'മുഖ്യമന്ത്രി വയനാട്ടിലെത്തണം, മരിച്ചവരുടെ വീടുകള്‍ സന്ദര്‍ശിക്കണം'; സർവകക്ഷിയോഗം ബഹിഷ്കരിച്ച് യു.ഡി.എഫ്
|മന്ത്രിമാർക്ക് നേരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം
വയനാട്: വന്യജീവി ആക്രമണം രൂക്ഷമായ പശ്ചാത്തലത്തിൽ വയനാട്ടിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ ചേർന്ന സർവകക്ഷിയോഗം യു.ഡി.എഫ് ബഹിഷ്കരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ വയനാട്ടിൽ എത്തണമെന്ന് കോൺഗ്രസ് എം.എൽ.എമാർ ആവശ്യപ്പെട്ടു. എ.കെ ശശീന്ദ്രനെ വനം മന്ത്രി സ്ഥാനത്ത് നിന്നും വയനാട് ജില്ലയുടെ ചുമതലയിൽ നിന്നും നീക്കണം. മരിച്ചവരുടെ വീട് സന്ദർശിക്കാത്ത വനം മന്ത്രി പങ്കെടുക്കുന്ന യോഗത്തിൽ പങ്കെടുക്കാനാകില്ലെന്നും എംഎൽഎമാരായ ടി.സിദ്ദിഖും ഐ.സി.ബാലകൃഷ്ണനും പറഞ്ഞു.
വന്യമൃഗ ആക്രമണത്തിൽ നിരവധി ജീവനുകൾ പൊലിഞ്ഞിട്ടും വനം വകുപ്പ് മന്ത്രി ഇതുവരെ വീടുകൾ സന്ദർശിക്കാത്തത് അങ്ങേയറ്റത്തെ നെറികേടെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മയക്കുവെടി കൊണ്ട കുംകിയാനയെ പോലെയാണ് വനം മന്ത്രി നടക്കുന്നതെന്നും രമേശ് ചെന്നിത്തല പരിഹസിച്ചു.
സർവകക്ഷിയോഗത്തിനെത്തിയ മന്ത്രിമാർക്ക് നേരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം നടന്നു. സുൽത്താൻ ബത്തേരിയിൽ മന്ത്രിമാർക്ക് നേരെ കരിങ്കൊടി കാട്ടുകയും ചെയ്തു.