അട്ടപ്പാടിയില്‍ കാട്ടാന, പാലോട് ജനവാസ മേഖലയിൽ കരടി
|മണ്ണാർക്കാട് നിന്നെത്തിയ ആര്‍ആര്‍ടി സംഘം ആനയെ നിരീക്ഷിക്കുന്നുണ്ട്
പാലക്കാട്: അട്ടപ്പാടിയിലെ ജനവാസ മേഖലയിൽ വീണ്ടും കാട്ടാന ഇറങ്ങി. വൈകിട്ട് ഏഴ് മണിയോടെയാണ് വട്ടലക്കിയിൽ കാട്ടാന എത്തിയത്. വീടുകൾ ക്കിടയിലൂടെ ഓടിയ ആനയെ നാട്ടുകാർ പടക്കം പൊട്ടിച്ച് തുരത്തി. എന്നാൽ ആന ഉൾവനത്തിലേക്ക് പോയിട്ടില്ല. മണ്ണാർക്കാട് നിന്നെത്തിയ ആര്‍ആര്‍ടി സംഘം ആനയെ നിരീക്ഷിക്കുന്നുണ്ട്. പ്രദേശത്ത് കഴിഞ്ഞ കുറെ ദിവസങ്ങളായി ഈ കാട്ടാനയുടെ സാന്നിധ്യമുണ്ട്.നിരന്തരം ആനയെത്തുന്നത് ജനങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്.
പാലോട് കരടിയിറങ്ങി
തിരുവനന്തപുരം പാലോട് ജനവാസ മേഖലയിൽ കരടിയിറങ്ങി. കണ്ടത് കരടിയാണെന്ന് വനം വകുപ്പ് സ്ഥിതീകരിച്ചു.പുലർച്ചേ ടാപ്പിംഗ് ജോലിക്കെത്തിയ യേശുദാസൻ, സഹദേവൻ എന്നിവരാണ് ആദ്യം കണ്ടത്. പാലോട് നിന്നും ആർ.ആർ.ടി ടീം സ്ഥലത്തെത്തി കരടിയുടെ കാൽപാദം കണ്ടതോടെയാണ് കരടിയാണ് എന്ന് ഉറപ്പിച്ചത്. രാത്രി വനം വകുപ്പിൻ്റെ നേതൃത്വത്തിൽ രാത്രി യോടെ ക്യാമറയും കtടും സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
അതേസമയം വയനാട്ടിലെ ആളെക്കൊല്ലി കാട്ടാന ബേലൂർ മഗ്നയ്ക്കായുള്ള ദൗത്യം ഇന്ന് പന്ത്രണ്ടാം ദിവസത്തിലേക്ക് കടന്നു. ഇന്നലെ ലഭിച്ച സിഗ്നലുകൾ പ്രകാരം ആന കർണാടക വനമേഖലയിലാണ്. റേഡിയോ കോളറിൽ നിന്നുള്ള സിഗ്നലുകൾ വഴി ആനയെ നിരീക്ഷിക്കുന്നത് തുടരുകയാണ് വനം വകുപ്പ് ദൗത്യസംഘം. ഇന്നലെ പുലർച്ചെ കബനി നദി കടന്ന് മുള്ളൻകൊല്ലിയിലെ ജനവാസ മേഖലയിൽ ബേലൂർ മഗ്ന എത്തിയത് ആശങ്ക സൃഷ്ടിച്ചിരുന്നു. ആന കേരളത്തിലേക്ക് കടക്കാൻ സാധ്യതയുള്ളതിനാൽ പട്രോളിങ്ങും നിരീക്ഷണവും തുടരാനാണ് ദൗത്യസംഘത്തിന്റെ തീരുമാനം.