"നിരപരാധിത്വം തെളിയിക്കും, പാർട്ടി നടപടിയിൽ ദുഖമുണ്ട്"; എൽദോസ് കുന്നപ്പിള്ളിൽ
|ആറ് മാസത്തേക്കാണ് എംഎൽഎയെ സസ്പെൻഡ് ചെയ്തിരിക്കുന്നത്
തിരുവനന്തപുരം: ബലാത്സംഗക്കേസിൽ കെപിസിസിയുടെ അച്ചടക്ക നടപടിക്ക് വിധേയനായതിൽ പ്രതികരണവുമായി എൽദോസ് കുന്നപ്പള്ളിൽ എംഎൽഎ. ദുഃഖമുണ്ടെന്നും പാർട്ടി നടപടി അംഗീകരിക്കുന്നുവെന്നും എംഎൽഎ മീഡിയാ വണ്ണിനോട് പറഞ്ഞു.
'ഞാൻ അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനാണ്. പാർട്ടിയുടെ നടപടിയിൽ ദുഖമുണ്ടെങ്കിലും പൂർണമായും അംഗീകരിക്കുന്നു. ഒരു കുറ്റവും ഞാൻ ചെയ്തിട്ടില്ല. നിരപരാധിത്വം പൊതുസമൂഹത്തിലും പാർട്ടിയിലും തെളിയിക്കും. കുറ്റമറ്റ രീതിയിൽ സംഘടനാ പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകുന്ന പ്രസ്ഥാനമാണ് കോൺഗ്രസ്. ആരോപണമുണ്ടാകുമ്പോൾ പാർട്ടി പ്രവർത്തകരെ മാറ്റിനിർത്തി പാർട്ടിയുടെ അന്തസും യശസ്സും ഉയർത്തുക എന്നത് പാർട്ടിയുടെ ഉത്തരവാദിത്തമാണ്. ആ രീതിയിൽ പാർട്ടി പ്രവർത്തനത്തിന്റെ ഭാഗമായ നടപടി അംഗീകരിക്കുന്നു'; എൽദോസ് കുന്നപ്പിള്ളിൽ പറഞ്ഞു. നൽകിയ വിശദീകരണം തൃപ്തികരമല്ലെങ്കിൽ വീണ്ടും മറുപടി നൽകാൻ തയ്യാറാണെന്നും എംഎൽഎ വ്യക്തമാക്കി.
എം.എൽ.എയെ കെ.പി.സി.സി അംഗത്വത്തിൽ നിന്നാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. ആറ് മാസത്തേക്കാണ് സസ്പെൻഷൻ. കെ.പി.സി.സിയുടെ എല്ലാ ചുമതലകളിൽ നിന്നുമാണ് നീക്കിയത്. ആറ് മാസത്തേക്ക് കെ.പി.സി.സി, ഡി.സി.സി പരിപാടികളിൽ പങ്കെടുക്കരുതെന്നും നിർദ്ദേശമുണ്ട്. എം.എൽ.എയ്ക്കെതിരായ തുടര്‍ നടപടികള്‍ കോടതി വിധിക്ക് ശേഷം ഉണ്ടാകുമെന്നാണ് കെപിസിസിയുടെ അറിയിപ്പ്.