Kerala
പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചെത്തുമോ...? കോടിയേരിയുടെ മറുപടി ഇങ്ങനെ
Kerala

'പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചെത്തുമോ...?' കോടിയേരിയുടെ മറുപടി ഇങ്ങനെ

Web Desk
|
31 Oct 2021 6:19 AM GMT

ബിനീഷ് കോടിയേരി ജാമ്യം ലഭിച്ച് തിരിച്ചെത്തിയ പശ്ചാത്തലത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് തിരികെയെത്തുന്ന കാര്യം ആലോചിച്ച് തീരുമാനിക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍. ബിനീഷ് കോടിയേരി ജാമ്യം ലഭിച്ച് തിരിച്ചെത്തിയ പശ്ചാത്തലത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ജാമ്യം ലഭിച്ച് ബിനീഷ് കോടിയേരി നാട്ടില്‍ തിരികെയെത്തിയതില്‍ സന്തോഷം പ്രകടിപ്പിച്ച കോടിയേരി കേസ് കോടതിയിൽ നിലനിൽക്കുന്നതുകൊണ്ട് കൂടുതല്‍ കാര്യങ്ങളില്‍ പ്രതികരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും വ്യക്തമാക്കി. 'ബിനീഷിന് ജാമ്യം ലഭിച്ചതിൽ സന്തോഷമുണ്ട്. ജയിലിൽ പോയി സന്ദർശിക്കാന്‍ ഇതുവരെ കഴിഞ്ഞിരുന്നില്ല... '. കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഇ.ഡി ക്കെതിരെ നേരത്തെ ഉന്നയിച്ച ആരോപണങ്ങളെല്ലാം ശരിവെക്കുന്ന രീതിയിലാണ് കാര്യങ്ങള്‍ സംഭവിക്കുന്നതെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു

പാർട്ടി സെക്രട്ടറി സ്ഥാനത്തേക്ക് തിരികെയെത്തുമോയെന്ന ചോദ്യത്തിന് ഇപ്പോള്‍ അക്കാര്യത്തെക്കുറിച്ച് തീരുമാനിച്ചിട്ടില്ലെന്നും പിന്നീട് ആലോചിച്ച് തീരുമാനമെടുക്കാമെന്നുമായിരുന്നു കോടിയേരിയുടെ മറുപടി.

കള്ളപ്പണം വെളുപ്പിച്ച കേസിൽ ജാമ്യം ലഭിച്ച ബിനീഷ് കോടിയേരി കേരളത്തില്‍ തിരിച്ചെത്തി. ഇന്നലെ ബംഗളൂരു ജയിലില്‍ നിന്നു പുറത്തിറങ്ങിയ ബിനീഷ് തിരുവനന്തപുരം വിമാനത്താവളത്തിലാണ് വന്നിറങ്ങിയത്. ബിനീഷിനെ സ്വീകരിക്കാനായി പൂമാലയും പൂച്ചെണ്ടുമെല്ലാമായി സുഹൃത്തുക്കളുടെ വലിയ നിര തന്നെയുണ്ടായിരുന്നു വിമാനത്താവളത്തില്‍. 'കോടതിയോട് നന്ദി പറയുന്നു. വൈകിയാണെങ്കിലും നീതി ലഭിച്ചു. എല്ലാ കാലത്തും സത്യം മറച്ചുവെക്കാനില്ല, ഒരുപാട് കാര്യങ്ങൾ പറയാനുണ്ട്. എല്ലാം പിന്നീട് വിശദീകരിക്കാം'. ബിനീഷ് കോടിയേരി പറഞ്ഞു.ബംഗളൂരു പരപ്പന അഗ്രഹാര ജയിലിൽ നിന്ന് രാത്രി എട്ട് മണിയോടെയാണ് ബിനീഷ് പുറത്തിറങ്ങിയത്. ഒരു വർഷത്തിന് ശേഷമാണ് ജയിൽമോചനം. വ്യാഴാഴ്ചയാണ് കർണാടക ഹൈക്കോടതി ബിനീഷിന് ജാമ്യം അനുവദിച്ചത് . എന്നാൽ കടുത്ത ജാമ്യ വ്യവസ്ഥകൾ കാരണം ജാമ്യക്കാർ പിൻമാറിയതിനാൽ ഇന്നലെ പുറത്തിറങ്ങാൻ കഴിഞ്ഞിരുന്നില്ല. അഞ്ചു ലക്ഷം രൂപയുടെ രണ്ട് ആൾ ജാമ്യത്തിന് പുറമെ തെളിവുകള്‍ നശിപ്പിക്കുകയോ സാക്ഷികളെ സ്വാധീനിക്കുകയോ ചെയ്യരുത്, ആവശ്യപ്പെടുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ ഹാജരാകണം, വിചാരണ കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിട്ടു പോകരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.

കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം 2020 ഒക്ടോബർ 29നാണ് ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്​റ്റ് ചെയ്തത്. 2020 ഒക്ടോബർ 29ന് അറസ്റ്റിലായി 14 ദിവസം ഇ.ഡി കസ്റ്റഡിയിൽ ചോദ്യം ചെയ്തശേഷം 2020 നവംബർ 11 മുതൽ ബംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ് ബിനീഷ് കോടിയേരി. ഇ.ഡി അന്വേഷിക്കുന്ന കേസിൽ നാലാം പ്രതിയാണ് ബിനീഷ്.2021 ഫെബ്രുവരിയിൽ ബംഗളൂരുവിലെ പ്രത്യേക കോടതി ജാമ്യാപേക്ഷ രണ്ടു തവണ തള്ളിയതിനെ തുടർന്നാണ് ഹൈകോടതിയെ സമീപിച്ചത്. 2021 ഏപ്രിലിലാണ് ഹൈകോടതിയിൽ ജാമ്യാപേക്ഷയിൽ വാദം ആരംഭിക്കുന്നത്. ജാമ്യ ഹരജി പരിഗണിക്കുന്നതിനിടെ മൂന്നു തവണയാണ് ഹൈകോടതി ബെഞ്ച് മാറിയത്. പല തവണയായി നീണ്ടുപോയ ഏഴുമാസത്തെ വാദ പ്രതിവാദങ്ങൾക്കൊടുവിലാണിപ്പോൾ ബിനീഷിന് അനുകൂലമായി കോടതി വിധിയുണ്ടായത്.

Similar Posts