
'പിന്തുണക്കില്ല'; വഖഫ് ബില്ലില്‍ മലക്കം മറിഞ്ഞ് ഫ്രാന്‍സിസ് ജോര്‍ജ്

ന്യൂനപക്ഷങ്ങള്‍ ഒരുമിച്ചുനില്‍ക്കണമെന്നും പാര്‍ട്ടിയുടെ നിലപാട് വ്യക്തമാണെന്നും ഫ്രാന്‍സിസ് കൂട്ടിച്ചേര്‍ത്തു
കോട്ടയം: വഖഫ് ബില്ലിൽ മലക്കം മറിഞ്ഞ് ഫ്രാൻസിസ് ജോർജ് എംപി. പാർട്ടിയുടേയും യുഡിഎഫിന്‍റെയും നിലപാട് തന്നെയാണ് തന്‍റേതെന്നും ന്യൂനപക്ഷങ്ങൾ ഒരുമിച്ച് നിൽക്കണമെന്നും അദ്ദേഹം മീഡിയവണിനോട് പറഞ്ഞു. വഖഫ് ഭേദഗതി ബില്ലിനെ പാര്‍ലമെന്‍റില്‍ അനുകൂലിക്കുമെന്ന് മുനമ്പം സമരവേദിയിൽ ഫ്രാൻസിസ് ജോർജ് പറഞ്ഞിരുന്നു.
'' ബില്‍ പാര്‍ലമെന്‍റില്‍ ചര്‍ച്ചക്ക് വരുമ്പോള്‍ കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുമെന്നാണ് ഞാന്‍ പറഞ്ഞത്. കാരണം ഇന്ന് ഈ രാജ്യത്ത് മറ്റേതൊരു കാലഘട്ടത്തെക്കാളും ന്യൂനപക്ഷങ്ങള്‍ ഒരുമിച്ച് നില്‍ക്കണ്ട സാഹചര്യമാണ്. ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങള്‍ ആക്രമിക്കപ്പെടുന്നു. മുസ്‍ലിം പള്ളികള്‍ക്കെതിരെയുണ്ടായ പ്രശ്നങ്ങള്‍ നമുക്കറിയാം. ക്രൈസ്തവ ദേവാലയങ്ങള്‍ക്കെതിരെ നിരന്തരം ആക്രമണങ്ങളുണ്ടാകുന്നു. ന്യൂനപക്ഷ വിരുദ്ധ സമീപനം സ്വീകരിക്കുന്ന ഒരു സര്‍ക്കാരിനെയോ അതിന്‍റെ നയത്തെയോ ഞാനെങ്ങിനെയാണ് പിന്തുണക്കുന്നത്. ഒരിക്കലും അങ്ങനെ ചെയ്യില്ല. ന്യൂനപക്ഷ ആവശ്യങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നാണ് എന്‍റെ നിലപാട്''ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു.
വഖഫ് ഭേദഗതി ബില്ലിനെ പാര്‍ലമെന്‍റില്‍ അനുകൂലിക്കുമെന്ന് ഫ്രാന്‍സിസ് ജോര്‍ജ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. തന്‍റെ പാര്‍ട്ടിയായ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്‍റെ നിലപാടും ഇതുതന്നെയാണെന്ന് ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു. മുനമ്പം സമരവേദിയിൽ ആയിരുന്നു അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. വഖഫ് നിയമത്തിലെ വകുപ്പുകളോട് യോജിക്കാന്‍ കഴിയില്ലെന്നും കേന്ദ്രസര്‍ക്കാര്‍ ബിൽ അവതരണത്തില്‍ നിന്ന് പിന്നോട്ടുപോകരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു.