സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; 10 ജില്ലകളിൽ യെല്ലോ അലർട്ട്
|കനത്ത മഴയിൽ പലയിടത്തും നാശനഷ്ടമുണ്ടായി
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത. ചൊവ്വാഴ്ച 10 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്.
അതേസമയം, സംസ്ഥാനത്ത് കനത്ത മഴയിൽ പലയിടത്തും നാശനഷ്ടമുണ്ടായി. തിരുവനന്തപുരം മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് അപകടത്തിൽപ്പെട്ട 8 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് മുതലപ്പൊഴിയിൽ വള്ളം മറിയുന്നത്. ചൊവ്വാഴ്ച രാവിലെ 3 മണിയോടെയാണ് അപകടം. അപകടത്തിൽപ്പെട്ട വള്ളത്തിലെ മത്സ്യതൊഴിലാളികളെ രക്ഷപ്പെടുത്തുന്നതിനിടെ രണ്ടാമത്തെ വള്ളവും മറിഞ്ഞു. കോസ്റ്റൽ പൊലീസും, മറൈൻ എൻഫോഴ്സ്മെന്റുമാണ് രക്ഷാപ്രവർത്തനം നടത്തിയത്.
കോഴിക്കോട് കുറ്റ്യാടിയിൽ സ്വകാര്യ സ്കൂളിന്റെ മതിൽ തകർന്ന് കാറിന് മുകളിൽ വീണു. യാത്രക്കാർക്ക് പെട്ടെന്ന് പുറത്തിങ്ങാൻ കഴിഞ്ഞതിനാൽ പരിക്കേറ്റില്ല. കനത്ത മഴയിൽ എറണാകുളം കളമശ്ശേരി ടി വി എസ് ജംഗ്ഷനിൽ മരം വീണു.റോഡിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു.ഫയർഫോഴ്സെത്തിയാണ് തടസം നീക്കിയത്.
തെക്കൻ കേരളത്തിലും ഇന്നലെ രാത്രി മുതൽ ശക്തമായ മഴയാണ് തുടരുന്നത്.കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ ബുധനാഴ്ച വരെ മത്സ്യബന്ധനത്തിന് നിരോധനം ഏർപ്പെടുത്തി.