Kerala
Wild elephant in Wayanad Payyampally escapes to Kuruvadweep, Payyampally aji death, Wayanad wild elephant attack
Kerala

'ഗേറ്റ് തകർത്തെത്തി അജിയെ എടുത്തെറിഞ്ഞു; തലയിൽ ചവിട്ടി'; ആക്രമണത്തില്‍ നടുങ്ങി നാട്ടുകാര്‍, കാട്ടാന കുറുവാ ദ്വീപിലേക്ക്

Web Desk
|
10 Feb 2024 5:58 AM GMT

47കാരന്റെ ജീവനെടുത്ത വീടിനു സമീപത്തുനിന്ന് ആന കുറുവാ ദ്വീപിലേക്ക് രക്ഷപ്പെട്ടതായി വിവരം

മാനന്തവാടി: വയനാട് പയ്യമ്പള്ളിയിൽ ഒരാളുടെ ജീവനെടുത്ത കാട്ടാനയെ കണ്ടെത്തി. കൊല്ലപ്പെട്ട ചാലിഗദ്ദ ഊരിലെ പനച്ചിയിൽ അജി(47)യുടെ വീടിനു സമീപത്തുള്ള പടമലക്കുന്നിലാണ് ആനയുണ്ടായിരുന്നത്. വനം വകുപ്പ് എത്തിയതോടെ കുറുവാ ദ്വീപിലേക്ക് രക്ഷപ്പെട്ടതായാണു വിവരം. സംഭവസ്ഥലത്തേക്ക് ജില്ലാ കലക്ടർ പുറപ്പെട്ടിട്ടുണ്ട്. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാനയാണ് മധ്യവയസ്‌ക്കനെ കൊലപ്പെടുത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥർ ഉൾപ്പെടെ നടത്തിയ തിരച്ചിലിലാണ് ആനയെ കണ്ടെത്തിയത്. ഇതിനെ കാട്ടിലേക്ക് തുരത്താനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥർ.

ഇന്നു രാവിലെ 7.30ഓടെയായിരുന്നു സംഭവം. ട്രാക്ടർ ഡ്രൈവറാണ് കൊല്ലപ്പെട്ട അജി. കൃഷി സ്ഥലത്ത് പുല്ല് അരിയാൻ പോയതായിരുന്നു ഇദ്ദേഹം. ഈ സമയത്താണ് കാട്ടാനയുടെ മുന്നിൽ അകപ്പെട്ടത്. പ്രാണരക്ഷാർത്ഥം സമീപത്തെ വീട്ടിലേക്ക ഓടിക്കയറിയെങ്കിലും ആന പിന്തുടർന്നെത്തി. മുകളിലേക്കുള്ള ചവിട്ടുപടികളും കടന്ന് ഗേറ്റ് പൊളിച്ചാണ് വീടിനു മുറ്റത്തേക്ക് ആന കുതിച്ചെത്തിയത്. ഇതിനിടെ വഴുതിവീണ അജിയെ ആന എടുത്തെറിയുകയും തലയിൽ ചവിട്ടുകയുമായിരുന്നു. ഉടൻ തന്നെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിൽ വൻ പ്രതിഷേധമാണ് പ്രദേശത്ത് നടക്കുന്നത്. അജിയുടെ മൃതദേഹവുമായാണു നാട്ടുകാരുടെ പ്രതിഷേധം. ആയിരങ്ങളാണ് മാനന്തവാടി നഗരത്തില്‍ തടിച്ചുകൂടിയിരിക്കുന്നത്. മാനന്തവാടിയിൽനിന്ന് കണ്ണൂർ, കോഴിക്കോട്, മൈസൂരൂ ഭാഗങ്ങളിലേക്കു പോകുന്ന റോഡുകളെല്ലാം നാട്ടുകാർ ഉപരോധിച്ചിരിക്കുകയാണ്.

സംഭവം നടന്ന വീടിനോട് ചേർന്ന പടമലക്കുന്നിൽ ആണ് ആനയെ കണ്ടെത്തിയത്. ഇവിടെനിന്ന് രണ്ടാം ഗേറ്റ് വഴി ബാവലി വനത്തിലേക്ക് ഓടിക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കുറുവാ ദ്വീപ് ഭാഗത്തേക്കാണ് ആന പോയിട്ടുള്ളത്.

കാട്ടാനയുടെ സാന്നിധ്യം തുടരുന്നതിനാൽ മാനന്തവാടിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രദേശത്തേക്ക് കൂടുതൽ ദൗത്യസംഘത്തെ അയച്ചതായി വനം മന്ത്രി എ.കെ ശശീന്ദ്രൻ അറിയിച്ചു. മാനന്തവാടി മുനിസിപ്പാലിറ്റിയിലെ കുറുക്കൻമൂല, കുറുവ, കാടൻകൊല്ലി, പയ്യമ്പള്ളി ഡിവിഷനുകളിലാണു നിരോധനാജ്ഞ പ്രഖ്യാപിച്ചത്. അടിയന്തര പ്രാധാന്യമുള്ളതിനാൽ വാക്കാലുള്ള നിർദേശമാണ് നിലവിൽ പ്രഖ്യാപിച്ചത്. പൊതുജനം ജാഗ്രത പാലിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.

വയനാട്ടിലെ ആശങ്കയ്ക്കു പരിഹാരം കാണുമെന്ന് വനം മന്ത്രി അറിയിച്ചു. ഏറെ ഉൽക്കണ്ഠ ഉണ്ടാക്കുന്ന വാർത്തകളാണ് വയനാട്ടിൽനിന്നു വരുന്നത്. വനം വകുപ്പ് ചെയ്യാനുള്ള കാര്യങ്ങൾ ചെയ്യുന്നുണ്ടെങ്കിലും അതിൻറെ പ്രയോജനം പലതും ജനങ്ങൾക്ക് കിട്ടുന്നില്ല. കൂടുതൽ ദൗത്യസംഘത്തെ അയച്ച് ഇപ്പോഴത്തെ അവസ്ഥ പരിഹരിക്കും. ആനയെ കാട്ടിലേക്ക് തിരിച്ചയയ്ക്കാനുള്ള ശ്രമമാണു നോക്കുന്നതെന്നും മന്ത്രി ശശീന്ദ്രൻ അറിയിച്ചു.

Summary: It is reported that the wild elephant that killed 47 year old in Payyampally in Wayanad escapes to Kuruvadweep

Similar Posts