'നാവികർ ക്രൂഡ് ഓയിൽ മോഷ്ടിക്കാൻ പോയതല്ല, ഉടൻ മോചിപ്പിക്കണം'; ഗിനിയയിൽ കുടുങ്ങിയയാളുടെ ഭാര്യ
|നാവികർ തങ്ങളുടെ കുടുംബത്തിന്റെ അന്നം കണ്ടെത്താൻ പോയതാണെന്നും എത്രയും പെട്ടെന്ന് തിരിച്ചെത്തുമെന്ന് വിശ്വാസമുണ്ടെന്നും സനു ജോസിന്റെ ഭാര്യ
കൊച്ചി: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഇക്വിറ്റോറിയൽ ഗിനിയിൽ തടവിലാക്കപ്പെട്ട നാവികരെ എത്രയും പെട്ടെന്ന് മോചിപ്പിക്കണമെന്ന് സംഭവത്തിൽ കുടുങ്ങിയ സനു ജോസിന്റെ ഭാര്യ. തന്റെ ഭർത്താവടക്കമുള്ളവർ ക്രൂഡ് ഓയിൽ മോഷ്ടിക്കാൻ പോയതല്ലെന്നും അത്തരത്തിൽ വാർത്ത നൽകരുതെന്നും അവർ വ്യക്തമാക്കി. നാവികർ തെറ്റ് ചെയ്തിട്ടില്ലെന്നും പറഞ്ഞു. അവർ തങ്ങളുടെ കുടുംബത്തിന്റെ അന്നം കണ്ടെത്താൻ പോയതാണെന്നും എത്രയും പെട്ടെന്ന് തിരിച്ചെത്തുമെന്ന് തങ്ങൾക്ക് വിശ്വാസമുണ്ടെന്നും അവർ പറഞ്ഞു. ഭാരതം തങ്ങൾക്ക് ധൈര്യം തരുന്നുണ്ടെന്നും വ്യക്തമാക്കി.
അതേസമയം, ഇന്ത്യൻ നാവികരുമായുളള കപ്പൽ മനഃപൂർവം വൈകിപ്പിക്കുന്നുവെന്ന പരാതിയെ കുറിച്ച് അറിയില്ലെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. മാധ്യമങ്ങളോടാരെങ്കിലും അത്തരം പരാതി നൽകിയോയെന്ന് അറിയില്ലെന്നും വാർത്താസമ്മേളനത്തിൽ പറഞ്ഞു. അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ച് അവരെ പെട്ടെന്ന് തിരിച്ചെത്തിക്കുമെന്നും നിയമപരമായ കാര്യങ്ങളൊക്കെ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ അവരുടെ കപ്പൽ നൈജീരിയയിലേക്ക് നീങ്ങുകയാണെന്നും മന്ത്രി പറഞ്ഞു. നൈജീരിയയിൽ കപ്പൽ എത്തിയാൽ ഇന്ത്യൻ എംബസിയിലെ ഉദ്യോഗസ്ഥർ അവരെ സന്ദർശിക്കാനുള്ള ശ്രമം നടത്തുമെന്നും നാവികരുടെ മോചനത്തിനായി സർക്കാർ ശ്രമം കുടുംബത്തെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. നിലവിൽ നൈജീരിയൻ നിയന്ത്രണത്തിലാണ് കപ്പലെന്നും പറഞ്ഞു. കപ്പൽ നൈജീരിയയിൽ എത്തിയാലെ എന്തെങ്കിലും പറയാനാകൂവെന്നും വ്യക്തമാക്കി.
എന്നാൽ കപ്പൽ നൈജീരിയയിൽ എത്തുന്നത് മനഃപൂർവം വൈകിപ്പിക്കുന്നുവെന്ന് നാവികരുടെ സന്ദേശം പുറത്തുവന്നിരുന്നു. മലയാളി നാവികൻ സനു ജോസിന്റെ ഭാര്യക്കാണ് സന്ദേശം ലഭിച്ചത്. തടവിലാക്കപ്പെട്ട ഇന്ത്യൻ നാവികരുമായുള്ള കപ്പൽ നൈജീരിയയിലേക്ക് തിരിച്ചതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. മൂന്നു മലയാളികൾ ഉൾപ്പെടെ 26 പേരാണ് കപ്പലിലുള്ളത്. കപ്പൽ ഉടമകളും അഭിഭാഷകരും നേരത്തെ തന്നെ നൈജീരിയയിൽ എത്തിയിരുന്നു.
ഗിനി സേന കസ്റ്റഡിയിലെടുത്ത 'എം.ടി ഹീറോയിക് ഇദുൻ' എന്ന പേരിലുള്ള എണ്ണക്കപ്പലിലെ നാവികരെ നൈജീരിയയ്ക്ക് കൈമാറിയിരുന്നു. നേരത്തെ തടങ്കലിൽ പാർപ്പിച്ചിരുന്ന ഇവരെ കപ്പലിലേക്ക് മാറ്റി. ശേഷം നൈജീരിയൻ നാവികസേന എത്തി കപ്പലിന്റെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. അതിർത്തി ലംഘിച്ച് ക്രൂഡോയിൽ ശേഖരിച്ചെന്നും സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നും ഇവർക്കെതിരെ ആരോപണമുണ്ട്.
ഗിനി വിട്ടാൽ നാടുമായി ബന്ധപ്പെടാനാകില്ലെന്ന് നാവികൻ സനു ജോസിന്റെ പുതിയ വിഡിയോ സന്ദേശം കഴിഞ്ഞ ദിവസം രാത്രി പുറത്തുവന്നിരുന്നു. നൈജീരിയൻ സേനയ്ക്ക് കൈമാറിയ ശേഷം ഇവരുമായി ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെന്നാണ് ബന്ധുക്കൾ അറിയിച്ചിട്ടുള്ളത്. ഇവരുടെ ഫോണുകൾ പിടിച്ചെടുത്തതായാണ് സൂചന.
നാവികരെ തിരിച്ചെത്തിക്കാൻ ശ്രമം തുടരുകയാണെന്ന് ഇന്നലെയും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ അറിയിച്ചിരുന്നു. നൈജീരിയയിലെയും ഗിനിയിലെയും എംബസികളുടെ നേതൃത്വത്തിലാണ് രക്ഷാനീക്കം പുരോഗമിക്കുന്നത്. നയതന്ത്രശ്രമങ്ങളോട് ഇരുരാജ്യങ്ങളും സഹകരിക്കുന്നുണ്ടെന്നും ബന്ധുക്കൾക്ക് ആശങ്ക വേണ്ടെന്നും വി. മുരളീധരൻ പറഞ്ഞു.