‘ഹിന്ദു വികാരം വ്രണപ്പെടുത്തും’; തവനൂർ- തിരുനാവായ പാലത്തിനെതിരെ ഹൈകോടതിയെ സമീപിച്ച് ഇ.ശ്രീധരൻ
|സർക്കാർ അലൈൻമെന്റിൽ പാലം പൂർത്തിയാകുന്നതോടെ ഭാരതപ്പുഴയുടെ തീരത്തുള്ള ക്ഷേത്രങ്ങളുടെ പവിത്രതയെ ബാധിക്കുമെന്നും അത് ഹിന്ദുവികാരത്തെ വ്രണപ്പെടുത്തുമെന്നുമാണ് ഇ. ശ്രീധരന്റെ വാദം
കൊച്ചി: ഭാരതപ്പുഴയ്ക്ക് കുറുകെയുള്ള നിർദ്ദിഷ്ട തവനൂർ-തിരുനാവായ പാലം ഹിന്ദുവികാരത്തെ വ്രണപ്പെടുത്തുമെന്നും പാലം നിർമാണം പുന:പരിശോധിക്കണമെന്നുമാവശ്യപ്പെട്ട് ബിജെപി നേതാവും മെട്രോമാനുമായ ഇ.ശ്രീധരൻ രംഗത്ത്. പാലത്തിന്റെ നിലവിലെ അലൈൻമെന്റിനെതിരെ ഇ. ശ്രീധരൻ ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹരജി ഫയൽ ചെയ്തു. ഭാരതപ്പുഴയുടെ ഇരുകരക്കാരുടെയും പതിറ്റാണ്ടുകളായുള്ള ആവശ്യമായിരുന്നു ഈ പാലം. പാലത്തിന്റെ നിർമാണോദ്ഘാടനം സെപ്റ്റംബർ ഏഴിന് നടക്കാനിരിക്കെയായിരുന്നു പാലത്തിനെതിരെ ഇ.ശ്രീധരൻ ഹൈക്കോടതിയെ സമീപിച്ചത്. ശ്രീധരന്റെ നടപടി പ്രദേശവാസികൾക്കിടയിൽ വൻപ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
സർക്കാർ അലൈൻമെന്റിൽ പാലം പൂർത്തിയാകുന്നതോടെ ഭാരതപ്പുഴയുടെ തീരത്തുള്ള ക്ഷേത്രങ്ങളുടെ പവിത്രതയെ ബാധിക്കുമെന്നും അത് ഹിന്ദുവികാരത്തെ വ്രണപ്പെടുത്തുമെന്നുമാണ് ഇ. ശ്രീധരന്റെ വാദം. ഭാരതപ്പുഴയുടെ വടക്കേകരയിലെ തിരുനാവായ മഹാവിഷ്ണു ക്ഷേത്രത്തിലെയും തെക്കേകരയിലുള്ള തവനൂരിലെ ബ്രഹ്മാവിന്റെയും വിഷ്ണുവിന്റെയും പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിലെയും ചൈതന്യത്തെ വേർതിരിക്കും. ത്രിമൂർത്തി സംഗമസ്ഥാനത്ത് പാലം വരുന്നത് മതവിശുദ്ധിയെ ബാധിക്കും. അത് ഹിന്ദു വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുമെന്നാണ് ഇ. ശ്രീധന്റെ വാദം. ഇതിനൊപ്പം പാലത്തിന്റെ നിലവിലെ അലൈൻമെന്റ് കെ.കേളപ്പന്റെ സമാധിയിയെയും ബാധിക്കുമെന്നും അദ്ദേഹം പറയുന്നു.
സർക്കാർ അലൈൻമെന്റിന് പകരം ഇ. ശ്രീധരൻ മറ്റൊരു അലൈൻമെന്റ് തയാറാക്കി മുഖ്യമന്ത്രി പിണറായി വിജയനും പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിനും അയച്ചിരുന്നു. എന്നാൽ അതിൽ പ്രതികരണങ്ങളില്ലാത്തതിനാലാണ് ഹൈക്കോടതിയെ സമീപിച്ചതെന്നാണ് ഇ. ശ്രീധരൻ പറയുന്നത്. ഇ.ശ്രീധരന്റെ ഹരജിയിൽ സർക്കാർ റിപ്പോർട്ട് ലഭിക്കുന്നതിനനുസരിച്ച് ഓണാവധിക്ക് ശേഷമാകും ഹൈക്കോടതി തുടർനടപടി സ്വീകരിക്കുക. പാലത്തിനെതിരെ രംഗത്തുവന്ന ഇ.ശ്രീധരനെതിരെ തവനൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രതിഷേധിക്കുന്ന വിഡിയോ കഴിഞ്ഞ ദിവസം സോഷ്യൽമീഡിയയിൽ വൈറലായിരുന്നു.
ജനങ്ങളുടെ ഏറെ നാളത്തെ ആവശ്യത്തിന് ശേഷം 2009 ജൂലൈ 14നാണ് പാലത്തിന് സംസ്ഥാന സർക്കാറിന്റെ ഭരണാനുമതി ലഭിച്ചത്. 2021 ലാണ് ഭൂമി ഏറ്റെടുക്കൽ നടപടി പൂർത്തീകരിച്ചത്. പാലം പൂർത്തിയാകുന്നതോടെ കോഴിക്കോട്-കൊച്ചി യാത്രയുടെ ദൂരം ഗണ്യമായി കുറയുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ത്രിമൂർത്തി സംഗമസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന പാലം യാഥാർഥ്യമാകുന്നതോടെ തീർഥാടന ടൂറിസം രംഗത്തും ഏറെ ഗുണകരമാകുമെന്ന വിലയിരുത്തലുമുണ്ട്. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി പാലക്കാട് മത്സരിച്ചിരുന്നു ഇ. ശ്രീധരൻ.