കാട്ടാന ആക്രമണം; അതിരപ്പിള്ളിയിൽ നാട്ടുകാരുടെ പ്രതിഷേധം അവസാനിപ്പിച്ചു
|വൈകിട്ട് മന്ത്രിമാരുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേരും
കാട്ടാന ആക്രമണത്തിൽ പെൺകുട്ടി മരിച്ച സംഭവത്തിൽ നാട്ടുകാർ നടത്തിയ പ്രതിഷേധം അവസാനിപ്പിച്ചു. പ്രശ്നം ഉടൻ പരിഹരിക്കുമെന്ന കലക്ടർ ഉറപ്പ് നൽകിയതിനെ തുടർന്നാണ് തീരുമാനം. വൈകിട്ട് മന്ത്രിമാരുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേരും.
അതേസമയം മരിച്ച കുട്ടിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം നൽകുമെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ അറിയിച്ചു. അഞ്ചു ലക്ഷം രൂപ ഇന്ന് തന്നെ നൽകുന്ന കാര്യത്തിൽ തീരുമാനമുണ്ടാകും. നാട്ടുകാരുടെ ആവശ്യം തീർത്തും ന്യായമാണ്. ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു. എം എൽ എ മാരുടെ യോഗം ഇന്നുതെന്നെ ചേരുമെന്നും. ശ്വാശ്വത പരിഹാരത്തിന് പുതിയ മാർഗരേഖ കണ്ടത്തേണ്ടതുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മാളയില്‍ ഉള്ള കുട്ടി അമ്മ വീടായ വെറ്റിലപ്പാറയിലെത്തിയപ്പോഴാണ് അപകടമുണ്ടായത്. പുറത്ത് നിന്നുള്ളവര്‍ക്കു പോലും യാതൊരു സുരക്ഷയുമില്ലെന്ന് നാട്ടുകാര്‍ പറയുന്നു. മാത്രമല്ല ഒരു റാപിഡ് ആക്ഷന്‍ ഫോഴ്സിനെ നിയോഗിച്ചിട്ടുണ്ട് എന്നാല്‍ ഇവിടെ നിന്ന് 35 കിലോമീറ്റര്‍ അകലെ ചാലക്കുടിയില്‍ ഉള്ള റാപിഡ് ആക്ഷന്‍ ഫോഴ്സിനു ഇവിടെ എന്തെങ്കിലും പ്രശ്നം ഉണ്ടായാല്‍ പെട്ടെന്ന് പരിഹാരം കണ്ടെത്താന്‍ സാധിക്കുന്നില്ല എന്നും നാട്ടുകാർ ആരോപിക്കുന്നു.
തിങ്കളാഴ്ചെയാണ് അതിരപ്പിള്ളിയിൽ അഞ്ചുവയസ്സുകാരിയെ കാട്ടാന ചവിട്ടിക്കൊന്നത്. പുത്തൻചിറ സ്വദേശി നിഖിലിന്റെ മകള്‍ ആഗ്നെലിയ ആണ് മരിച്ചത്. ബൈക്ക് യാത്രക്കിടെയാണ് സംഭവം. നിഖിലും ഭാര്യാ പിതാവും മകളും ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ കാട്ടാന ആക്രമിക്കുകയായിരുന്നു. നിഖിലിനേയും ഭാര്യാപിതാവ് ജയനേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.