പാലപ്പിള്ളിയിലെ കാട്ടാന ആക്രമണം; പരിക്കേറ്റ ആർആർടി അംഗം മരിച്ചു
|തുമ്പിക്കൈ കൊണ്ടുള്ള അടിയേറ്റാണ് ഉസൈന് ഗുരുതരമായി പരിക്കേറ്റത്.
തൃശൂർ: പാലപ്പിള്ളിയിലെ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റയാൾ മരിച്ചു. കാട്ടാനകളെ തുരത്താൻ കുങ്കിയാനകള്‍ക്ക് ഒപ്പം ഉണ്ടായിരുന്ന വയനാട് സ്വദേശി ഉസൈൻ ആണ് മരിച്ചത്.
കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഉസൈൻ ഒരാഴ്ചയിലേറെയായി ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയോടെ ഇദ്ദേഹത്തിന്റെ ആരോഗ്യനില മോശമായിരുന്നു. പുലർച്ചെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റാപ്പിഡ് റെസ്പോൺസ് ടീം (ആർആർടി) അംഗമാണ് ഉസൈൻ.
പാലപ്പിള്ളി എസ്റ്റേറ്റിനോട് ചേര്‍ന്നുള്ള ജനവാസ മേഖലകളില്‍ കാട്ടാനകളുടെ ശല്യം രൂക്ഷമായിരുന്നു. തുടർന്ന് മുത്തങ്ങയില്‍ നിന്ന് രണ്ട് കുങ്കിയാനകളെ കള്ളായി പത്താഴപ്പാറയിലെത്തിച്ചു. റോഡിൽ ഒറ്റയാൻ നിൽക്കുന്നുവെന്ന വിവരത്തെ തുടർന്ന് ആർആർടി അംഗങ്ങൾ എത്തിയപ്പോഴാണ് ആക്രമണമുണ്ടായത്. തുമ്പിക്കൈ കൊണ്ടുള്ള അടിയേറ്റാണ് ഉസൈന് ഗുരുതരമായി പരിക്കേറ്റത്.
വെറ്റിനറി സര്‍ജന്‍ അരുണ്‍ സഖറിയയുടെ നേതൃത്വത്തില്‍ ആന പാപ്പാന്മാരുള്‍പ്പെടെ പന്ത്രണ്ടംഗ സംഘമാണ് കുങ്കിയാനകള്‍ക്കൊപ്പമുള്ളത്. ഈ സംഘത്തിൽ അംഗമായിരുന്നു മരിച്ച ഹുസൈൻ.