Kerala
Will resolve the complaint of non-receipt of emergency funding Says Minister Rajan
Kerala

മുണ്ടക്കൈ ദുരന്തം: അടിയന്തര ധനസഹായം ലഭിച്ചില്ലെന്ന പരാതി പരിഹരിക്കുമെന്ന് മന്ത്രി കെ. രാജൻ

Web Desk
|
30 Aug 2024 4:15 AM GMT

മീഡിയവണിന്റെ 'ജീവിതം മുന്നോട്ട്' പ്രത്യേക പരിപാടിയിലാണ് മന്ത്രിയുടെ പ്രതികരണം.

കോഴിക്കോട്: മുണ്ടക്കൈ ദുരന്തത്തിന്റെ ഇരകൾക്ക് അടിയന്തര ധനസഹായം ലഭിച്ചില്ലെന്ന മീഡിയവൺ വാർത്തയിൽ ഇടപെട്ട് മന്ത്രി. പരാതി ഉടൻ പരിഹരിക്കുമെന്ന് മന്ത്രി കെ. രാജൻ പറഞ്ഞു. വിവരങ്ങൾ നൽകിയാൽ 24 മണിക്കൂറിനകം ഇടപെടലുണ്ടാവും. മീഡിയവണിന്റെ 'ജീവിതം മുന്നോട്ട്' പ്രത്യേക പരിപാടിയിലാണ് മന്ത്രിയുടെ പ്രതികരണം.

822 പേർക്ക് 10,000 രൂപ വീതം നൽകി, 1309 പേർക്ക് 300 രൂപ വീതം നൽകി, പരിക്കേറ്റവർക്ക് ആവശ്യമായ സഹായങ്ങളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് നൽകുന്നുണ്ട്. ഇനി രാജ്യത്തിന് മാതൃകയാവുന്ന രീതിയുള്ള പുനരധിവാസ പ്രവർത്തനങ്ങൾ വയനാട്ടിൽ നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.

1000 സ്‌ക്വയർ ഫീറ്റിന്റെ ഒറ്റനില വീടാണ് ദുരിതബാധിതർക്ക് നൽകാൻ ഉദ്ദേശിക്കുന്നത്. ഭാവിയിൽ രണ്ടാംനില കൂടി പണിയാൻ പറ്റുന്ന രീതിയിലായിരിക്കും തറ നിർമിക്കുക. ദുരിതബാധിതരുമായി സംസ്ഥാന ചീഫ് സെക്രട്ടറി നേരിട്ട് സംസാരിച്ചാണ് പദ്ധതി തയ്യാറാക്കിയത്. സർവകക്ഷി യോഗം വിളിച്ച് എല്ലാ രാഷ്ട്രീയപ്പാർട്ടികളുടെയും അഭിപ്രായം തേടി. സഹായം ചെയ്യാൻ തയ്യാറുള്ള എല്ലാവരുമായും സംസാരിച്ച് സമഗ്രമായ പദ്ധതി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

Similar Posts