സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്കു സാധ്യത; പത്തനംതിട്ടയിലും ഇടുക്കിയിലും ഓറഞ്ച് അലർട്ട്
|തുടർച്ചയായി മഴ ലഭിച്ച പ്രദേശങ്ങളിൽ ജാഗ്രത തുടരണം. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാധ്യതയുള്ള മേഖലയിലുള്ളവര്‍ അധികൃതരുടെ നിര്‍ദേശാനുസരണം സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറിത്താമസിക്കണം
തിരുവനന്തപുരം/ന്യൂഡല്‍ഹി: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ പ്രവചനം. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കാസർകോട് ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
മഴ കനക്കുന്നതോടെ തുടർച്ചയായി മഴ ലഭിച്ച പ്രദേശങ്ങളിൽ ജാഗ്രത തുടരണമെന്നാണ് നിർദേശം. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാധ്യതകളുള്ള മേഖലയിലുള്ളവര്‍ അധികൃതരുടെ നിര്‍ദേശാനുസരണം സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറിത്താമസിക്കണമെന്നും നിർദേശമുണ്ട്. ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനുമുള്ള സാധ്യത മുൻനിർത്തി തെക്കൻ കേരള ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി.
ഉത്തരേന്ത്യയിലും കനത്ത മഴ തുടരുകയാണ്. രാജസ്ഥാൻ, അസം, മേഘാലയ, ബിഹാർ എന്നീ സംസ്ഥാനങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. രണ്ടു ദിവസത്തിനിടെ ഉത്തരേന്ത്യയിൽ മഴക്കെടുതിയിൽ 32 പേരാണ് മരിച്ചത്.
രാജസ്ഥാനിൽ വിവിധ ജില്ലകളിലായി മഴക്കെടുതിയിൽ എട്ടുപേരും മരിച്ചു. മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. മഴയിൽ തകർന്ന റോഡുകൾ നന്നാക്കുന്നതിനായി അമർനാഥ് തീർഥയാത്ര താൽക്കാലികമായി നിർത്തിവച്ചിട്ടുണ്ട്.
Summary: Widespread rain is likely in the state today, as orange alert declared in Pathanamthitta and Idukki districts