ചാണ്ടി ഉമ്മൻ യോഗ്യൻ, രാഷ്ട്രീയത്തിലേക്കില്ല: അച്ചു ഉമ്മൻ
|എവിടെ പോയാലും ഉമ്മൻ ചാണ്ടിയുടെ മകൾ എന്നതാണ് തന്റെ ഐഡന്റിറ്റി. അവസാനം വരെ ആ ലേബലിൽ ജീവിച്ച് മരിക്കാനാണ് ആഗ്രഹമെന്നും അച്ചു ഉമ്മൻ കൂട്ടിച്ചേർത്തു
കോട്ടയം: പൊതുപ്രവർത്തനത്തിലേക്ക് ഇല്ലെന്ന് ഉറപ്പിച്ച് ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ. പുതുപ്പള്ളിയിലെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച ചർച്ചകളോടും അച്ചു എതിർപ്പ് പ്രകടിപ്പിച്ചു.
സ്ഥാനാർഥിത്വത്തെ ചൊല്ലിയുള്ള ചർച്ചകളും ചോദ്യങ്ങളും അങ്ങേയറ്റം അരോചകമാണ്. നിലവിലെ അവസ്ഥയിൽ ഒഴിവാക്കേണ്ട ചർച്ചകളായിരുന്നു ഇവയെല്ലാം. എന്നാൽ, ഒരു പ്രസ്താവന വന്നതിന് ശേഷം സോഷ്യൽ മീഡിയയിൽ ഉയർന്ന ചോദ്യങ്ങൾക്ക് വ്യക്ത്യത വരേണ്ടത് ആവശ്യമാണെന്ന് തോന്നി. ചാണ്ടി ഉമ്മൻ യോഗ്യതയുള്ള ഒരു സ്ഥാനാർത്ഥിയാണ്. എന്നാൽ, ചാണ്ടിയുടെ യോഗ്യതയും സ്ഥാനാർഥി ആരാകണമെന്നതും അടക്കമുള്ള കാര്യങ്ങളിൽ അന്തിമ തീരുമാനമെടുക്കേണ്ടത് കോൺഗ്രസ് പാർട്ടിയാണെന്നും അച്ചു ഉമ്മൻ പറഞ്ഞു.
പൊതുപ്രവർത്തനരംഗത്തേക്ക് വരാൻ യാതൊരു ആഗ്രഹവുമില്ലെന്നും അച്ചു ഉമ്മൻ ആവർത്തിച്ചു. എവിടെ പോയാലും ഉമ്മൻ ചാണ്ടിയുടെ മകൾ എന്നതാണ് തന്റെ ഐഡന്റിറ്റി. അവസാനം വരെ ആ ലേബലിൽ ജീവിച്ച് മരിക്കാനാണ് ആഗ്രഹമെന്നും അച്ചു ഉമ്മൻ കൂട്ടിച്ചേർത്തു.
ആസന്നമായ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തിൽ നിന്ന് തന്നെയാകുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ നേരത്തെ പറഞ്ഞിരുന്നു. എന്നാൽ, പിന്നീട് നിലപാട് മാറ്റി. ഉമ്മൻചാണ്ടിയുടെ കുടുംബത്തിൽ നിന്നാണ് സ്ഥാനാർഥി എന്ന് പറഞ്ഞിട്ടില്ലെന്നായിരുന്നു തുടർന്നുള്ള പ്രസ്താവന. സ്ഥാനാർത്ഥിയെ തീരുമാനിക്കുമ്പോൾ ഉമ്മൻചാണ്ടിയുടെ കുടുംബവുമായി ആലോചിക്കും എന്നാണ് പറഞ്ഞത്. സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട ഒരു ചർച്ചകളും പാർട്ടിയിൽ നടന്നിട്ടില്ലെന്നും സുധാകരൻ വ്യക്തമാക്കിയിരുന്നു.
ഇതിനിടെ, ചാണ്ടി ഉമ്മനാണ് ഉമ്മന്‍ചാണ്ടിയുടെ അനന്തരാവകാശിയെന്ന് കോണ്‍ഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ് പറഞ്ഞു.കോൺഗ്രസിൽ തലമുറ മാറ്റം സംഭവിച്ചു കൊണ്ടിരിക്കുന്നതിനാൽ സമീപ ഭാവിയിൽ ചാണ്ടി ഉമ്മന്‍ നേതൃത്വനിരയിൽ എത്തുമെന്ന പ്രതീക്ഷയും ചെറിയാന്‍ ഫിലിപ്പ് മീഡിയവണിനോട് പങ്കിട്ടു.. ചെറിയാൻ ഫിലിപ്പിന്റെ പ്രതികരണം ശരിയായ നടപടി അല്ലെന്ന് കെ പി സിസി പ്രസിഡന്റ് കെ സുധാകരൻ പറഞ്ഞു. തിരക്കിട്ട സ്ഥാനാർത്ഥി നിർണയത്തിലേക്ക് കടക്കേണ്ടതില്ലെനന്നായിരുന്നു കെ മുരളീധരന്ന്റെ പ്രതികരണം.