'ആരോഗ്യ പ്രശ്നമുണ്ടെങ്കിലും യാത്രചെയ്യും, തല്ലിക്കൊന്നാലും ചാകില്ല'; വൈദ്യ പരിശോധനയ്ക്ക് ശേഷം പി.സി ജോർജ്
|ബിജെപി നേതാക്കൾ സ്റ്റേഷനിൽ നേരിട്ട് എത്തി ജോർജിന് പിന്തുണ അറിയിക്കുകയും, മുദ്രാവാക്യം വിളികളുമായി സ്റ്റേഷൻ വളയുകയും ചെയ്തു
ആരോഗ്യ പ്രശ്നമുണ്ടെങ്കിലും യാത്ര ചെയ്യുമെന്നും തല്ലിക്കൊന്നാലും ചാകില്ലെന്നും പി.സി ജോർജ്. വൈദ്യ പരിശോധനയ്ക്ക് ശേഷമായിരുന്നു പി.സി ജോർജിന്റെ പ്രതികരണം. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം റദ്ദാക്കിയതിനു പിന്നാലെയായിരുന്നു വെണ്ണലയിലെ വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട് പാലാരിവട്ടം സ്റ്റേഷനിൽ പിസി ജോർജ് ഹാജരായത്.
അത്യന്തം നാടകീയമായിരുന്നു പിസി ജോർജിന്റെ ചോദ്യം ചെയ്യലും, അറസ്റ്റ് നടപടികളും. വെണ്ണലയിൽ നടത്തിയ വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട് പാലാരിവട്ടം സ്റ്റേഷനിൽ ഹാജരായപ്പോഴും, തുടർന്ന് തിരുവനന്തപുരതേക്കുള്ള യാത്രയിലും പിസി ജോർജിന്റെ മുഖത്ത് ആത്മവിശ്വാസം നിറഞ്ഞു നിന്നു.
ബിജെപി നേതാക്കൾ സ്റ്റേഷനിൽ നേരിട്ട് എത്തി ജോർജിന് പിന്തുണ അറിയിക്കുകയും, മുദ്രാവാക്യം വിളികളുമായി സ്റ്റേഷൻ വളയുകയും ചെയ്തു. തുടർന്ന് ഡിസിപിയുടെ വാഹനത്തിൽ പാലാരിവട്ടം സ്റ്റേഷനിൽ നിന്നു പി.സിയെ എറണാകുളം എ.ആർ. ക്യാംപിലെത്തിച്ചു. മൂന്ന് മണിക്കൂറോളമാണ് വെണ്ണലയിലെ വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യൽ നീണ്ടത്.
തുടർന്ന് കേസിൽ അറസ്റ്റും രേഖപ്പെടുത്തി. ഇതിനിടെ തിരുവനന്തപുരം ഫോർട്ട് സിഐയുടെ നേതൃത്വത്തിൽ ഉള്ള പോലീസ് സംഘം വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട് പിസിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കസ്റ്റഡിയിൽ എടുക്കാൻ കൊച്ചിയിൽ എത്തിയിരുന്നു. 8 മണിയോടെ പിസിയെയും കൊണ്ടു എആർ ക്യാമ്പ് വിട്ട പോലീസ് സംഘം, തുടർന്ന് പോയത് വൈദ്യപരിശോധനയ്ക്കായി എറണാകുളം ജനറൽ ആശുപത്രിയിലേക്ക്.
രക്ത സമ്മർദത്തിൽ വ്യതിയാനം കണ്ടതിനെ തുടർന്ന് ഡോക്ടർമാർ ഒരു മണിക്കൂർ നിരീക്ഷണത്തിൽ കഴിയാൻ ആവശ്യപ്പെട്ടു. രാവിലെ മുതൽ രക്ത സമ്മർദത്തിൽ വ്യതിയാനം ഉണ്ടായിരുന്നു എന്നും, മെഡിക്കൽ റിപ്പോർട്ട് കൈമാറിയെന്നും മകൻ ഷോൺ ജോർജ് അറിയിച്ചതോടെ, ആശുപത്രിയിൽ തുടരുമെന്ന പ്രതീതി ജനിച്ചെങ്കിലും, 9.30 ഓടെ ഡോക്ടർമാരുടെ നിർദേശത്തോടെ പിസിയെയും കൊണ്ട് തിരുവനന്തപുരത്തേക്കുള്ള യാത്ര തുടർന്നു ഫോർട്ട് പോലീസ്. വിദ്വേഷ പരാമർശത്തിൽ ഉറച്ചുനിൽക്കുന്നുണ്ടോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് കോടതിയുടെ വിലക്ക് ഉള്ളതിനാൽ മിണ്ടുന്നില്ലെന്നായിരുന്നു പിസി നൽകിയ മറുപടി