Kerala
ലഹരി വിരുദ്ധ ബോധവൽക്കരണം നടത്തി സോഷ്യല്‍ മീഡിയ താരം; മയക്കുമരുന്നും ആയുധങ്ങളുമായി വിക്കി തഗ് അറസ്റ്റിൽ
Kerala

ലഹരി വിരുദ്ധ ബോധവൽക്കരണം നടത്തി സോഷ്യല്‍ മീഡിയ താരം; മയക്കുമരുന്നും ആയുധങ്ങളുമായി 'വിക്കി തഗ്' അറസ്റ്റിൽ

Web Desk
|
19 Nov 2022 5:55 AM GMT

വാളയാറിൽ വാഹന പരിശോധനയ്ക്കിടെ നിർത്താതെ പോയ കാർ എക്‌സൈസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു

പാലക്കാട്: ലഹരി വിരുദ്ധ ബോധവൽക്കരണവും യാത്രാ വിവരണങ്ങളുമായി സമൂഹമാധ്യമങ്ങളിൽ ഹിറ്റായ വ്‌ളോഗർ മയക്കുമരുന്നും ആയുധങ്ങളുമായി അറസ്റ്റിൽ. 'വിക്കി തഗ്' എന്ന പേരിൽ പ്രശസ്തനായ ആലപ്പുഴ ചുനക്കര ദേശം മംഗലത്ത് വിഘ്‌നേഷ് വേണു(25) ആണ് പൊലീസിന്റെ പിടിയിലായത്. ഒപ്പമുണ്ടായിരുന്ന കായംകുളം ഓച്ചിറ കൃഷ്ണപുരം കൊച്ചുമുറി എസ്. വിനീതിനെയും(28) പാലക്കാട് എക്‌സെസ് പിടികൂടി. ഇവർക്കെതിരെ പൊലീസ് കേസെടുത്തു.

കാറിൽ മയക്കുമരുന്നും മാരകായുധങ്ങളും കടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ എക്‌സൈസിന്റെ പിടിയിലായത്. ലഹരി കടത്തിനു പുറമെ മാരകായുധങ്ങൾ കൈവശംവച്ചതടക്കം വകുപ്പുകൾ ചുമത്തിയാണ് കസബ പൊലീസ് കേസെടുത്തത്.

വാളയാറിൽ വാഹന പരിശോധനയ്ക്കിടെ നിർത്താതെ പോയ കാർ എക്‌സൈസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. വാളയാർ ടോൾ പ്ലാസയിലെ ഡിവൈഡർ ഇടിച്ചു തകർത്താണ് കാർ കടന്നുപോയത്. ഇവരിൽനിന്ന് 40 ഗ്രാം മെത്താംഫിറ്റമിൻ, തോക്ക്, വെട്ടുകത്തികൾ എന്നിവ കണ്ടെത്തി. പിടിച്ചെടുത്ത തോക്കിന് ലൈസൻസുണ്ടായിരുന്നില്ല. ഇരുവരും വലിയ അളവിൽ ലഹരി ഉപയോഗിച്ചതിനാൽ ആദ്യഘട്ടത്തിൽ ചോദ്യം ചെയ്യലിനോട് സഹകരിച്ചിരുന്നില്ല.

യൂട്യൂബ് ചാനലിലൂടെ വിഘ്‌നേഷ് ലഹരി ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന വിഡിയോ പോസ്റ്റ് ചെയ്തതായും എക്‌സൈസ് കണ്ടെത്തിയിരുന്നു. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തതിന് പിന്നാലെയാണ് എക്‌സൈസ് നൽകിയ റിപ്പോർട്ടിൽ കസബ പൊലീസ് കേസെടുത്തത്. സോഷ്യൽ മീഡിയയിൽ വിഘ്‌നേഷിന് ലക്ഷക്കണക്കിനു ഫോളോവർമാരുണ്ട്.

Summary: Palakkad Kasaba police registered a case against the viral vlogger 'wikki thug' Vignesh who was caught for drug smuggling

Similar Posts