'ധൃതിപിടിച്ച് അഭിപ്രായം പറയില്ല'; പ്രതിരോധ നീക്കങ്ങൾക്ക് നിന്നു കൊടുക്കില്ലെന്ന് കേരള കോണ്‍ഗ്രസ് എം
|മടങ്ങിവരേണ്ടവർ ആദ്യം അഭിപ്രായം പറയട്ടെയെന്ന് യുഡിഎഫ് ജില്ലാ നേതൃത്വം
കോട്ടയം: യുഡിഎഫിലേക്ക് ക്ഷണിച്ച കെ.സുധാകരന്റെ പ്രസ്താവനയിൽ തിടുക്കപ്പെട്ട് പ്രതികരിക്കേണ്ടെന്ന് കേരളാ കോൺഗ്രസ് എമ്മിൽ ധാരണ. പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന നീക്കങ്ങൾക്ക് നിന്നു കൊടുക്കേണ്ടന്നാണ് നിലപാട്. മടങ്ങിവരേണ്ടവർ ആദ്യം അഭിപ്രായം പറയട്ടെയെന്ന് യുഡിഎഫ് ജില്ലാ നേതൃത്വം വ്യക്തമാക്കി. തെരഞ്ഞെടുപ്പോടെ മാണി ഗ്രൂപ്പ് തകർന്നടിഞ്ഞെന്ന് ജോസഫ് വിഭാഗം പ്രതികരിച്ചു.
ജോസ് കെ മാണി വൈകാതെ യുഡിഎഫിൽ തിരികെ എത്തുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് കെപിസിസി പ്രസിഡൻ്റിൻ്റെ ക്ഷണം. ആവശ്യമെങ്കിൽ താൻ അങ്ങോട്ട് പോയി ചർച്ച നടത്താമെന്നും കെ സുധാകരൻ വ്യക്തമാക്കിയിരുന്നു.
അതേസമയം കെ സുധാകരന്റെ പ്രതികരണം പ്രതിപക്ഷ നേതാവ് വിഡി സതീശൻ തള്ളി. എന്നാൽ ധൃതി പിടിച്ച് ഈ വിഷയത്തിൽ അഭിപ്രായം പറയേണ്ടന്നാണ് കേരളാ കോൺഗ്രസ് എമ്മിൻ്റെ നിലപാട്. എൽഡിഎഫിൽ രാജ്യസഭാ സീറ്റ് ലക്ഷ്യമിടുന്നതിനാൽ മുന്നണിക്ക് ക്ഷീണം വരുന്ന പ്രതികരണങ്ങൾ ഒഴിവാക്കാനാണ് ധാരണ. തെരഞ്ഞെടുപ്പ് തോൽവിയിൽ സർക്കാരിനെയും സിപിഎമ്മിനെയും പ്രതിരോധിച്ചായിരുന്നു നേരത്തെ ജോസ് കെ മാണിയുടെ പ്രതികരണം.
തിരുവഞ്ചൂർ അടക്കമുള്ള ജില്ലയിലെ കോൺഗ്രസ് നേതാക്കൾ മാണി ഗ്രൂപ്പിൻ്റെ മടങ്ങിവരവിൽ പ്രതികരിക്കുന്നതും ജാഗ്രതയോടെയാണ്. കണക്കുകൾ ചൂണ്ടിക്കാട്ടി ജോസഫ് വിഭാഗം ഗ്രൂപ്പ് മാണി ഗ്രൂപ്പിൻ്റെ വരവിന് തടയിടാനും ശ്രമിക്കുന്നുണ്ട്. കോട്ടയത്തെ തെരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെ കേരളാ രാഷ്ട്രീയത്തിൽ ചർച്ചകൾക്ക് വീണ്ടും വഴി തുറന്നിരിക്കുകയാണ് കേരളാ കോൺഗ്രസ് രാഷ്ടീയം.