നാശംവിതച്ച് പരക്കെ മഴ; വെള്ളക്കെട്ടിലായി തൃശൂരും എറണാകുളവും, ഇടുക്കിയിലും കോഴിക്കോട്ടും ഉരുല്‍പൊട്ടല്‍
|ആലുവ, കളമശ്ശേരി, ഇടപ്പള്ളി എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്
കൊച്ചി: സംസ്ഥാനത്ത് ഇന്നും നാശംവിതച്ച് പരക്കെ മഴ. എറണാകുളത്തും തൃശൂരിലും വെള്ളക്കെട്ട് രൂക്ഷമാണ്. കനത്ത മഴയില്‍ ഇടുക്കിയിലും കോഴിക്കോട്ടും ഉരുള്‍പൊട്ടലുണ്ടായി. തൃശൂരില്‍ രണ്ടുപേര്‍ ഇടിമിന്നലേറ്റു മരിച്ചു.
എറണാകുളത്ത് ഇന്നലെ രാത്രി ആരംഭിച്ച ശക്തമായ മഴ ഇപ്പോഴും തുടരുകയാണ്. ആലുവ, കളമശ്ശേരി, ഇടപ്പള്ളി എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. കമ്പനിപ്പടിയിൽ റെയിൽവേ അടിപ്പാതയിൽ മുട്ടിനു മുകളിലാണ് വെള്ളക്കെട്ട് ഉണ്ടായത്.
എറണാകുളം പാടിവടത്ത് ശക്തമായ കാറ്റിൽ കൂറ്റൻമരം സർവീസ് റോഡിലേക്ക് കടപുഴകി വീണു. അഗ്നിരക്ഷാസേനയെത്തി മരം മുറിച്ചു നീക്കി. ഇടപ്പള്ളിയിലുണ്ടായ വെള്ളക്കെട്ടിന് പിന്നാലെ ജലസേചന വകുപ്പ് തോട് ശുചീകരണം ആരംഭിച്ചു. വെള്ളക്കെട്ടില്‍ പ്രതിഷേധിച്ച് തൃക്കാക്കര വാഴക്കാലയില്‍ കൊച്ചി മെട്രോ നിർമാണ ജോലികള്‍ നാട്ടുകാർ തടഞ്ഞു.
തൃശ്ശൂർ ചാലക്കുടിയിലും നിരവധി സ്ഥലങ്ങളിൽ വെള്ളം കയറി. റെയിൽവേ അണ്ടർ പാസേജിലും അശ്വിനി ആശുപത്രിയിലും വെള്ളം കയറി. ക്യാഷ്വാലിറ്റി വിഭാഗത്തിന്‍റെ പ്രവർത്തനം തടസപ്പെട്ടു.
ഇടുക്കിയിൽ മഴയിൽ വ്യാപക നാശമാണുണ്ടായത്. ഉരുൾപൊട്ടിയ പൂച്ചപ്രയിലും കുളപ്പുറത്തും ഏക്കർ കണക്കിന് കൃഷി നശിച്ചു. മണ്ണിടിഞ്ഞ തൊടുപുഴ-പുളിയൻമല സംസ്ഥാന പാതയിൽ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു.
ഹൈറേഞ്ചിൽ കാര്യമായ പ്രശ്നങ്ങളുണ്ടാക്കിയില്ലെങ്കിലും ലോ റേഞ്ചിൽ മഴ വ്യാപക നാശനഷ്ടങ്ങളുണ്ടാക്കി. കരിപ്പിലങ്ങാട് മരം വീണ് കാറ് തകർന്നു. റോഡിലും വീടിന് മുകളിലും മണ്ണിടിഞ്ഞു വീണു. ആളുകൾ അത്ഭുതകരമായി രക്ഷപ്പെട്ടു.
തൊടുപുഴ പൂച്ചപ്രയിലും കുളപ്പറത്തുമുണ്ടായ ഉരുൾപൊട്ടലിൽ കൃഷിയിടങ്ങൾ നശിച്ചു. റോഡ് തകരുകയും വൈദ്യുതിബന്ധം താറുമാറാകുകയും ചെയ്തകു. രണ്ട് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. അപകടസാധ്യതയുള്ള ഇടങ്ങളിൽനിന്ന് ആളുകളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളും തുറന്നു. കനത്ത മഴയുടെ പശ്ചാത്തലത്തിൽ ജില്ലയിൽ രാത്രികാല യാത്രക്ക് നിരോധനം ഏർപ്പെടുത്തി. ജലനിരപ്പ് ക്രമീകരിക്കുന്നതിൻ്റെ ഭാഗമായി മലങ്കര ഡാമിൻ്റെ ഷട്ടറുകളും തുറന്നു.
കോഴിക്കോട് ബാലുശ്ശേരി കൂരാച്ചുണ്ടില്‍ ഉരുള്‍പൊട്ടി. കക്കയം 28-ാം മൈലിലാണ് ഇന്നലെ രാത്രി ഉരുള്‍പൊട്ടിയത്. കളത്തിങ്ങല്‍ മുജീബിന്‍റെ വീടിനടുത്താണു സംഭവം. സമീപത്തെ കോഴിഫാം പൂര്‍ണമായും തകര്‍ന്നു. 50ഓളം കവുങ്ങുകളും നശിച്ചു.
Summary: Widespread rain wreaks havoc across the state in Kerala