![LDF declared a hartal today in Munnar to protest the death of a young man in wild elephant attack; Congress will block the road LDF declared a hartal today in Munnar to protest the death of a young man in wild elephant attack; Congress will block the road](https://www.mediaoneonline.com/h-upload/2024/02/26/1412570-untitled-1.webp)
വന്യജീവി ആക്രമണം: മൂന്നാറിലെ പ്രതിഷേധം അവസാനിപ്പിച്ചു
![](/images/authorplaceholder.jpg?type=1&v=2)
മരിച്ച സുരേഷ് കുമാറിന്റെ കുടുംബാംഗങ്ങൾക്ക് ജോലി നൽകുന്ന കാര്യം വനം വകുപ്പ് ശിപാർശ ചെയ്യും
ഇടുക്കി: വന്യജീവി ആക്രമണത്തിൽ നടപടി ആവശ്യപ്പെട്ട് മൂന്നാറിൽ നടന്ന പ്രതിഷേധങ്ങൾ അവസാനിപ്പിച്ചു. എൽഡിഎഫിന്റെ ഹർത്താലും പിൻവലിച്ചു. സർവകക്ഷി യോഗത്തിലാണ് തീരുമാനം. മരിച്ച സുരേഷ് കുമാറിന്റെ കുടുംബാംഗങ്ങൾക്ക് ജോലി നൽകുന്ന കാര്യം വനം വകുപ്പ് ശിപാർശ ചെയ്യും, അക്രമകാരികളായ ആനകളെ മറ്റൊരു സ്ഥലത്തേക്ക് മാറ്റാനും ശിപാർശചെയ്യും, ആർആർടി സംഘം വിപുലപ്പെടുത്തും തുടങ്ങിയ ഉറപ്പുകളിലാണ് തീരുമാനം. സുരേഷ് കുമാറിന്റെ മക്കളുടെ പഠന ചിലവും പരിക്കേറ്റവരുടെ ചികിത്സാ ചിലവും വനം വകുപ്പ് ഏറ്റെടുക്കും.
ഇന്നലെ രാത്രി പത്തു മണിയോടെയാണ് കന്നിമല എസ്റ്റേറ്റിലെ ഓട്ടോ ഡ്രൈവർ മണി എന്ന സുരേഷ് കുമാർ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഒരു കുട്ടിയും ഇതരസംസ്ഥാന തൊഴിലാളികളുമടക്കം അഞ്ചുപേർ ഓട്ടോയിലുണ്ടായിരുന്നു. കന്നിമല ടോപ്പ് സ്റ്റേഷനിൽ ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോയ്ക്കുനേരെ ആന പാഞ്ഞടുക്കുകയായിരുന്നു. ആക്രമണത്തിൽ മറിഞ്ഞ ഓട്ടോയുടെ അടിയിൽ അകപ്പെട്ട മണിക്ക് രക്ഷപ്പെടാനായില്ല. ഓട്ടോയിലുണ്ടായിരുന്ന മറ്റു രണ്ടുപേർക്കും പരിക്കേറ്റു. ഇവർക്കു പിറകെ എത്തിയ ജീപ്പിലുണ്ടായിരുന്നവരാണ് ആനയെ മാറ്റിയ ശേഷം ഇവരെ മൂന്നാറിലെ ആശുപത്രിയിലെത്തിച്ചത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ ജില്ലയിൽ നാലുപേരാണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
അതേസമയം, കൊല്ലപ്പെട്ട സുരേഷ് കുമാറിന്റെ (മണി) കുടുംബത്തിന് ഉടൻ നഷ്ട പരിഹാരം നൽകണമെന്നും കുടുംബാംഗത്തിന് വനം വകുപ്പ് ജോലി നൽകണമെന്നും അഡ്വ. എ രാജ എം.എൽ.എ ആവശ്യപ്പെട്ടു. ഇടുക്കിയിലെ ശല്യക്കാരായ കാട്ടാനകളെ മറ്റൊരിടത്തേക്ക് മാറ്റണമെന്നും ആർആർടിയെ ശക്തിപ്പെടുത്തണമെന്നും എം.എൽ.എ പറഞ്ഞു.