Kerala
ഉമ്മൻ ചാണ്ടിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത് പിണറായി. സോളാർ കേസ് പോലെ സ്വർണക്കടത്ത് കേസും സിബിഐക്ക് വിടുമോ?: വി.ഡി സതീശൻ
Kerala

ഉമ്മൻ ചാണ്ടിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത് പിണറായി. സോളാർ കേസ് പോലെ സ്വർണക്കടത്ത് കേസും സിബിഐക്ക് വിടുമോ?: വി.ഡി സതീശൻ

Web Desk
|
28 Jun 2022 10:32 AM GMT

'ഭരണപക്ഷം സ്വപ്ന സുരേഷിന്റെ വിശ്വാസ്യതയെ കുറിച്ച് പറയുമ്പോൾ ചിരിക്കേണ്ടി വരും'

തിരുവനന്തപുരം: സ്വർണക്കടത്ത് സഭയിൽ ചർച്ച ചെയ്യാൻ ഭരണപക്ഷം നിർബന്ധിതരായെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സ്വന്തം പ്രിൻസിപ്പൾ സെക്രട്ടറി എങ്ങോട്ട് പോകുന്നുവെന്ന് പോലും മുഖ്യമന്ത്രി അറിഞ്ഞില്ല. സോളാർ കേസ് സിബിഐക്ക് വിട്ടതു പോലെ സ്വർണക്കടത്ത് കേസും സിബിഐക്ക് വിടണമെന്ന് സതീശൻ പറഞ്ഞു.

സരിതയെ വിളിച്ചു വരുത്തി പരാതി വാങ്ങി ഉമ്മൻ ചാണ്ടിക്കെതിരെ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടയാളാണ് മുഖ്യമന്ത്രി. ഇപ്പോൾ ജലീൽ സ്വപ്നയ്‌ക്കെതിരെ കൊടുത്ത കേസിലെ സാക്ഷി സരിത. ഭരണപക്ഷം സ്വപ്ന സുരേഷിന്റെ വിശ്വാസ്യതയെ കുറിച്ച് പറയുമ്പോൾ ചിരിക്കേണ്ടി വരുമെന്ന് സതീശൻ പരിഹസിച്ചു.

ഒരേ കേസിലെ രണ്ടു പ്രതികൾക്ക് രണ്ട് നീതി. തനിക്ക് അനുകൂലമായി പുസ്തകമെഴുതിയ ശിവ ശങ്കറിനെ മുഖ്യമന്ത്രി സംരക്ഷിച്ചു. എന്നാൽ തന്റെ ഓഫീസിൽ നിരന്തരം കയറി ഇറങ്ങാൻ സ്വാതന്ത്ര്യമുള്ള സ്വപ്‌നയുടെ സ്ഥിതിയോ... എന്തുകൊണ്ടാണ് മുഖ്യമന്ത്രി നിയമ വഴി സ്വീകരിക്കാത്തതെന്ന് സതീശൻ ചോദിച്ചു.

സോളാർ കേസിൽ നിങ്ങൾ ചെയ്ത തെറ്റ് ഓർക്കണം. ഉമ്മൻ ചാണ്ടിയെ അപമാനിച്ചതിന് കാലം കണക്കു ചോദിക്കുകയാണ്. രണ്ട് എ.ഡി.ജി.പിമാർ ഷാജ് കിരണുമായി ചർച്ച നടത്തിയില്ലേ.. എം.ആർ അജിത് കുമാറും വിജയ് സാഖറെയും സംസാരിച്ചത് മൂന്ന് മണിക്കൂർ. കേന്ദ്ര ഏജൻസികളുടെ കാര്യത്തിൽ പ്രതിപക്ഷത്തിന് ഒരേ നിലപാടാണെന്ന് സതീശൻ കൂട്ടിച്ചേർത്തു.

അതിനിടെ സ്വപ്‌നയുടെ അഭിഭാഷകൻ തന്റെ സഹപാഠിയാണെന്നും കൃഷ്ണ രാജും താനും ലോ കൊളേജിൽ ഒരേ ബാച്ചായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഭരണപക്ഷത്തിന്റെ ഭീതിയാണ് സ്വർണക്കടത്തിന് വിശ്വാസ്യത ഉണ്ടാക്കിയതെന്നും സോളാർ കേസ് പോലെ സ്വപ്നയുടെ പരാതിയിൽ സിബിഐ അന്വേഷണം കൊണ്ടു വരുമോ എന്നും അദ്ദേഹം ചോദിച്ചു. അതേസമയം മുഖ്യമന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിച്ചില്ലെന്നും പൊട്ടക്കിണറ്റിലെ തവളയെ പോലെയാവരുത് മുഖ്യമന്ത്രി എന്നാണ് പറഞ്ഞതെന്നും സതീശൻ പ്രതികരിച്ചു.

Similar Posts