തിരുവനന്തപുരത്ത് ജനവാസമേഖലയിൽ കാട്ടാനയിറങ്ങി; നാട്ടുകാരെ ആക്രമിക്കാൻ ശ്രമം
|രണ്ട് സംഘങ്ങളായി തിരിഞ്ഞ് നാട്ടുകാര്‍ ആനകളെ തുരത്താന്‍ ശ്രമിച്ചെങ്കിലും ഒരു സംഘത്തിനു നേരെ കൊമ്പന്മാര് പാഞ്ഞടുക്കുകയായിരുന്നു.
പാലോട്: തിരുവനന്തപുരം പാലോട് പെരിങ്ങമ്മല ഇടവം ജനവാസ മേഖലയില്‍ കാട്ടാനയിറങ്ങി. പ്രദേശത്തെ വാഴകൃഷിയടക്കമുള്ളവ കാട്ടാന നശിപ്പിച്ചു. തുരത്താനിറങ്ങിയ നാട്ടുകാരെ കാട്ടാനകള്‍ ആക്രമിക്കാന്‍ ശ്രമിച്ചു.
ഇന്നലെ രാത്രി 12ഓടെയാണ് മേഖലയില്‍ രണ്ട് കാട്ടാനകള്‍ ഇറങ്ങിയത്. രണ്ട് സംഘങ്ങളായി തിരിഞ്ഞ് നാട്ടുകാര്‍ ആനകളെ തുരത്താന്‍ ശ്രമിച്ചെങ്കിലും ഒരു സംഘത്തിനു നേരെ കൊമ്പന്മാര് പാഞ്ഞടുക്കുകയായിരുന്നു. തലനാരിഴയ്ക്കാണ് ഇവര്‍ രക്ഷപെട്ടത്.
എട്ട് പേരെയാണ് ആന ഓടിച്ചതെന്ന് നാട്ടുകാരായ പ്രതാപനും വിന്‍സന്റും പറയുന്നു. രാത്രി രണ്ട് മണി വരെ തങ്ങള്‍ പരിശ്രമിച്ച് ആനയെ മലയിലേക്ക് കയറ്റിവിട്ടെങ്കിലും രാവിലെയോടെ ആന വീണ്ടും വന്നെന്ന് ഇവര്‍ പറയുന്നു. ഈ പ്രശ്നത്തിന് അറുതി വരുത്തിയില്ലെങ്കില്‍ ആനകള്‍ വലിയ കുഴപ്പമുണ്ടാക്കുമെന്നും നാട്ടുകാര്‍ പറയുന്നു.
ഇപ്പോഴും ജനവാസമേഖലയില്‍ ആനകള്‍ ഉണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. അതേസമയം, ആനയെ ഓടിക്കുന്നതിനായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയിട്ടുണ്ട്.