വന്യമൃഗ ആക്രമണം: അധികാരികളുടെ നിസംഗത മലയോര ജനതയെ കൂടുതൽ ഭയപ്പെടുത്തുന്നു -ഇടുക്കി രൂപത
|‘കപട പരിസ്ഥിതിവാദികൾക്ക് വിധേയപ്പെട്ട് മൗനം പാലിക്കുന്ന നേതാക്കൾ പൊതുസമൂഹത്തിന് അപമാനം’
തൊടുപുഴ: ഇടുക്കിയിൽ വന്യമൃഗ ആക്രമണം രൂക്ഷമായിരിക്കെ പ്രമേയം പാസാക്കി ഇടുക്കി രൂപത. ഇടുക്കി രൂപത വൈദിക സമിതിയാണ് പ്രമേയം പാസാക്കിയത്. ആളുകളുടെ ജീവൻ നഷ്ടപ്പെട്ടിട്ടും അധികാരികൾ നിസംഗത തുടരുകയാണെന്ന് പ്രമേയത്തിൽ ചൂണ്ടിക്കാട്ടുന്നു.
കപട പരിസ്ഥിതിവാദികൾക്ക് വിധേയപ്പെട്ട് മൗനം പാലിക്കുന്ന രാഷ്ട്രീയ നേതാക്കൾ പൊതുസമൂഹത്തിന് അപമാനമാണ്. ആനക്കുളം പള്ളി വികാരിയെ അസഭ്യം പറഞ്ഞ മാങ്കുളം ഡി.എഫ്.ഒക്കെതിരെയും പ്രമേയത്തിൽ പരാമർശമുണ്ട്. പ്രശ്ന പരിഹാരമുണ്ടായില്ലെങ്കിൽ സമരമുഖത്ത് സജീവമാകുമെന്ന് പ്രമേയത്തിൽ വ്യക്തമാക്കി.
പ്രമേയത്തിന്റെ പൂർണരൂപം:
മൂന്നാറിൽ കാട്ടാന ആക്രമണത്തിൽ സാധാരണക്കാരായ ആളുകളുടെ ജീവൻ നഷ്ടപ്പെടുന്ന സാഹചര്യം അത്യന്തം ദുഃഖകരമാണ്. ഈ വിഷയത്തിൽ അധികാരികൾ കാണിക്കുന്ന നിസംഗത മലയോര ജനതയെ കൂടുതൽ ഭയപ്പെടുത്തുന്നു. മനുഷ്യനേക്കാൾ മൃഗങ്ങൾക്ക് വില കൽപ്പിക്കുന്ന കപട പരിസ്ഥിതിവാദികൾക്ക് വിധേയപ്പെട്ട് സ്വാർത്ഥ ലാഭത്തിനുവേണ്ടി മൗനം അവലംബിക്കുന്ന രാഷ്ട്രീയ നേതാക്കൾ പൊതുസമൂഹത്തിന് അപമാനകരമാണ്.
ഈ സാഹചര്യത്തിൽ വന്യമൃഗങ്ങളിൽനിന്നും മലയോര ജനതയെ രക്ഷിക്കാൻ വാഗ്ദാനങ്ങൾക്കപ്പുറം നിയമഭേദഗതികൾ ഉണ്ടാക്കാൻ സർക്കാറുകൾ സത്വര നടപടി എടുക്കണം. ഇനിയും ഒരാളുടെ പോലും ജീവൻ നഷ്ടപ്പെടുന്ന സാഹചര്യം മലയോര പ്രദേശത്ത് ഉണ്ടാകരുത്. മൂന്നാറിലെയും പരിസരപ്രദേശത്തെ യും ആളുകളുടെ ദുഃഖത്തോടും ആശങ്കകളോടും ഒപ്പം ഇടുക്കി രൂപതയും ഹൃദയപൂർവ്വം പങ്കുചേരുന്നു. ഈ വിഷയത്തിൽ ശാശ്വതമായ പരിഹാരം ഉണ്ടാകുന്നില്ലെങ്കിൽ വരും നാളുകളിൽ ആളുകളുടെ ആശങ്കകളോടുചേർന്ന് സമരമുഖത്തും സജീവമാകും.
ഇടുക്കി രൂപതയിലെ ആനക്കുളം സെൻ്റ് ജോസഫ് പള്ളിയിലെ ഇടവക തിരുനാളിനോട് അനുബന്ധിച്ച് നടത്തിയ പ്രദക്ഷിണം ആനക്കുളം കവലയിലെ കപ്പേളയിൽ എത്തിച്ചേർന്നപ്പോൾ, അത് കാട്ടാനകൾക്ക് ശല്യമായി എന്നാരോപിച്ച് മാങ്കുളം ഡി.എഫ്.ഒ ആനക്കുളം പള്ളി വികാരിയെ ഫോണിൽ വിളിച്ച് അസഭ്യം പറഞ്ഞു. അതിനെതിരേ ഇടവക സമൂഹം ഡി.എഫ്.ഒ ഓഫിസിലേക്ക് പ്രതിഷേധ പ്രകടനം നടത്തിയപ്പോൾ അതിൽ പങ്കെടുത്ത ഇടവകാംഗങ്ങളായ 13 പേർക്കെതിരെ കേസെടുക്കു കയും ചെയ്തു. ഡി.എഫ്.ഒയുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും ക്രൂരമായ നടപടിയിൽ ഇടുക്കി രൂപതാ വൈദിക സമിതി ശക്തമായി അപലപിച്ചു.
ഇത്തരം നടപടികൾ സമൂഹത്തിൽ സമാധാനാന്തരീക്ഷം തകർക്കുകയും ക്രമസമാധാന വീഴ്ചക്ക് വഴിയൊരുക്കുകയും ചെയ്യും എന്നതിനാൽ ഉദ്യോഗസ്ഥർ അനാവശ്യമായ പ്രകോപന നടപടികളിൽനിന്നും പിന്മാറി സമൂഹത്തിൽ സമാധാനം സ്ഥാപിക്കാൻ പരിശ്രമിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.
ഇടുക്കി രൂപത മീഡിയ കമ്മീഷൻ ഡയറക്ടർ ഫാ. ജിൻസ് കാരയ്ക്കാട്ട് പ്രമേയം അവതരിപ്പിച്ചു. ഇടുക്കി രൂപതാ കാര്യാലയത്തിൽ ചേർന്ന യോഗം ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്‌തു. മോൺ. ജോസ് പ്ലാച്ചിക്കൽ, മോൺ. അബ്രഹാം പുറയാറ്റ്, മോൺ. ജോസ് കരിവേലിക്കൽ എന്നിവർ സംസാരിച്ചു.