Kerala
ലീഗ് നേതാക്കളെ വേദനിപ്പിക്കില്ലെന്ന് ഹരിതയുടെ പുതിയ ഭാരവാഹികള്‍
Kerala

ലീഗ് നേതാക്കളെ വേദനിപ്പിക്കില്ലെന്ന് 'ഹരിത'യുടെ പുതിയ ഭാരവാഹികള്‍

Web Desk
|
28 Sep 2021 10:01 AM GMT

മുസ്‍ലിം ലീഗ് പ്രവര്‍ത്തകരുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന രീതിയില്‍ ഒരു പ്രവര്‍ത്തനവും ഹരിതയുടെ പുതിയ സംസ്ഥാന കമ്മിറ്റിയുടെ ഭാഗത്തുനിന്നുണ്ടാകില്ലെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി റുമൈസ റഫീഖ് വ്യക്തമാക്കി

മുന്‍ സംസ്ഥാന നേതാക്കളെ തള്ളി എംഎസ്എഫ്-ഹരിതയുടെ പുതിയ ഭാരവാഹികള്‍. മുസ്‍ലിം ലീഗ് നേതാക്കളെയും പ്രവര്‍ത്തകരെയും വേദനിപ്പിക്കുന്ന തരത്തിലുള്ള ഒരു നടപടിയും ഇനി ഹരതയുടെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്ന് നേതാക്കള്‍ വ്യക്തമാക്കി. ഹരിതയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട് ലീഗ് ഹൗസില്‍ നടന്ന 'സിഎച്ച് സെമിനാറി'ലാണ് നേതാക്കളുടെ നയപ്രഖ്യാപനം.

മുസ്‍ലിം ലീഗ് പ്രവര്‍ത്തകരുടെ വികാരത്തെക്കൂടി അഭിസംബോധന ചെയ്തുകൊണ്ടായിരിക്കും ഹരിതയുടെ ഇനിയുള്ള പ്രവര്‍ത്തനങ്ങളെന്ന് പുതിയ സംസ്ഥാന ജനറല്‍ സെക്രട്ടറി റുമൈസ റഫീഖ് വ്യക്തമാക്കി. അവരുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന രീതിയില്‍ ഒരു പ്രവര്‍ത്തനവും ഹരിതയുടെ പുതിയ സംസ്ഥാന കമ്മിറ്റിയുടെ ഭാഗത്തുനിന്നുണ്ടാകില്ലെന്ന് ഈയൊരു അവസരത്തില്‍ ഉറപ്പുനല്‍കുകയാണ്. പൊതുബോധത്തിന് വിപരീതമായി പാര്‍ട്ടിയെടുത്ത തീരുമാനങ്ങള്‍ ശരിയാണെന്ന് കാലം തെളിയിച്ചിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

മുസ്‍ലിം ലീഗ് ജെന്‍ഡര്‍ പൊളിറ്റിക്സല്ല സമുദായ രാഷ്ട്രീയമാണ് മുന്നോട്ടുവയ്ക്കുന്നതെന്ന് ചടങ്ങില്‍ സംസാരിച്ച വനിതാ ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. നൂര്‍ബിന റഷീദ് വ്യക്തമാക്കിയിരുന്നു. ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കാണ് ലീഗ് എന്ന് ചിലര്‍ പറയുന്നു, നമ്മള്‍ ലീഗിലെ സ്ത്രീകളാണെങ്കിലും ആദ്യം മുസ്‍ലിമാണെന്ന ബോധം മറക്കരുത്. സമുദായത്തെ മറന്ന് രാഷ്ട്രീയ പ്രവര്‍ത്തിക്കരുതെന്നും അവര്‍ പറഞ്ഞു.

ലീഗിനെ മാറ്റിനിര്‍ത്തി ഒരു പോഷകസംഘടനയുമില്ല. പൊതുപ്രവര്‍ത്തകരുടെ ജീവിതം തന്നെയാണ് സന്ദേശം. നമ്മള്‍ നില്‍ക്കുന്നത് നീതിയുടെ പക്ഷത്താവണം. സ്ത്രീപക്ഷമെന്നോ പുരുഷപക്ഷമെന്നോ ഇല്ല. മുസ്‍ലിം ലീഗിനെ മാറ്റിനിര്‍ത്തിക്കൊണ്ട് ഒരു പോഷക സംഘടനയ്ക്കും നിലനില്‍പ്പില്ല. ലീഗിന്റെ ഭരണഘടനയില്‍ എവിടെയും സ്ത്രീപക്ഷ രാഷ്ട്രീയമില്ലെന്നും നൂര്‍ബിന റഷീദ് പറഞ്ഞു

'സ്ത്രീ നവോത്ഥാനത്തിന്റെ നാമ്പുകള്‍' എന്ന പേരിലാണ് പുതിയ ഹരിത കമ്മിറ്റിയുടെ നേതൃത്വത്തില്‍ സിഎച്ച് സെമിനാറും ഏകദിന ശില്‍പശാലയും നടന്നത്. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ശില്‍പശാല ഉദ്ഘാടനം ചെയ്തു. രാവിലെ ഒന്‍പതിന് തുടങ്ങി വൈകീട്ട് നാലുവരെ നീണ്ടുനില്‍ക്കുന്ന ശില്‍പശാലയില്‍ ലീഗ് നേതാക്കളായ ഇടി മുഹമ്മദ് ബഷീര്‍ എംപി, പികെ കുഞ്ഞാലിക്കുട്ടി എംഎല്‍എ, എംകെ മുനീര്‍ എംഎല്‍എ, പിഎംഎ സലാം, എംപി അബ്ദുസ്സമദ് സമദാനി എംപി, കെഎം ഷാജി, പിഎം സാദിഖലി, പികെ ഫിറോസ്, വനിതാ ലീഗ് നേതാക്കളായ പി കുല്‍സു, കെപി മറിയുമ്മ തുടങ്ങിയവരും ലൈംഗികാധിക്ഷേപക്കേസില്‍ ആരോപണവിധേയനായ എംഎസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ നവാസും സംബന്ധിക്കുന്നുണ്ട്.

Similar Posts