Kerala
thiruvananthapuram,wild bufallo,latest malayalam news,കാട്ടുപോത്ത് ജനവാസമേഖലയില്‍,മംഗലപുരം,തിരുവനന്തപുരം
Kerala

മംഗലപുരത്ത് ജനവാസമേഖലയിലിറങ്ങിയ കാട്ടുപോത്തിനെ മയക്കുവെടി വെച്ചു

Web Desk
|
25 July 2024 7:23 AM GMT

വിരണ്ടോടിയ പോത്ത് രണ്ട് വീടിന്‍റെ മതില്‍ തകര്‍ത്തു

തിരുവനന്തപുരം: മംഗലപുരത്ത് ജനവാസമേഖലയിലിറങ്ങിയ കാട്ടുപോത്തിനെ മയക്കുവെടി വെച്ചു. മൂന്ന്തവണ മയക്കു വെടിവെച്ചിട്ടും പോത്ത് വിരണ്ടോടി. ജനവാസ മേഖലയിലൂടെയാണ് പോത്ത് ഓടിയത്. നിരവധി വീടുകളുള്ള പ്രദേശത്താണ് പോത്ത് വിരണ്ടോടിയത്. രണ്ട് വീടിന്‍റെ മതിലും പോത്ത് തകര്‍ത്തു. മതിൽ തകർത്ത് പോത്ത് ദൂരേക്ക് ഓടിപ്പോയി. കപ്പ തോട്ടത്തിനുള്ളില്‍ മയങ്ങിക്കിടക്കുന്ന നിലയിലാണ് പിന്നീട് പോത്തിനെ വനംവകുപ്പ് കണ്ടെത്തിയത്.

ടെക്‌നോ സിറ്റിക്ക് സമീപത്തെ പുരയിടത്തിൽ കഴിഞ്ഞദിവസം വൈകീട്ടാണ് കാട്ടുപോത്തിനെ കണ്ടത്. മയക്കുവെടി വെച്ച് പിടിക്കാനുള്ള ശ്രമം നടത്തിയെങ്കിലും ഇന്നലെ ലക്ഷ്യം കണ്ടില്ല. മംഗലപുരം തലയ്ക്കോണത്ത് ടെക്നോ സിറ്റിക്ക് സമീപത്തെ പുരയിടത്തിൽ മേഞ്ഞു നടക്കുന്നപ്പോൾ പ്രദേശവാസികൾ പകർത്തിയ ദൃശ്യവും പുറത്ത് വന്നിരുന്നു. ആദ്യം പശുവാണെന്ന് കരുതിയെങ്കിലും പിന്നീട് കാട്ടുപോത്താണെന്ന് സംശയമുയർന്നു. പിന്നാലെ മംഗലപുരം പൊലീസിനെയും വനം വകുപ്പിനെയും വിവരമറിയിച്ചു. സ്ഥലത്തെത്തിയ വനം വകുപ്പ് റാപ്പിഡ് റെസ്പോൺസ് ടീമാണ് കാട്ടുപോത്താണെന്ന് സ്ഥിരീകരിച്ചത്. കാടുകയറിയ പ്രദേശമാണെങ്കിലും നഗരമധ്യത്തിലേക്ക് പോത്ത് എങ്ങനെ എത്തിയെന്ന് ഇനിയും വ്യക്തമല്ല.


Similar Posts