സംസ്ഥാനത്ത് ഇന്ന് വ്യാപക മഴക്ക് സാധ്യത
|സംസ്ഥാനത്ത് ഇന്ന് വ്യാപക മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും ആറ് ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചു.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ,തൃശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യുനമർദ്ദം അടുത്ത 24 മണിക്കൂറിനുള്ളിൽ തെക്ക് കിഴക്കൻ അറബികടലിൽ പ്രവേശിക്കുകയും തുടർന്നുള്ള 48 മണിക്കൂറിൽ വടക്ക് - വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു ശക്തി പ്രാപിക്കാനുള്ള സൂചനയുണ്ട്. അടുത്ത മൂന്ന് ദിവസത്തേക്ക് അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ കൂടുതൽ ജാഗ്രത പാലിക്കേണ്ടതാണെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു.
ചില ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് ആണ് നൽകിയിരിക്കുന്നതെങ്കിലും മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാധ്യത ഉള്ളതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളിൽ ഓറഞ്ച് അലെർട്ടിന് സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം.
2018, 2019, 2020 വർഷങ്ങളിൽ ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവ ഉണ്ടായ മേഖലകളിൽ ഉള്ളവർ, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വിദഗ്ധ സമിതിയും അപകട സാധ്യത മേഖലകൾ അഥവാ വാസയോഗ്യമല്ലാത്ത പ്രദേശങ്ങൾ എന്ന് കണ്ടെത്തിയ സ്ഥലങ്ങളിൽ താമസിക്കുന്നവരും അവിടങ്ങളിലുള്ള തദ്ദേശ സ്ഥാപനങ്ങളും സർക്കാർ സംവിധാനങ്ങളും അപകട സാധ്യത മുന്നിൽ കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകൾ പൂർത്തീകരിക്കേണ്ടതാണ്.
കോവിഡ് 19 ൻറെ പശ്ചാത്തലത്തിൽ ദുരിതാശ്വാസ ക്യാമ്പുകൾ നടത്താൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഓറഞ്ച് ബുക്ക് 2021 ലൂടെ നിർദേശിച്ച തരത്തിലുള്ള തയ്യാറെടുപ്പുകൾ പൂർത്തീകരിക്കേണ്ടതാണ്.
കോഴിക്കോട് ജില്ലയുടെ മലയോര മേഖലകളിൽ കനത്ത മഴ
കോഴിക്കോട് ജില്ലയുടെ മലയോര മേഖലയിൽ കനത്ത മഴയാണ് ലഭിക്കുന്നത്. അടിവാരം ടൗണിൽ വെള്ളം കയറിയിട്ടുണ്ട്. ഇന്ന് ഉച്ചയോടെ കനത്ത മഴയാണ് അടിവാരത്തും കിഴക്കൻ മലയോരത്തും പെയ്യുന്നത്. റോഡുകളിൽ വെള്ളം കയറിയിട്ടുണ്ട്. പുഴകൾ നിറഞ്ഞ് കവിഞ്ഞൊഴുകുന്നു.