നാദാപുരം അരൂരിൽ കാട്ടുപന്നികളുടെ ശല്യം രൂക്ഷം
|കാട്ടുപന്നികളുടെ കൂട്ടത്തോടെയുള്ള ആക്രമണങ്ങളിൽ നിന്ന് കഷ്ടിച്ചാണ് പലരും രക്ഷപ്പെടുന്നത്
അരൂർ മലയാട പൊയിലിൽ കൃഷിയിടങ്ങളിൽ കാട്ടുപന്നികളുടെ ശല്യം രൂക്ഷം. കഴിഞ്ഞ ദിവസം രണ്ടര ഏക്കർ ഭൂമിയിലെ ഇടവിളകൾ പന്നികൾ നശിപ്പിച്ചു. കൂട്ടത്തോടെയുള്ള ആക്രമണത്തിൽ വ്യാപക കൃഷിനാശമുണ്ടായി.
നടക്കുമീത്തൽ ചവേലക്കുളങ്ങര ഗോപാലൻ മാസ്റ്ററുടെ രണ്ടരയേക്കർ കൃഷിയിടത്തിലെ ഇടവിളകളായ ചേന, ചേമ്പ് , മരച്ചീനി ,വാഴ എന്നിവ പൂർണ്ണമായും കാട്ടുപന്നികൾ നശിപ്പിച്ചു. 200 കിലോയിലധികം ചേന വിത്തും 50 കിലോയിലേറെ ചേമ്പ് വിത്തുമായിരുന്നു കൃഷി ചെയ്തിരുന്നത്. വിളവെടുപ്പിന് പാകമായ വിളകളാണ് പന്നികൾ നശിപ്പിച്ചത്.
കാട്ടുപന്നികളുടെ ആക്രമണങ്ങളിൽ നിന്ന് കഷ്ടിച്ചാണ് പലരും രക്ഷപ്പെടുന്നത്. പന്നികൾ ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്നതിനാൽ ഭീതിയിലാണ് നാട്ടുകാർ. കാട്ടുപന്നികളെ ഭയന്ന് കൃഷി ചെയ്യാനാവാത്ത അവസ്ഥയിലാണ് കർഷകർ. രാത്രിയും പകലും കാട്ടുപന്നികൾ റോഡുകളിലും വീട്ടുവളപ്പുകളിലും ഇറങ്ങുന്നത് ഭീതിയോടെയാണ് നാട്ടുകാർ കാണുന്നത്. പലരും കഷ്ടിച്ചാണ് കാട്ടുപന്നികളുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടതെന്ന് നാട്ടുകാർ പറഞ്ഞു.