പാലക്കാട് ജില്ലയുടെ വിവിധയിടങ്ങളിൽ കാട്ടുതീ പടരുന്നു; വാളയാർ മേഖലയിൽ നാല് ദിവസമായി തുടരുന്ന തീ പൂർണമായും അണക്കാനായില്ല
|വാളയാർ അട്ടപ്പള്ളത്ത് മലയുടെ താഴ്ഭാഗത്ത് നിന്നും കത്തിത്തുടങ്ങിയ തീ മലമുകളിലേക്ക് പടരുകയായിരുന്നു
വേനൽചൂട് കനത്തതോടെ പാലക്കാട് ജില്ലയുടെ വിവിധഭാഗങ്ങളിൽ കാട്ടുതീ പടരുകയാണ്. കാട്ടുതീ തുടങ്ങി നാലു ദിവസമായിട്ടും തീ പൂർണമായും നിയന്ത്രണവിധേയമാക്കാൻ സാധിച്ചിട്ടില്ല. വാളയാർ അട്ടപ്പള്ളത്തെ മലയുടെ താഴ്ഭാഗത്ത് നിന്നും കത്തിത്തുടങ്ങിയ തീ മലമുകളിലേക്ക് പടരുകയായിരുന്നു.
എന്നാൽ തീ നിയന്ത്രണ വിധേയമാക്കാൻ സാധിക്കുമെന്നു തന്നെയാണ് അധികൃതരുടെ പ്രതീക്ഷ. ഫയർഫോഴ്‌സിനു പോലും മല മുകളിലേക്കെത്താൻ കഴിയാത്ത സാഹചര്യമാണുള്ളത്. പരമാവധി ഉയരത്തിൽ കയറിയ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ മരച്ചില്ലകൾ ഉപയോഗിച്ച് തല്ലിക്കെടുത്താനുള്ള ശ്രമമാണ് നടത്തുന്നത്. മറ്റു മാർഗങ്ങൾ ഇപ്പോൾ സ്വീകരിക്കീനാവില്ല. അല്ലെങ്കിൽ ഹെലികോപ്റ്ററിന്റെ സഹായം തേടേണ്ടതായി വരുന്ന സാഹചര്യമാണുള്ളത്.
വലിയ രീതിയിലുള്ള ചൂടാണ് ജില്ലയിൽ അനുഭവപ്പെടുന്നത്. 40ഡിഗ്രി വരെയാണ് വാളയാറിലെ ചൂട്. പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് മേഖലയിലും കാട്ടുതീ ഉണ്ടായിരുന്നു. എന്നാൽ മണ്ണാർക്കാട് സൈന്റ് വാലി തുടങ്ങിയിടങ്ങളിൽ ജന പങ്കാളിത്തത്തോടെ തീ അണക്കാൻ സാധിച്ചു. സൈലന്റ് വാലിയിൽ നിരവധി മരങ്ങൾ അഗ്നിനിക്കിരയായി.
ഇതിനോടകം തന്നെ 41 ഡിഗ്രി വരെ ചൂട് ജില്ലയുടെ ചില മേഖലകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അതിനാൽ ഇത്തരം കാര്യങ്ങളിൽ ജന പങ്കാളിത്തത്തോടുകൂടിയുള്ള പദ്ധതികളാവിഷ്‌കരിക്കാനാണ് വനം വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.