Kerala
congress protest_kochi
Kerala

കോർപറേഷൻ സെക്രട്ടറിയെ വളഞ്ഞിട്ട് തല്ലി കോൺഗ്രസുകാർ; ഉപരോധസമരത്തിനിടെ വ്യാപക അക്രമം

Web Desk
|
16 March 2023 9:06 AM GMT

രാവിലെ ഓഫീസിലെത്തിയ മറ്റൊരു ജീവനക്കാരനെ ഓടിച്ചിട്ട് ചവിട്ടുകയാണുണ്ടായത്

കൊച്ചി: ബ്രഹ്മപുരം വിഷയത്തിൽ കൊച്ചി കോർപറേഷന് മുന്നിലെ കോൺഗ്രസ് ഉപരോധത്തിനിടെ വ്യാപക അക്രമം. ഓഫീസിലെത്തിയ ജീവനക്കാരെ കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ചു. കോർപറേഷൻ സെക്രട്ടറി ബാബു അബ്ദുൽ ഖാദറിനെയും ക്ലാർക്ക് വിജയകുമാറിനെയും വളഞ്ഞിട്ട് തല്ലി. രാവിലെ ഓഫീസിലെത്തിയ മറ്റൊരു ജീവനക്കാരനെ ഓടിച്ചിട്ട് ചവിട്ടുകയാണുണ്ടായത്. സമരം റിപ്പോർട്ട് ചെയ്യാനെത്തിയ മീഡിയവൺ ക്യാമറാമാൻ അനിൽ എം ബഷീറിനെയും ആക്രമിച്ചു.

ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് ഡിസിസിയുടെ നേതൃത്വത്തിൽ ഉപരോധസമരം ആരംഭിച്ചത്. ഒരു കാരണവശാലും ഒരു ജീവനക്കാരനെ പോലും ഈ ഓഫീസിലേക്ക് കടത്തിവിടരുതെന്നായിരുന്നു ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസ് പറഞ്ഞിരുന്നത്.

തുടർന്ന് ഒൻപത് മണിക്ക് ശേഷം ഓഫീസിലേക്ക് എത്തിയ ആറുജീവനക്കാരെ പൊലീസ് സുരക്ഷിതരായി അകത്ത് കയറ്റി. ഇതിനിടെ ഒറ്റക്ക് ഓഫീസിലേക്ക് എത്തിയ ഒരു ജീവനക്കാരനെ ശ്രദ്ധയിൽ പെട്ടതോടെ പ്രവർത്തകർ പ്രകോപിതരാവുകയായിരുന്നു. ആക്രോശത്തോടെ പാഞ്ഞടുക്കുന്ന പ്രവർത്തകരെ കണ്ട് ബസിൽ കയറി രക്ഷപെടാൻ ശ്രമിച്ച ജീവനക്കാരനെ പ്രതിഷേധകരിൽ ഒരാൾ പിന്നിൽ നിന്ന് ചവിട്ടി. ഇയാൾക്ക് നേരെ കുപ്പി വലിച്ചെറിയുകയും ചെയ്‌തു.

ഇതിന് പിന്നാലെയാണ് മീഡിയവൺ ക്യാമറാമാൻ അനിൽ എം ബഷീറിനും മർദനമേറ്റത്. പൊലീസിനെ പ്രവർത്തകർ അസഭ്യം പറഞ്ഞത് ക്യാമറയിൽ പകർത്തുന്നതിനിടെയായിരുന്നു സംഭവം. കോർപറേഷൻ ജീവനക്കാരെ പൊലീസ് സംരക്ഷണയിൽ അകത്തേക്ക് കയറ്റുന്നുണ്ടെന്ന് പറഞ്ഞാണ് കോൺഗ്രസ് പ്രവർത്തകർ എത്തിയത്. തുടർന്ന് പൊലീസിന് നേരെ അസഭ്യവർഷം നടത്തുകയായിരുന്നു. ഇത് ക്യാമറയിൽ പകർത്തുന്നതിനിടെയാണ് അനിൽ എം ബഷീറിന് നേരെ ആക്രമണമുണ്ടായത്.

കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ഉദ്‌ഘാടനം ചെയ്ത പന്ത്രണ്ട് മണിക്കൂർ ഉപരോധ സമരത്തിനിൽ വ്യാപകമായ അക്രമമാണ് കോൺഗ്രസ് പ്രവർത്തകർ നടത്തുന്നത്. ഉദ്‌ഘാടനം ചടങ്ങിൽ സുധാകരൻ സംസാരിക്കുമ്പോഴും കോൺഗ്രസ് പ്രവർത്തകർ അതിക്രമം നടത്തുന്നുണ്ടായിരുന്നു. ഇന്ന് വൈകിട്ട് അഞ്ച് മണി വരെയാണ് ഉപരോധസമരം.

Similar Posts