽ രാത്രിയുണ്ടായ കാറ്റിൽ വ്യാപക നാശമുണ്ടായി. മലപ്പുറം കൊണ്ടോട്ടി എടവണ്ണപാറയിൽ റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞ് പോയി. പെന്നാട് ഭാഗത്താണ് റോഡ് ഇടിഞ്ഞത്. അടുത്തിടെ നവീകരണം പൂർത്തിയാക്കിയ റോഡാണ് ഇടിഞ്ഞത്.
അട്ടപ്പാടി ഷോളയൂർ പഞ്ചായത്തിൽ കോട്ട മല ഊരിലെ അംഗൻവാടിയുടെ സംരക്ഷണ മതിൽ തകർന്നു. കോഴിക്കോട് ഉറുമിയിൽ വൈദ്യുതി ഉത്പാദനം നിർത്തിവെച്ചു. ഇന്നലെ രണ്ടാംഘട്ട ജലവൈദ്യുത പദ്ധതിയുടെ പെൻസ്റ്റോക്ക് പൈപ്പ് പൊട്ടി പവർഹൗസിൽ വെള്ളം കയറിയിരുന്നു.
കോഴിക്കോട് സഭ മസ്ജിദിന്റെ ഓടുകൾ ശക്തമായ കാറ്റിൽ പറന്നു പോയി. രാവിലെ എട്ടുമണിയോടെയുണ്ടായ കാറ്റിലാണ് നാശനഷ്ടമുണ്ടായത്
Widespread damage due to heavy rains in Kerala; Warning of heavy rain in 11 districts