Kerala
Wild buffalo,kanamala
Kerala

കണമലയിലിറങ്ങിയ കാട്ടുപോത്തിനായി നിരീക്ഷണം ശക്തമാക്കി വനം വകുപ്പ്

Web Desk
|
20 May 2023 1:43 AM GMT

ജനവാസ മേഖലയിലേക്ക് ഇറങ്ങിയാൽ മയക്കുവെടി വെച്ച് പിടികൂടാനാണ് വനംവകുപ്പിന്റെ തീരുമാനം

കോട്ടയം: കണമലയിലെ അക്രമകാരിയായ കാട്ടുപോത്തിനായി നിരീക്ഷണം ശക്തമാക്കി വനംവകുപ്പ്. കാട്ടിൽ നിന്ന് ജനവാസ മേഖലയിലേക്ക് ഇറങ്ങിയാൽ കാട്ടുപോത്തിനെ മയക്കുവെടി വെച്ച് പിടികൂടാനാണ് വനംവകുപ്പിന്റെ തീരുമാനം. ഇതിനായി പ്രത്യേകസംഘം തന്നെ കണമലയിൽ തുടരുന്നുണ്ട്. ഇന്നലെ അക്രമം നടത്തിയതിന് തൊട്ടു പിന്നാലെ കാടിനുള്ളിലേക്ക് പോത്ത് ഓടി രക്ഷപ്പെട്ടിരുന്നു.

അതിനിടെ പോത്തിന്റെ കുത്തേറ്റു മരിച്ച തോമസിന്റെ സംസ്‌കാര ചടങ്ങുകൾ ഇന്ന് നടക്കും.ചാക്കോയുടെ സംസ്‌കാരം തിങ്കളാഴ്ചയാണ് ഉണ്ടാകുക.കണമല സെന്റ് തോമസ് പള്ളിയിലാണ് ഇരുവരുടെയും സംസ്‌കാരം.

പുലർച്ചെ പറമ്പിൽ റബർ വെട്ടുകയായിരുന്ന തോമസിനെയാണ് കാട്ടുപോത്ത് ആദ്യം ആക്രമിച്ചത്. പരിക്കേറ്റ വിവരം തോമസ് തന്നെയാണ് അയൽവാസികളെ അറിയിച്ചത്. പിന്നാലെ വീട്ടുമുറ്റത്തിരുന്ന ചാക്കോയെയും കാട്ട് പോത്ത് ആക്രമിച്ചു. ഒപ്പമുണ്ടായിരുന്ന പേരക്കുട്ടി അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ചാക്കോ സംഭവസ്ഥലത്ത് വെച്ചും തോമസ് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയുമാണ് മരിച്ചത്.

കാട്ടുപോത്തിന്റെ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടതിന് പിന്നാലെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാവുകയായിരുന്നു. നാട്ടുകാർ എരുമേലി പമ്പാ റോഡ് ഉപരോധിച്ചു. കളക്ടറുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയെ തുടർന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്.മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് കലക്ടർ അറിയിച്ചു

Similar Posts